2012-07-31 16:30:34

മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന സ്വാഗതാര്‍ഹം: ആര്‍ച്ചുബിഷപ്പ് സെനാരി


31 ജൂലൈ 2012, ഡമാസ്ക്കസ്
സിറിയന്‍ ജനതയ്ക്കുവേണ്ടി മാര്‍പാപ്പ നടത്തിയ സഹായാഭ്യര്‍ത്ഥന സ്വാഗതാര്‍ഹമെന്ന് സിറിയയിലെ അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ചുബിഷപ്പ് മാരിയോ സെനാരി. ആഭ്യന്തര കലാപം വഷളായിക്കൊണ്ടിരിക്കുന്ന സിറിയയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി. മാര്‍പാപ്പയുടെ വാക്കുകള്‍ സിറിയന്‍ ജനതയ്ക്കു സമാശ്വാസമേകുന്നതാണ്. സിറിയിലെ മതനേതാക്കള്‍ സമാധാനത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും ആഹ്വാനവുമായി മുന്നോട്ടുവരണമെന്നും ആര്‍ച്ചുബിഷപ്പ് സെനാരി അഭ്യര്‍ത്ഥിച്ചു. അക്രമം അവസാനിപ്പിക്കാന്‍ എല്ലാ വിഭാഗങ്ങളോടും മതനേതാക്കള്‍ സംയുക്തമായി ആവശ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമവും അടിച്ചമര്‍ത്തലും രാജ്യത്തെ നാശത്തിലേക്കു നയിക്കുമെന്നും ആര്‍ച്ചുബിഷപ്പ് സെനാരി മുന്നറിയിപ്പുനല്‍കി.

സിറിയയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ തനിക്കുള്ള ഉത്കണ്ഠ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാ മധ്യേ വെളിപ്പെടുത്തിയിരുന്നു. കലാപത്തില്‍ നിരപരാധികളായ അനേകര്‍ കൊല്ലപ്പെടുന്നതും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുന്നതും സിറിയയില്‍ നിന്ന് ജനങ്ങള്‍ കൂട്ടപലായനം ചെയ്യുന്നതും മാര്‍പാപ്പ തദവസരത്തില്‍ അനുസ്മരിച്ചു. സിറിയന്‍ ജനതയ്ക്കുവേണ്ടി സഹായാഭ്യര്‍ത്ഥന നടത്തിയ മാര്‍പാപ്പ അവര്‍ക്കു തന്‍റെ പ്രാര്‍ത്ഥനയും ഉറപ്പുനല്‍കി. സംഘര്‍ഷമവസാനിപ്പിക്കാന്‍ ഉചിതമായ രാഷ്ട്രീയ പരിഹാരങ്ങള്‍ കണ്ടെത്താന്‍ സംഭാഷണത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും എല്ലാ മാര്‍ഗ്ഗവും ഉപയോഗപ്പെടുത്താന്‍ വേണ്ട ഹൃദയവിജ്ഞാനം നേതാക്കള്‍ക്കു ലഭിക്കുന്നതിനായും മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.
മാര്‍പാപ്പയുടെ വാക്കുകള്‍ സിറിയന്‍ ജനതയ്ക്കു പ്രത്യാശ പകരുന്നതാണെന്ന് അലെപ്പോയിലെ അര്‍മേനിയന്‍ മെത്രാപ്പോലിത്താ ആര്‍ച്ചുബിഷപ്പ് ബോത്രൊസ് മറയാത്തി പ്രസ്താവിച്ചു. സംഘര്‍ഷം അവസാനിക്കുന്നതിനുവേണ്ടി അലെപ്പോയിലെ കത്തോലിക്കര്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കുകയാണെന്നും ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. പേപ്പല്‍ സന്ദേശത്തിന്‍റെ അറബി പരിഭാഷ എല്ലാ ഇടവകകളിലും പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, ഏറ്റുമുട്ടല്‍ രൂക്ഷമായ അലെപ്പോയില്‍നിന്ന് രണ്ട് ലക്ഷത്തോളം പേര്‍ കുടിയൊഴിഞ്ഞു പോയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. പുരാതന നഗരമായ അലെപ്പോയില്‍ വിമതരും സൈന്യവും തമ്മില്‍ കനത്ത പോരാട്ടം നടക്കുകയാണ്. അലെപ്പോയില്‍ അത്യാവശ്യത്തിന് ഭക്ഷണവും വൈദ്യുതിയും കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും നഗരത്തില്‍ കുടുങ്ങിയവര്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കണമെന്നും യു.എന്‍. മനുഷ്യാവകാശ വിഭാഗം മേധാവി ബരോണെസ് വലേരി അമോസ് അഭ്യര്‍ത്ഥിച്ചു








All the contents on this site are copyrighted ©.