2012-07-30 13:01:26

ആത്മീയ ദാഹം ശമിപ്പിക്കുന്ന
ക്രിസ്തുവിന്‍റെ മുഗ്ദ്ധ സാന്നിദ്ധ്യമാണ് ദിവ്യകാരുണം


30 ജൂലൈ 2012, ക്യാസില്‍ ഗണ്ടോള്‍ഫോ
പാപ്പായുടെ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ (29 ജൂലൈ 2012) പ്രസക്ത ഭാഗമാണ് താഴെ ചേര്‍ക്കുന്നത്.

ക്രിസ്തു തിബേരിയൂസ് തീരത്ത് അപ്പം വര്‍ദ്ധിപ്പിക്കുന്ന അത്ഭുതത്തോടൊപ്പം, കഫര്‍ണാമിലെ സിനഗോഗില്‍വച്ച് രോഗികളെ സുഖപ്പെടുത്തിയ സംഭവവും അനുസ്മരിച്ചുകൊണ്ടാണ് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തിലെ ആറാം അദ്ധ്യായം ആരംഭിക്കുന്നത് (വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 6, 1-15). ജീവന്‍ നല്കുന്ന അപ്പമാണ് താനെന്ന് ക്രിസ്തു ഇവിടെ വെളിപ്പെടുത്തുന്നു. ക്രിസ്തുവിന്‍റെ പ്രവൃത്തികള്‍ക്ക് അന്ത്യത്താഴ വിരുന്നിലെ സംഭവങ്ങളോട് സാമനതയുണ്ടെന്നും തിബേരിയൂസ് തീരത്തെ ഈ സുവിശേഷ സംഭവം വ്യക്തമാക്കുന്നു. “അനന്തരം അവിടുന്ന് അപ്പമെടുത്ത് കൃതജ്ഞതാസ്തോത്രം ചൊല്ലി അവര്‍ക്ക് ഭാഗിച്ചു കൊടുത്തു,” (യോഹ. 6, 11) എന്ന അന്ത്യത്താഴ വിരുന്നിലെ മൊഴികള്‍ തന്നെയാണ് സുവിശേഷകന്‍ ഇവിടെയും രേഖപ്പെടുത്തുന്നത്. ഇവിടെ യോഹന്നാന്‍ കുറിക്കുന്ന അപ്പം മുറിക്കലും കൃത്ജ്ഞതാസ്തോത്രവും വിശുദ്ധ കൂര്‍ബ്ബാനയിലേയ്ക്കുള്ള വിരല്‍ ചൂണ്ടലാണ്. അങ്ങനെ പരിശുദ്ധ കുര്‍ബ്ബാനയെ ലോകരക്ഷയ്ക്കായുള്ള ക്രിസ്തുവിന്‍റെ പരമയാഗമായി യോഹന്നാന്‍ ഇവിടെ ചിത്രീകരിക്കുന്നു.

യഹൂദരുടെ പെസഹാ തിരുനാള്‍ അടുത്തിരുന്നു എന്നും യോഹന്നാന്‍ ഈ സുവിശേഷ ഭാഗത്ത് രേഖപ്പെടുത്തുന്നുണ്ട് (യോഹ. 6, 4). ലോകത്തിനുവേണ്ടിയുള്ള ജീവന്‍റെ അപ്പമാണ് ക്രിസ്തു എന്നാണ് ഇതു നല്കുന്ന സൂചന. ലോക രക്ഷയ്ക്കായുള്ള സ്നേഹത്തിന്‍റെ സമ്പൂര്‍ണ്ണ സമര്‍പ്പണമായ അവിടുത്തെ കുരിശുയാഗത്തിലേയ്ക്കും അതിന്‍റെ നിത്യനൂതന ഭാവം എന്നും മനുഷ്യര്‍ക്ക് ലഭ്യമാക്കുന്ന ക്രിസ്തുവിന്‍റെ മുഗ്ദ്ധ സാന്നിദ്ധ്യമായ ദിവ്യകാരുണ്യത്തിലേയ്ക്കും ഈ വചനം ശ്രദ്ധ തിരിക്കുന്നു.

ക്രിസ്തു സ്വര്‍ഗ്ഗീയ കാരുണ്യത്തിന്‍റെ ജീവാമൃതമാണ്. മാലാഖമാരുടെ നാഥനും അപ്പവുമായവന്‍ ഈ ലോകത്ത് അവതരിച്ചതുമൂലം മനുഷ്യര്‍ക്ക് നിത്യജീവന്‍റെ ഭോജ്യം ലഭ്യമായി. നമ്മുടെ മദ്ധ്യേ അവിടുന്ന് അവതരിച്ചില്ലായിരുന്നെങ്കില്‍ അള്‍ത്താരയിലെ ആത്മീയ ഭോജ്യം ലോകത്തിന് ലഭിക്കുയില്ലായിരുന്നു, എന്നാണ് വിശുദ്ധ അഗസ്റ്റിന്‍ ദിവ്യകാരുണ്യ സാന്നിദ്ധ്യത്തെ വ്യാഖ്യാനിക്കുന്നത് (പ്രസംഗം 130, 2). മനുഷ്യരെ തന്നിലേയ്ക്ക് അടുപ്പിക്കുവാനും രൂപാന്തരപ്പെടുത്തുവാനും, തന്നെത്തന്നെ ഭോജ്യമായി നല്കുന്ന ക്രിസ്തുവിന്‍റെ മഹത്തരവും സനാതനവുമായ ദൈവിക ദര്‍ശനവും സ്വര്‍ഗ്ഗപ്രസാദവുമാണ് പരിശുദ്ധ കര്‍ബ്ബാന.

