2012-08-04 13:15:39

ജീവിതത്തിന്‍റെ ഉറ കെട്ടുപോകാതിരിക്കട്ടെ!
5 ആഗസ്റ്റ് (മലങ്കര റീത്ത്)


RealAudioMP3
മാര്‍ക്കോസ് 9, 42-50
ദുഷ്പ്രേരണകള്‍ നല്കാതിരിക്കുക. ഉപ്പായി ജീവിക്കുക.
പെന്തക്കോസ്തയ്ക്കുശേഷം 10-ാം ഞായര്‍

കേരളത്തിന്‍റെ സാമൂഹ്യ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച ഒരു സംഭവത്തിന്‍റെ ഞെടുക്കത്തില്‍നിന്നും നാം വളരെ അകലെയല്ല. നാടിന്‍റ നെല്ലറയെന്ന് ഒരുനാള്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന കുട്ടനാട്ടില്‍ 2012
മെയ് 10-ാം തിയതി 15 വയസ്സുകാരന്‍ വിദ്യാര്‍ത്ഥി തന്‍റെ സഹപാഠിയുടെ കഴുത്തറുത്ത കൊന്ന സംഭവം ഓര്‍ക്കുന്നില്ലേ. 10-ാം ക്ലാസ്സിന് ഒരുക്കമായുള്ള അവധിക്കാല ക്ലാസ്സുകളില്‍ സംബന്ധിച്ചിരുന്ന സഹപാഠിയെ പട്ടാപ്പകലാണ് സ്ക്കൂള്‍ വളപ്പിന്‍റെ ഒഴിഞ്ഞ മൂലയില്‍ കൊണ്ടുപോയി വകവരുത്തിയത്. വിദ്യാലയത്തിന്‍റെ പശ്ചാത്തലത്തില്‍ സംഭവിച്ച ഒരു ചെറിയ വ്യക്തിവഴക്ക് ഉള്ളില്‍ വളര്‍ത്തിയ പകയുടേയും വൈരാഗ്യത്തിന്‍റെയും കലാശക്കൊട്ടായിരുന്നു 14 വയസ്സുകാരന്‍ വിപിന്‍റെ ദാരുണമായ കൊലപാതക കാരണം. ഒറ്റപ്പെട്ടൊരു സംഭവമായി ഇതിനെ തള്ളിക്കളയാമെങ്കിലും കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അനുദിനം വളര്‍ന്നു വരുന്ന അധിക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പ്രതിഫലനമല്ലേ ഇത്.

ഉപ്പിനു ഉറകെട്ടുപോയാല്‍, പിന്നെ എന്തുകൊണ്ട് അതിന് ഉറകൂട്ടും? വാതം മാറ്റേണ്ട കുറുന്തോട്ടിക്കുതന്നെ വാതം പിടിച്ചാല്‍ പിന്നെന്തു ചെയ്യും? ഇന്നത്തെ സുവിശേഷ ഭാഗത്ത് ക്രിസ്തു ഒരു ശിശുവിനെ എടുത്ത് ജനമദ്ധ്യേ നിര്‍ത്തിക്കൊണ്ട് പറഞ്ഞു, ഇതുപോലുള്ള ശിശുവിനെ, ചെറിയവരെ എന്‍റെ നാമത്തില്‍ സ്വീകിരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. സമൂഹത്തിലെ ഏറ്റവും ബലഹീനമായ, എളുപ്പത്തില്‍ മുറിപ്പെടാവുന്നവരായ വ്യക്തികളെയാണ് ഇവിടെ ‘ശിശു’ എന്ന്, അല്ലെങ്കില്‍ ‘ചെറിയവര്‍’ എന്ന പ്രയോഗംകൊണ്ട് ക്രിസ്തു അര്‍ത്ഥമാക്കുന്നത്. ഏറ്റവും നിസ്സഹായനായവനെയും അധികാരമില്ലാത്തവനെയും പരിചിരിക്കുന്നതാണ് സ്നേഹശുശ്രൂഷ. അതിനു കടകവിരുദ്ധമായി അവരെ തിന്മയ്ക്കു പ്രേരിപ്പിക്കുന്നതും ചൂഷണംചെയ്യുന്നതും പൈശാചികമാണ്. അത് അക്ഷന്തവ്യമായ തിന്മയാണെന്നും ക്രിസ്തു പ്രസ്താവിക്കുന്നു.

