2012-07-31 18:10:30

വിമോചനത്തിന്‍റെ പുറപ്പാട് (1)
പ്രതിസന്ധികളിലും ജനത്തെ നയിക്കുന്ന ദൈവം


RealAudioMP3 ുറപ്പാട് – ഭാഗം 1
ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളെയാണല്ലോ നാം പഞ്ചഗ്രന്ഥികള്‍ എന്നു വിളിക്കുന്നത്. ഉല്പത്തി, പുറപ്പാട്, ലേവ്യര്‍, നിയമാവര്‍ത്തനം, സംഖ്യാ – ഈ അഞ്ചു പുസ്തകങ്ങളും മോശയുടെ നിയമമായിട്ടാണ് വിശ്വസിക്കപ്പെടുന്നതെങ്കിലും, രണ്ടാമത്തെ പുസ്തകമായ പുറപ്പാട് മുതലാണ് അദ്ദേഹത്തിന്‍റെ ജനനവും പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തിലെ രണ്ടാമത്തെ പുസ്തകത്തിന്‍റെ പഠനത്തിലേയ്ക്ക് നാം കടക്കുകയാണ്.

ഈജിപ്തില്‍വച്ചുള്ള പൂര്‍വ്വപിതാവായ ജോസഫിന്‍റെ മരണത്തോടെ ഉല്പത്തിപ്പുസ്തകം അവസാനിക്കുന്നിടത്ത് ദൈവം തന്‍റെ പദ്ധതിയില്‍ ഒരുക്കിയ ഒരു ജനത്തിന്‍റെ ‘പുറപ്പാട്’ ആരംഭിക്കുകയാണ്. ജോസഫും സഹോദരങ്ങളും ഈജിപ്തിലെ ഗോഷന്‍ എന്ന ഭൂപ്രദേശത്തിന്‍റെ സമൃദ്ധിയില്‍ ജീവിച്ചു. പ്രതീകാത്മകമായി ഇവിടെ പ്രതിപാദിക്കപ്പെടുന്ന യോക്കോബിന്‍റെ എഴുപതു സന്താനങ്ങള്‍ ഈജിപ്ത് ദേശത്ത് പെരുകി വര്‍ദ്ധിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്തു.

ഉല്പത്തി (1, 4) പുസ്തകത്തില്‍ നാം ഇങ്ങനെ വായിക്കുന്നു
“യാക്കോബിന്‍റെ സന്താനങ്ങള്‍ ആകെ ഏഴുപതുപേരായിരുന്നു. അതില്‍ ജോസഫ് വളരെ നേരത്തെ ഈജിപ്തില്‍ എത്തിയിരുന്നു. ജോസഫും സഹോദരന്മാരും ആ തലമുറ മുഴുവനും മരിച്ചു. എന്നാല്‍ ‍ഇസ്രായേലിന്‍റെ സന്താനപരമ്പര വര്‍ദ്ധിച്ച് വളരെയധികം ശക്തിപ്രാപിക്കുകയും ഈജിപ്തില്‍ മുഴുവനും വ്യാപിക്കുകയും ചെയ്തു.”

ജോസഫിന്‍റെ കാലഘട്ടം ക്രിസ്തുവിനു ഏകദേശം 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നുവെന്ന് നിരൂപകന്മാര്‍ കണക്കാക്കുന്നു. ആ കാലഘട്ടത്തില്‍ ഇസ്രായേല്യര്‍ ഈജിപ്തിന്‍റെ വടക്കു ഭാഗത്ത് വളര്‍ന്ന് അവിടുത്തെ ജനസംഖ്യയുടെ വലിയൊരു ശതമാനം ആയിത്തീര്‍ന്നിരുന്നുവെന്ന് ചരിത്രം സാക്ഷൃപ്പെടുത്തുന്നുണ്ട്. ഇസ്രായേല്യര്‍ സമ്പന്നരായിരുന്നു. മാത്രമല്ല, വടക്കെ ഈജിപ്തിന്‍റെ നല്ലൊരു ശതമാനം ഭൂമിയും അവരുടെ കീഴിലായിരുന്നു. എന്നാല്‍ ഇസ്രായേലിന്‍റെ സമൃദ്ധിയും സമ്പന്നതയും അധികനാള്‍ നീണ്ടുനിന്നില്ല. കാരണം, ദൈവത്തിന്‍റെ പദ്ധതിയില്‍ അവര്‍ ഈജിപ്തില്‍ എന്നും പാര്‍ക്കേണ്ടവര്‍ ആയിരുന്നില്ല. സാവധാനം ദൈവം വാഗ്ദാനംചെയ്ത നാട്ടിലയേക്ക് ഇസ്രായേല്യര്‍ നീങ്ങേണ്ടി വരുന്നു. ഈ പുറപ്പാടില്‍ ദൈവം തന്‍റെ ജനമായ ഇസ്രായേലുമായി പുതിയ ഉടമ്പടി സ്ഥാപിക്കുന്നു. ഇവിടെ ശ്രദ്ധേയമാകുന്ന വസ്തുത, ദൈവം പൂര്‍വ്വകാലങ്ങളില്‍ വ്യക്തികളുമായി ഉടമ്പടി ചെയ്തുവെങ്കില്‍, ഇസ്രായേലിന്‍റെ പുറപ്പാടില്‍ വ്യക്തിളായിട്ടോ, കുടുംബവുമായിട്ടോ കുലവുമായിട്ടോ അല്ല, മറിച്ച് ഒരു ജനവുമായിട്ടാണ് അവിടുന്ന് ഉടമ്പടിയില്‍ ഏര്‍പ്പെടുന്നത്.