ക്രിസ്തുവിനു ചുറ്റും കൂടിയ ഇത്ര വലിയ പുരുഷാരത്തെ എങ്ങനെ പോറ്റാം എന്നായിരുന്നു തിബേരിയൂസ് തീരത്തുണ്ടായ പ്രതിസന്ധി. എന്നാല്‍ കൈവശമുണ്ടായിരുന്ന അഞ്ചപ്പവും രണ്ടുമീനും (യോഹ. 6, 8) പങ്കുവയ്ക്കുവാന്‍ തയ്യാറുള്ള ഒരു ബാലന്‍ പെട്ടന്ന് രംഗപ്രവേശനം ചെയ്തു. അങ്ങനെ അപ്പം വര്‍ദ്ധിപ്പിച്ച അത്ഭുതം ഒന്നുമില്ലായ്മയില്‍ നിന്നുമല്ല,
ആ ബാലന്‍റെ ഉള്ളത് പങ്കുവയ്ക്കുന്ന ഹൃദയവിശാലതയില്‍ നിന്നുമാണ് സംഭവിക്കുന്നത്.

നമുക്കില്ലാത്തതല്ല ക്രിസ്തു ആവശ്യപ്പെടുന്നത്, നമുക്കുള്ളതാണ്. ഉള്ളതു പങ്കുവച്ചാല്‍ ജീവിതത്തില്‍ അത്ഭുതങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും തിബേരിയൂസ് സംഭവം പഠിപ്പിക്കുന്നു. നമ്മുടെ ചെറിയ സ്നേഹപ്രവൃത്തികളെ ദൈവം സമ്പന്നമാക്കുകയും, അവിടുത്തെ സ്നേഹത്തിലും ദൈവിക ജീവനിലും നമ്മെ അവിടുന്നു പങ്കുകാരാക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ അപാരമായ കഴിവുകണ്ട് ജനം സ്തബ്ധരായിപ്പോയി. അത്ഭുതകരമായി അപ്പം വര്‍ദ്ധിപ്പിച്ചു നല്കുവാനും അവരെ നയിക്കുവാനും അവരുടെ ഭാവി സുരക്ഷിതമാക്കുവാനും കരുത്തുള്ള പുതിയ മോശയെയാണ് അവര്‍ പിന്നെ ക്രിസ്തുവില്‍ കണ്ടത്. അവര്‍ ബലമായി തന്നെ പിടിച്ചുകൊണ്ടു പോയി രാജാവാക്കാന്‍ ശ്രമിക്കുമെന്ന് മനസ്സിലാക്കിയ ക്രിസ്തു തനിച്ച് മലമുകളിലേയ്ക്കു പൊയ്ക്കളഞ്ഞു (യോഹ. 6, 15). ആധിപത്യം പുലര്‍ത്തുന്ന വലിയ രാജാവല്ല ക്രിസ്തു, മറിച്ച് താഴ്മയില്‍ താഴ്ന്നിറങ്ങിയ സ്നേഹത്തിന്‍റെ സേവകനാണ് അവിടുന്ന്. മനുഷ്യന്‍റെ ശാരീരികമായ വിശപ്പു ശമിപ്പിക്കുന്നവന്‍ മാത്രമല്ല അവിടുന്ന്, സത്യത്തിനായും ജീവന്‍റെ പരമ ലക്ഷൃത്തിനായും ആത്മീയ വിശപ്പിനായും, ഒടുവില്‍ ദൈവത്തിനുമായുള്ള മനുഷ്യവ്യക്തിയുടെ ആഴമായ ദാഹം ശമിപ്പിക്കുന്നവനാണ് ക്രിസ്തു.

ഭൗമികമായ ഭക്ഷണത്തിന്‍റെയും അഭിലാഷങ്ങളുടെയും മാത്രം പിറകെ പോകാതെ, സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി ക്രിസ്തുവില്‍ നമ്മെ പുനരാവിഷ്ക്കരിക്കാനും അവിടുത്തോട് ഐക്യപ്പെട്ടിരിക്കുവാനും പരിശ്രമിക്കാം. ദിവ്യകാരുണ്യം ഉള്‍ക്കൊണ്ടു ജീവിക്കുക എന്നതിനെക്കാള്‍ നിഗൂഢമായ അവിടുത്തെ ദിവ്യകാരുണ്യ സാന്നിദ്ധ്യത്താല്‍ രൂപാന്തരപ്പെടുക എന്നതാണ് പ്രധാനം. തന്നിലേയ്ക്കു നമ്മെ എന്നും ചേര്‍ത്തുകൊണ്ട് ക്രിസ്തു ഏവരെയും പരിപോഷിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു. അനുദിനം ആവശ്യമായ അന്നം ഞങ്ങള്‍ക്കു തരണമേ, ഞങ്ങളുടെ മദ്ധ്യേയുള്ള അസമത്വത്തിന്‍റെ മതിലുകള്‍,‍ അക്രമം കൊണ്ടല്ല സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും മാര്‍ഗ്ഗത്തിലൂടെ ഇല്ലാതാക്കണമേ എന്നും നമുക്കു പ്രാര്‍ത്ഥിക്കാം.

നമുക്കു പ്രിയപ്പെട്ട ഏവരെയും നമ്മെത്തന്നെയും പരിശുദ്ധ കന്യകാ നാഥയുടെ മാതൃസംരക്ഷണയില്‍ സമര്‍പ്പിക്കാം.
(Extract from the Angelus Discourse of His Holines Pope Benedict XVI on 29th July 2012 in Castel Gandolofo)








All the contents on this site are copyrighted ©.