മര്‍ക്കോസ് 9, 38-41
സുവിശേഷത്തില്‍ ക്രിസ്തു ഉപയോഗിക്കുന്ന, ‘ശിശു’ അല്ലെങ്കില്‍ ‘ചെറിയവര്‍’ എന്ന പ്രയോഗം നമുക്ക് ‘എതിരല്ലാത്ത’ ഏതൊരു വ്യക്തിയെയും കുറിച്ചാകാം. ക്രിസ്തുവിനെ അനുഗമിക്കാത്ത കാരണത്താല്‍, ആരേയും നാം തടയരുത്. അവിടുന്നു പറഞ്ഞത്, അവരെ തടയേണ്ടാ! നമുക്ക് എതിരല്ലാത്തവര്‍ നമ്മുടെ പക്ഷത്താണ്.

ഇന്നത്തെ മതമൗലികവാദം ഇതാണ്. എന്‍റെ മതത്തില്‍ പെടാത്തവരൊക്കെ എനിക്ക് എതിരാണ്
എന്ന ചിന്ത. ‘നമുക്ക് എതിരല്ലാത്തവര്‍’ ചെറിയവരാണ് എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്.
ഈ ചെറിയവര്‍ക്ക് നാം ഇടര്‍ച്ച കൊടുക്കരുത്. മതവിശ്വാസത്തിന്‍റെ കാര്യത്തില്‍ മാത്സര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് ഇതിനര്‍ത്ഥം. മറ്റുള്ളവര്‍ക്ക് ശല്യാമാകുന്ന വിധത്തിലാവരുത് ഒരിക്കലും മതാചാരങ്ങള്‍. ദേവാലയങ്ങളുടെ ശബ്ദധോരണികള്‍ മറ്റുള്ളവരെ അലോസരപ്പെടുത്തുന്നുണ്ടോ? പള്ളി പ്രസംഗങ്ങളും പള്ളിപ്പാട്ടിന്‍റെ അടിപൊളി ശബ്ദസംവിധാനങ്ങളുമൊക്കെ അയല്‍ക്കാര്‍ക്ക് അശാന്തിക്കു കാരണമാകുന്നുണ്ടോ? കരിസ്മാറ്റിക്ക് ഗ്രൂപ്പുകളുടെ സ്തോത്രാലപനവും അല്ലേലൂയാ പ്രഘോഷണവും എത്രത്തോളം ശബ്ദമലിനീകരണമാകുന്നുണ്ട്, എന്നെല്ലാം വിലയിരുത്തേണ്ടതാണ്. മതം ജീവിക്കാനും പ്രചരിപ്പിക്കാനും വിശ്വാസിക്ക് അവകാശമുള്ളതുപോലെ, ആ മതത്തില്‍ വിശ്വസിക്കാത്തവന് ശാന്തമായി ഉറങ്ങാനും ജീവിക്കാനും അവകാശമില്ലേ? മറ്റുള്ളവര്‍ക്ക് ഇടര്‍ച്ച കൊടുക്കരുതെന്ന് യേശു പഠിപ്പിക്കുന്നു. വിശ്വാസം അടിച്ചേല്‍പ്പിക്കാനുള്ളതല്ല. പള്ളി പാട്ടും പ്രസംഗങ്ങളും പള്ളിയിലും അതിന്‍റെ പരിസരത്തും ഒതുങ്ങി നില്ക്കണം. അത് അടുത്ത അങ്ങാടിയിലും അടുത്ത പള്ളിവരെയും ക്ഷേത്രംവരെയ്ക്കും കേല്പിക്കണമെന്നത് സമൂഹത്തിന്‍റെ സഭ്യത ലംഘിക്കുന്ന വസ്തുതയാണ്. മതഭ്രാന്തുകൊണ്ടാണ് ഇന്ന് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്.