അക്കാലഘട്ടത്തില്‍ ഈജിപ്തു ഭരിക്കുവാനായി പുതിയൊരു ഫറവോ ഉയര്‍ന്നു വന്നു. അദ്ദേഹത്തിന് അവിടത്തെ മുന്‍ ഗവര്‍ണ്ണറായിരുന്ന ജോസഫിനെ അറിയില്ലായിരുന്നു. ഒരു ഫറവോയെ അട്ടിമറിച്ചാരിയിരിക്കണം മറ്റൊരാള്‍ അധികാരത്തില്‍ വന്നത്. ഫറവോ പുതുതായി സ്ഥാനമേറ്റതോടെ ആദ്യത്തെ ഭരണാധികാരിക്ക് തന്‍റെ കുലം മുഴുവനും അധികാരവും കൊട്ടാരവും ഉപേക്ഷിക്കേണ്ടി വന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് ആയിരുന്നിരിക്കാം, ഇത്രയും സമര്‍ത്ഥനായിരുന്ന ജോസഫിനെക്കുറിച്ച് പുതിയ ഭരണാധിപന്‍ അറിയാതെ പോയത്. എന്നാല്‍ ജോസഫിനെ അവര്‍ ഒട്ടും അറിഞ്ഞിരുന്നില്ല എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. പഴയ ഫറവോ കാണിച്ചത്ര വിശ്വാസമോ സ്നേഹമോ പുതിയ ഫറവോ ജോസഫിനോട് കാണിച്ചിരുന്നില്ല എന്നു മനസ്സിലാക്കിയാല്‍ മതിയാകും.

ചരിത്രത്തിന്‍റെ ഗതിമാറുന്നത് ഉല്പത്തി (1, 10) പുസ്തകം ഇങ്ങനെയാണ് വിവരിക്കുന്നത് :
“ഒരു ദിവസം ഫറവോ ജനങ്ങളോടു പറഞ്ഞു, നോക്കൂ. ഇസ്രായേല്‍ ജനത്തിന്‍റെ എണ്ണവും ശക്തിയും നമ്മുടേതിനെക്കാള്‍ അധികമായി വരുന്നു. ഒരു യുദ്ധമുണ്ടായാല്‍ ഇവര്‍ ശത്രുപക്ഷം ചേര്‍ന്ന് നമുക്കെതിരായി പൊരുതുകയും അങ്ങനെ രാജ്യം കൈവിട്ടുപോവുകയും ചെയ്തേക്കാം. അതിനാല്‍ അവര്‍ സംഖ്യയില്‍ വര്‍ദ്ധിക്കാതിരിക്കാന്‍ നമുക്ക് അവരോട് തന്ത്രപൂര്‍വ്വം പെരുമാറാം.”
ഫറവോ തുടങ്ങുവാനിരിക്കുന്ന ക്രൂരമായ പീഡനത്തെ ന്യായീകരിക്കുവാന്‍ വേണ്ടി, രാജാവ് ദേശസ്നേഹികളായ ഈജിപ്തുകാരുടെ മുമ്പില്‍ ഇസ്രായേല്‍ ജനത്തെ വളരെ അപകടകാരികളായിട്ട് ചിത്രീകരിച്ചു. അത് ക്രൂരനായൊരു ഭരണാധിപന്‍റെ കുതന്ത്രമായിരിന്നു. ഫറവോ ഒരു വിധത്തില്‍ ഇസ്രായേല്യരെ പീഡനത്തിലൂടെ ബന്ധികളാക്കുകയായിരുന്നു. ഈജിപ്തിലെ വന്‍ നിര്‍മ്മിതികള്‍ക്കുവേണ്ടി ഒരുക്കിയ ഇഷ്ടിക കളങ്ങളില്‍ ഇസ്രായേല്‍ക്കാരെ ഫറവോ അടിമകളാക്കി പണിയെടുപ്പിക്കുവാന്‍ തുടങ്ങി.

