2012-07-31 16:28:46

അസം: സര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരുന്നെന്ന് സഭകളുടെ സമിതി


30 ജൂലൈ 2012, ഗുവാഹാട്ടി
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ അസം കലാപം ഒഴിവാക്കാമായിരുന്നുവെന്ന് ക്രൈസ്തവ സഭകളുടെ ദേശീയ സമിതി (NCCI) പ്രസ്താവിച്ചു. വടക്കു കിഴക്കന്‍ ഇന്ത്യയില്‍ വംശീയ കലാപങ്ങള്‍ ഇല്ലാതാക്കാന്‍ അനിവാര്യമായ നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നില്ലെന്ന് സമിതി കുറ്റപ്പെടുത്തി.
തദ്ദേശീയരായ ബോഡോ വംശജരും ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷക്കാരായ കുടിയേറ്റക്കാരും തമ്മിലുള്ള തര്‍ക്കമാണ് അസമില്‍ ഒടുവിലുണ്ടായ വംശീയ കലാപത്തിനു കാരണം. അനധികൃത കുടിയേറ്റം തടയാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സമിതി അഭ്യര്‍ത്ഥിച്ചു.

കലാപത്തിനിരയായവരെ സഹായിക്കാന്‍ സന്‍മനസ്സുള്ള എല്ലാവരും മുന്നോട്ടുവരണമെന്ന് സഭകളുടെ സമാധാന സമിതി (Inter Church Peace Mission -CPM ) അഭ്യര്‍ത്ഥിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ ശോചനീയമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. അവിടെ കഴിയുന്ന ലക്ഷക്കണക്കിനാളുകളുടെ ക്ഷേമം ഉറപ്പാക്കണമെന്നും അവര്‍ക്കാവശ്യമായ ഭക്ഷണവും കുടിവെള്ളവും മരുന്നും ലഭ്യമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവ സഭാ പ്രതിനിധികളും കത്തോലിക്കാ സന്നദ്ധ സംഘടകളും ദുരിതാശ്വാസ പ്രവര്‍‍‍‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ട്.








All the contents on this site are copyrighted ©.