2012-07-30 15:31:44

സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ല


30 ജൂലൈ 2012, കോസ്റ്റ്ഷിന്‍
കത്തോലിക്കാ സഭയുടെ സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത് ആവശ്യമാണെന്ന് നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റിനോ ഫിസിക്കേല്ല. നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ച് പോളണ്ടില്‍ നടന്ന പ്രഥമ ദേശീയ കോണ്‍ഗ്രസില്‍ സംബന്ധിക്കാനെത്തിയ ആര്‍ച്ചുബിഷപ്പ് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. നവസുവിശേഷവല്‍ക്കരണത്തിന്‍റെ വ്യത്യസ്തങ്ങളായ പാതകള്‍, ഒരു നദിയില്‍ വന്നുചേരുന്ന കൈവഴികള്‍ പോലെയായിരിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞതുപോലെ നവസുവിശേഷവല്‍ക്കരണത്തിന് നവീനമായ ആശയവിനിമയശൈലി ആവശ്യമാണ്. കാലഘട്ടത്തിനു അനുയോജ്യമായ രീതിയില്‍ സുവിശേഷ പ്രഘോഷണം നടത്താന്‍ ക്രൈസ്തവര്‍ക്കു സാധിക്കണം. എന്നാല്‍ മാറ്റം വരേണ്ടത് പ്രഘോഷണ രീതിക്കു മാത്രമാണെന്നും സുവിശേഷം അന്നും ഇന്നും എന്നും ഒന്നുതന്നെയാണെന്നും ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. സമൂഹമാണ് മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നത്. മതനിരപേക്ഷകതയുടെ സംസ്ക്കാരം ശക്തിപ്പെടുന്ന സമൂഹത്തില്‍ കത്തോലിക്കര്‍ സുവിശേഷ സന്ദേശവുമായി കടന്നുചെല്ലണം. കത്തോലിക്കാ സഭ സ്വകാര്യമായോ രഹസ്യമായോ സുവിശേഷപ്രഘോഷണം നടത്തണമെന്നു പറയുന്നത് അചിന്തനീയമാണ്. സഭയുടെ സാര്‍വ്വത്രിക ദൗത്യമാണ് സുവിശേഷ പ്രഘോഷണം. ഈ ദൗത്യനിര്‍വ്വഹണത്തിന് കത്തോലിക്കര്‍ സാമൂഹ്യജീവിതത്തില്‍ പങ്കുചേരേണ്ടത് അനിവാര്യമാണെന്നും ആര്‍ച്ചുബിഷപ്പ് റിനോ ഫിസിക്കേല്ല അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.