പീഡനം അവിടെയും അവസാനിക്കുന്നില്ല. ഉല്പത്തി 1, 22
“ഫറവോ പ്രജകളോടു കല്പിച്ചു. ഹെബ്രായര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നൈല്‍ നദിയില്‍ എറിഞ്ഞു കളയുവിന്‍..” എന്നിട്ടും ഇസ്രായേല്യര്‍ പെരുകി വര്‍ദ്ധിച്ചുകൊണ്ടിരുന്നു
പീഡിപ്പിക്കുന്തോറും അവര്‍ വര്‍ദ്ധിക്കുകയും വ്യാപിക്കുകയും ചെയ്തു. അതിനാല്‍ ഈജിപ്തുകാര്‍ ഇസ്രായേല്‍ മക്കളെ ഭയപ്പെടുവാനും തുടങ്ങി. ഇസ്രായേല്യരുടെ ആണ്‍കുഞ്ഞുങ്ങളെ ജനനത്തില്‍തന്നെ അങ്ങനെ വധിക്കുവാനായിരുന്നു ഫറവോയുടെ തീരുമാനം. പെണ്‍കുഞ്ഞുങ്ങളെ ജീവിക്കാന്‍ അനുവദിച്ചു, കാരണം വളര്‍ന്നു വരുമ്പോള്‍ അവര്‍ ഈജിപ്തുകാരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാകും. അങ്ങനെ സാവധാനം സമൂഹ്യ ചട്ടപ്രകാരം ഇസ്രായേല്യരുടെ സ്വത്തുക്കള്‍ സ്ത്രീധനമായി ഈജിപ്തുകാര്‍ക്ക് നല്കേണ്ടി വരും, എന്ന വളരെ ക്രൂരമായ ഈ കുതന്ത്രത്തില്‍ ഒരു പൈശാചികത ഒളിഞ്ഞു കിടന്നു. എന്നാല്‍ ഹെബ്രായരായ സ്ത്രീകള്‍ ഈ കുതന്ത്രത്തിനെതിരെ ശബ്ദമുയര്‍ത്തി. അവരുടെ ആണ്‍കുഞ്ഞുങ്ങളെ അവര്‍ ഒളിച്ചു വളര്‍ത്താന്‍ തുടങ്ങി. ദൈവഭയമുണ്ടായിരുന്നു അവരുടെ സൂതികര്‍മ്മിണികള്‍ അവരെ അതിന് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ധാരാളം ഇസ്രായേല്‍ക്കാരായ ആണ്‍കുഞ്ഞുങ്ങള്‍ ഫറവോയുടെ ക്രോധത്തിന് ഇരയായി. ഇസ്രായേലിലെ ആണ്‍മക്കള്‍ നൈലില്‍ എറിയപ്പെട്ടു. ഗോഷന്‍ ഒരു വിലാപ ഭൂമിയായി.

ഫറവോയുടെ ക്രൂരതയില്‍നിന്നും രക്ഷപ്പെട്ട ഒരാണ്‍കുഞ്ഞിന്‍റെ കഥയാണ് തുടര്‍ന്നു നാം ശ്രവിക്കുവാന്‍ പോകുന്നത്.

