2012-08-03 16:20:53

വിശ്വാസ വത്സരത്തില്‍ മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനത്തിനു സാധ്യത


03 ആഗസ്റ്റ് 2012, ഇറ്റലി
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പുതിയ പുസ്തകം നസ്രായനായ യേശു - മൂന്നാം വാല്യം വിശ്വാസവത്സരത്തിന്‍റെ അമൂല്യ സമ്മാനമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ. യേശുവിന്‍റെ ശൈശവകാലത്തെക്കുറിച്ചു പ്രതിപാദിക്കുന്ന മൂന്നാം വാല്യം മാര്‍പാപ്പ പൂര്‍ത്തികരിച്ചെന്ന് പരിശുദ്ധസിംഹാസനം ആഗസ്റ്റ് 2-ാം തിയതി വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന വിശ്വാസവത്സരത്തില്‍ ഈ ഗ്രന്ഥം അനുവാചകര്‍ക്ക് ആസ്വാദ്യകരമായ വായന സമ്മാനിക്കുമെന്നും വാല്ലേ ദെ ഔസ്ത്ത എന്ന സ്ഥലത്ത് വേനല്‍ക്കാല വിശ്രമത്തിനെത്തിയ കര്‍ദിനാള്‍ ബെര്‍ത്തോണെ അഭിപ്രായപ്പെട്ടു.
വിശ്വാസവത്സരത്തില്‍ മാര്‍പാപ്പ പുതിയ ചാക്രിക ലേഖനം പ്രസിദ്ധീകരിക്കാന്‍ സാധ്യതയുണ്ടെന്നും തദവസരത്തില്‍ കര്‍ദിനാള്‍ ബെര്‍ത്തോണെ വെളിപ്പെടുത്തി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനമായിരിക്കുമത്. ദൈവം സ്നേഹമാകുന്നു (Deus caritas est, 2005), പ്രത്യാശയില്‍ രക്ഷ (Spe salvi, 2007), സത്യത്തില്‍ സ്നേഹം (Caritas in veritate, 2009) എന്നിവയാണ് മാര്‍പാപ്പ ഇതുവരെ പ്രസിദ്ധീകരിച്ച ചാക്രിക ലേഖനങ്ങള്‍.








All the contents on this site are copyrighted ©.