“ഉപ്പിന്‍റെ ഉറകെട്ടുപോയാല്‍ പിന്നെ എന്തുകൊണ്ട് അതിന്‍റെ ഉറകൂട്ടും.
നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ. പരസ്പരം സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍.”
മാര്‍ക്കോസ് 9, 50. എന്താണ് ക്രിസ്തു ശിഷ്യത്വത്തിന്‍റെ ഉപ്പും ഉറയും? നല്ലതും കളയും ഒരുമിച്ചു വളരട്ടെ എന്നതായിരുന്നു ക്രിസ്തുവിന്‍റെ മനോഭാവം (മത്തായി 13, 30). വിജാതീയ സ്ത്രീയുടെ വിശ്വാസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, “സ്ത്രീയേ, നിന്‍റെ വിശ്വാസം വലുതാണ്,” എന്നു പറഞ്ഞ അവിടുത്തെ മഹാമനസ്ക്കത ഉപ്പും ഉറയുമാണ്! മറ്റുള്ളവരുടെ സ്വാതന്ത്ര്യവും മതവിശ്വാസവും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ക്രിസ്തുവിന്‍റെ സ്നേഹമാണ് ഉപ്പും ഉറയും.
അത് മറ്റുള്ളവരെ, മറ്റു മതസ്തരേയും എല്ലാവരെയും ബഹുമാനിക്കുന്നതാണ്. ഓരോ മനുഷ്യനും ഈശ്വരനാണ്, ദൈവമാണ് എന്നു കണക്കാക്കി ശുശ്രൂഷിക്കുകയാണ് ഈ ശിഷ്യത്വത്തിന്‍റെ ഉപ്പും ഉറയും. ഇതുകെട്ടുപോയാല്‍ എന്തുചെയ്യും? പതിനഞ്ചു വയസ്സുകാരനെ സമപ്രായക്കാരന്‍ കൊലപ്പെടുത്തിയതുപോലെ നമ്മെ അനുഗമിക്കാത്തവരെയൊക്കെ ഉപദ്രവിക്കുകയും ഉന്മൂലന ചെയ്യുന്ന മനോഭാവം നമ്മിലും കടന്നുകൂടും.

സ്വന്തം ആന്തരിക സാദ്ധ്യതകളെ വെളിപ്പെടുത്താനും ബലപ്പെടുത്താനുമാണ് ഗുരുക്കന്മാര്‍ നമ്മോടൊപ്പം സഞ്ചരിക്കാന്‍ മനസ്സായിട്ടുള്ളത്. പുറം ലോക കാഴ്ചകളില്‍ കുരുങ്ങിപ്പോയ നമ്മള്‍ കാണാതെപോയ ഉള്ളിലെ ചക്രവാളങ്ങളിലേയ്ക്ക് നടന്നടുക്കുവാന്‍ ദിവ്യഗുരുവായ ക്രിസ്തു സ്നേഹത്തോടെ നമ്മോട് സംവദിക്കുകയും കലഹിക്കുകയും ചെയ്യുകയാണ്. അത്തരം ഒരു ഗുരുമൊഴിയാണ് നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്, ലവണമാണ് എന്നുള്ളത്. ലാവണ്യം നിറഞ്ഞ ആ വാക്കുകളുടെ സൂചനകള്‍ ശ്രദ്ധേയമാണ്.
ശുദ്ധിയുടെ പര്യായമാണ് ഉപ്പ്. സൂര്യന്‍റെ താപം രൂപപ്പെടുത്തുന്ന കടല്‍ ജലത്തിലെ ഏറ്റവും നിര്‍മ്മലമായ ഘടകമാണ് ഉപ്പ്. വെള്ളം ശുദ്ധീകരിക്കുന്നതിനുവേണ്ടി ഉപ്പ് ഉപയോഗിക്കുന്നുണ്ട്. ആരാധനക്രമത്തിലെ തീര്‍ത്ഥജലത്തില്‍ ഉപ്പു കലര്‍ത്തി മാലിന്യം നീക്കിയാണ് ഉപോയോഗിക്കുന്നത്. അശുദ്ധിയുടെയും അശാന്തിയുടെയും കാലത്ത് ഓരോരുത്തരും പുലര്‍ത്തേണ്ട നൈര്‍മ്മല്യത്തിന്‍റെ പാഠമാണിത്. ലോകത്തില്‍നിന്നും മാറി നടക്കാനല്ല, ‘ലോകത്തിന്‍റെ അശുദ്ധികളില്‍നിന്നും മാറിനടക്കാനാണ്’ ക്രിസ്തു ആവശ്യപ്പെടുന്നത്.