ഉല്പത്തി 2, 1
അക്കാലത്ത് ലേവി ഗോത്രത്തില്‍പ്പെട്ട ഒരാള്‍ തന്‍റെതന്നെ കുലത്തില്‍നിന്നും ഒരു സ്ത്രീയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ശിശു കോമളനായിരുന്നതിനാള്‍ അവള്‍ അവനെ മൂന്നു മാസം രഹസ്യമായി വളര്‍ത്തി. അവനെ തുടര്‍ന്നും രഹസ്യത്തില്‍ വളര്‍ത്തുക ദുഷ്ക്കരമായിത്തീര്‍ന്നപ്പോള്‍ അവനെ നൈല്‍ നദിയില്‍ സുരക്ഷിതമായി ഒഴുക്കുവാന്‍ തീരുമാനിച്ചു. ഞാങ്ങണകൊണ്ടു നെയ്ത് കളിമണ്ണും താറും പൂശിയ തൊട്ടിയില്‍ ആ അമ്മ കൈക്കുഞ്ഞിനെ കിടത്തി. നദീതീരത്തുള്ള ഞാങ്ങണച്ചെടികളുടെ ഇടയില്‍ പേടകം കൊണ്ടുചെന്നു വച്ചു. അവന് എന്തു സംഭവിക്കുമെന്ന് ഉറ്റു നോക്കിക്കൊണ്ട് അവന്‍റെ സഹോദരി മിറിയം കുറെയകലെ കാത്തു നിന്നിരുന്നു. അപ്പോള്‍ ഫറവോയുടെ പുത്രി കുളിക്കാന്‍ നദിയിലേയ്ക്കിറങ്ങി. അവളുടെ തോഴിമാരാകട്ടെ, നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണടച്ചെടികളുടെ ഇടയില്‍ പേടകം കണ്ടു. ഒരു ദാസിയെ അയച്ച് അവള്‍ അതെടുപ്പിച്ചു. തുറന്നു നോക്കിയപ്പോള്‍ അവള്‍ ശിശുവിനെ കണ്ടു. അവന്‍ കരയുകയായിരുന്നു. അവള്‍ക്ക് അവനോട് അനുകമ്പ തോന്നി ഒരു ഹെബ്രായ ശിശുവാണെന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ അങ്ങകലെ ഇതെല്ലാം കണ്ടുനിന്നിരുന്ന കുഞ്ഞിന്‍റെ സഹോദരി മിറിയം കുളിക്കടവില്‍ രാജകുമാരിയുടെ പക്കലെത്തി സവിനയം ചോദിച്ചു. “സ്വാമിന്‍, അങ്ങേയ്ക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന് ഒരു ഹെബ്രായ സ്ത്രീയെ ഞാന്‍ വളിച്ചു കൊണ്ടുവരട്ടെയോ?”
ഫറവോയുടെ പുത്രി അതിനു സമ്മതിച്ചു. മിറിയം ഓടി വീട്ടില്‍ചെന്ന് തന്‍റെ അമ്മയെയും കൂട്ടിക്കൊണ്ടുവന്നു. അങ്ങനെ കുഞഅഞിന് അവന്‍റെ അമ്മതന്നെ വളര്‍ത്തമ്മയായി ഭവിച്ചു.

ശിശുവിനെ ആ സ്ത്രീ കൊണ്ടുപോയി ഏതാനും നാളുകള്‍ വളര്‍ത്തി.
ശിശു വളര്‍ന്നപ്പോള്‍ അവനെ ഫറവോയുടെ പുത്രിയുടെ അടുക്കല്‍ കൊണ്ടു ചെന്നു. രാജകുമാരി അവനെ പുത്രനായി സ്വീകരിച്ചു. “ഞാന്‍ അവനെ ജലത്തില്‍ നിന്നെടുത്തു” എന്നു പറഞ്ഞുകൊണ്ട് അവള്‍ അവന് ഹെബ്രായ ഭാഷയില്‍ മോസസ്, ‘മോശ’ എന്നു പേരിട്ടു.

പുറപ്പാടു ഗ്രന്ഥത്തിന്‍റെ വിശദീകരത്തില്‍ ദൈവിക പദ്ധതികള്‍ക്ക് രൂപംകൊടുക്കുവാന്‍ ഈജിപ്തിലെ പ്രതികൂല സാഹചര്യത്തില്‍ എപ്രകാരം മോശ എന്ന വ്യക്തിക്ക് ദൈവം രൂപം നല്കുന്നു എന്നതായിരുന്നു ഇന്നത്തെ പഠനം. ഝീവിതത്തിന്‍റെ പ്രതികൂല സാഹചര്യങ്ങലില‍നിന്നും നമ്മെ നയിക്കാന്‍ ദൈവത്തിനു കഴിയും. കാരണം അവിടുത്തെ പദ്ധിതിയാണ് നമ്മുടം ജീവനും, ആയുസ്സും അസ്തിത്വവും.








All the contents on this site are copyrighted ©.