2012-08-03 16:21:17

ഒളിംപിക്സ് നഗരത്തില്‍ നിത്യാരാധന


03 ആഗസ്റ്റ് 2012, ലണ്ടന്‍
ഒളിംപ്ക്സ് മേളയോടനുബന്ധിച്ച് ലണ്ടന്‍ നഗരത്തിലെ ദേവാലയങ്ങളില്‍ നിത്യാരാധാന ആരംഭിച്ചു. ആഗസ്റ്റ് 1ാം തിയതി ബുധനാഴ്ച ഒളിംപ്ക്സ് ഗ്രാമത്തിനു സമീപത്തുള്ള സെന്‍റ് ഫ്രാന്‍സീസ്സ് അസ്സീസി ദേവാലയത്തിലാണ് ദിവ്യകാരുണ്യാരാധനയ്ക്കു തുടക്കം കുറിച്ചത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 6 മണിവരെ സെന്‍റ് ഫ്രാന്‍സീസ്സ് അസ്സീസി ദേവാലയത്തിലും വൈകീട്ട് 6 മണി മുതല്‍ രാവിലെ 9 മണിവരെ ഈസ്റ്റ് എന്‍ഡിലെ മറ്റൊരു ഇടവക ദേവാലയത്തിലുമാണ് ദിവ്യകാരുണ്യാരാധനയ്ക്കു സൗകര്യമൊരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര കായികമേളയോടനുബന്ധിച്ച് 200 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം കായിക താരങ്ങള്‍ക്കും 5 ദശലക്ഷത്തിലേറെ സന്ദര്‍ശകര്‍ക്കും ലണ്ടന്‍ ആതിത്ഥ്യം വഹിക്കുന്നുണ്ട്. കായിക താരങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ള അജപാലന ശുശ്രൂഷയുടെ ഭാഗമായാണ് ദിവ്യകാരുണ്യാരാധനയെന്ന് സ്ട്രാറ്റ്ഫോര്‍ഡിലെ ഫ്രാന്‍സിസ്ക്കന്‍ സമൂഹാംഗം ഫാ.ഫ്രാന്‍സിസ് കോണ്‍വോയ് പറഞ്ഞു. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, കൊളംബിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വൈദികരും ഈസ്റ്റ് എന്‍ഡിലെ ദേവാലയങ്ങളിലെ അജപാലന ശുശ്രൂഷയില്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കായിക താരങ്ങളുടേയും സന്ദര്‍ശകരുടേയും ആത്മീയാവശ്യങ്ങള്‍ എന്താണെന്ന് ഊഹിക്കാന്‍ സാധ്യമല്ല. ഉദാഹരണമായി തലേന്നാള്‍ പോര്‍ത്തോറിക്കയിലെ മെത്രാപ്പോലിത്താ ആ രാജ്യത്തെ കായിക താരങ്ങളുമായി ബലിയര്‍പ്പിക്കാനെത്തിയെന്ന് ആശ്ചര്യകരമായിരുന്നുവെന്ന് ഫാ. കോണ്‍വോയ് പറഞ്ഞു. ഒളിംപിക്സ് മേളയ്ക്ക് ആത്മീയ പിന്തുണയേകാനുള്ള ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയുടെ പ്രയത്നങ്ങളില്‍ ഒന്നു മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.