പാര്‍ട്ടിക്കാര്‍ സ്വന്തമാക്കുന്നതുവരെ, ഭാരതീയ ആത്മീയതയുടെ അടയാളമായിരുന്നു താമര. അതിന്‍റെ വേരുകളൊക്കെ ചേറിലാണ്. എന്നിട്ടും ഒരു സുപ്രഭാതത്തില്‍ ചേറിനു മുകളിലായി സഹസ്രദളങ്ങളുമായി ഒരു പൂവിരിയുന്നു. പുലരിമഞ്ഞിന്‍റെ തുള്ളികള്‍ ആ പൂവിന്‍റെ ദളങ്ങളില്‍ നിറഞ്ഞു നില്ക്കുന്നത് സ്നേഹം പോലെയാണ്, കരുണപോലെയാണ്. ജീവിത സാഹചര്യങ്ങളെ പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഭൂമിയിലുള്ള മുഴുവന്‍കോടി മനുഷ്യരും ദൈവത്തില്‍ വിശ്വസിക്കുന്നതിനെക്കാള്‍, ദൈവം ഓരോ മനുഷ്യനെയും വിശ്വസിക്കുന്നുണ്ട് എന്നു ചിന്തിക്കുന്നതാണ് നല്ലത്. പുറത്തുനിന്നും വരുന്ന ഒന്നിനും എന്നെ അശുദ്ധനാക്കാനാവില്ല. ചിലപ്പോള്‍ പറയാറില്ലേ, ദാരിദ്ര്യംകൊണ്ട് അയാള്‍ തിന്മചെയ്തു. ദാരിദ്ര്യംകൊണ്ടാണ്, കഷ്ടപ്പാടുകൊണ്ടാണ്. തിന്മചെയ്തവരാണോ കൂടുതല്‍, അതോ ദാരിദ്ര്യത്തില്‍ ജീവിക്കുമ്പോഴും ഇടറിപ്പോകാത്തവരോ ? രണ്ടാമത്തെ കൂട്ടര്‍ തന്നെ.

പല സംസ്ക്കാരങ്ങളുടെയും ആദ്യത്തെ മരുന്നാണ് ഉപ്പ്. മുറിവുണക്കാനും ഇന്നു നമ്മള്‍ ഉപ്പ് ഉപോയിഗിക്കുന്നുണ്ടല്ലോ. ക്ഷതങ്ങള്‍ ഏറ്റ ഒരു കാലത്തെയും സമൂഹത്തെയുമാണ് ഓരോ നിമിഷവും നമ്മള്‍ അഭിമുഖീകരിക്കുന്നത്. മുറിവുണക്കുകയാണ് എന്‍റെ ധര്‍മ്മം. വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും മുറിപ്പെട്ടവരെക്കാള്‍ അവഗണനകൊണ്ടും ഉപേക്ഷകൊണ്ടും മനുഷ്യര്‍ എത്രയോമടങ്ങ് മുറിവേല്‍ക്കപ്പെടുന്ന ഭൂമിയാണ് ഇത്.

ഇനി ജീര്‍ണ്ണിക്കാതിരിക്കാനാണ് ഉപ്പുപയോഗിക്കുന്നത്. നമ്മുടെ പഴയ ഉപ്പുമാങ്ങാ ഭരണികള്‍ ഓര്‍മ്മയില്ലേ. സമൂഹമോ വീടോ വ്യക്തിയോ ഒക്കെ ജീര്‍ണ്ണിക്കാതിരിക്കുന്നതിനു എന്‍റെ സാന്നിദ്ധ്യം സഹായകമാകുമോ, എന്നു ചിന്തിക്കണം.

ഒരു നുള്ള് ഉപ്പ് എല്ലാ ഭക്ഷൃപദാര്‍ത്ഥങ്ങളുടെയും രുചി വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്‍റെ സാന്നിദ്ധ്യം എനിക്കു ചുറ്റുമുള്ള കാലത്തെ സമൂഹത്തെ മെച്ചപ്പെടുത്തുന്നുണ്ടോ. കഞ്ഞിയില്‍ ഒരു നുള്ള് ഉപ്പുപോലെ, ചില ജീവിതത്തില്‍ നന്മ അലിഞ്ഞുചേരുന്നു. നന്മയുടെ പ്രായോക്താക്കള്‍ വേറിട്ട് നില്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ എല്ലായിടത്തും എപ്പോഴും നിറഞ്ഞുനില്ക്കുന്നു.

ആഴമുള്ള അനുഭവത്തില്‍നിന്നാണ് ഉപ്പ് രൂപപ്പെടുന്നത്. പ്രാര്‍ത്ഥനയില്‍ നിന്നുതിരുന്ന കണ്ണുനീര്‍ത്തുള്ളികള്‍, അദ്ധ്വാനത്തില്‍നിന്നും വീഴുന്ന വിയര്‍പ്പ്, സമൂഹ്യപശ്ചാത്തലത്തില്‍ ചിന്തപ്പെടുന്ന രക്തസാക്ഷികളുടെ നിണം... ഇവയിലൊക്കെ നന്മയുടെ ഉപ്പുണ്ട്. ഈ ഉപ്പിന്‍റെ ഉറകെടാതെ സൂക്ഷിക്കണം. ശുദ്ധിയില്ലാത്ത, സൗഖ്യം പകരാത്ത, സംരക്ഷിക്കാത്ത, രുചി പകരാനാവാത്ത, ആഴമുള്ള അനുഭവംവച്ചു മാറാത്ത, സ്നേഹമില്ലാത്ത ജീവിതങ്ങള്‍ നിശ്ചയമായും ചവിട്ടി അരയ്ക്കപ്പെടുമെന്ന് ഈശോ പറയുന്നു. കാരണം അത് ഉറകെട്ട ഉപ്പാണ്. മനുഷ്യന്‍റെ മനസ്സുകളില്‍ അത്തരം ഒരാള്‍ക്ക് ഇടമുണ്ടാവുകയില്ല. മനുഷ്യന്‍റെ മനസ്സില്‍ ഇടമില്ലാത്ത ഒരാള്‍ക്കു ദൈവത്തിന്‍റെ പദ്ധതിയില്‍ ഇടമുണ്ടാകണമെന്ന് ആര്‍ക്കു ശഠിക്കാനാവും! മറ്റുള്ളവരാല്‍ അവര്‍ ചവിട്ടി അരയ്ക്കപ്പെടുക തന്നെ ചെയ്യും.

ഓരോരുത്തരില്‍നിന്നും പ്രതീക്ഷിക്കപ്പെടുന്ന ചില നന്മകള്‍ ഉണ്ട് : ദൈവം പ്രതീക്ഷിക്കന്നതും,
മനുഷ്യര്‍ പ്രതീക്ഷിക്കുന്നതും. അതു നല്‍കുവാന്‍‍ ആയുസ്സുകൊണ്ടു സാധിച്ചില്ലെങ്കില്‍ ജീവിതം പരാജയപ്പെടുകയാണ്. പിന്നെ ആരുടെയും ഓര്‍മ്മകളില്‍ അയാള്‍ക്ക് ഇടമില്ലാതായി മാറുന്നു. ആരും കരയാനില്ലാത്ത ലാസറിനെ ഉയര്‍പ്പിക്കാന്‍ ക്രിസ്തുവിനും താത്പര്യമുണ്ടാവില്ല.









All the contents on this site are copyrighted ©.