2012-07-28 13:55:15

അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുവിന്‍
29 ജൂലൈ (ലത്തീന്‍ റീത്ത്)


RealAudioMP3
വിശുദ്ധ യോഹന്നാന്‍ 6, 1-15
“നിങ്ങള്‍തന്നെ അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുവിന്‍...”

ജൂലൈ 22-ാം തിയതി ഡെല്‍ഹിയിലെ പാര്‍ലിമെന്‍റ് മന്ദിരത്തില്‍ ഭാരതത്തിന്‍റെ 13-ാമത്തെ പ്രസിഡന്‍റ് പ്രണാബ് മുഖര്‍ജി സ്ഥാനാരോപിതനായപ്പോള്‍ നടത്തിയ പ്രഭാഷണത്തിന്‍റെ ഭാഗം ഓര്‍ത്തു പോവുകയാണ്. “പട്ടിണിയെക്കാള്‍ നീചവും നിന്ദ്യവുമായ മറ്റൊരു അവസ്ഥ ഈ ലോകത്തില്ല.
അങ്ങുമിങ്ങും ഇറ്റിറ്റു വീഴുന്ന കാരുണ്യത്തിന്‍റെ സാമൂഹ്യ പ്രസ്താവനകള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്?. അവ ഒരിക്കലും പാവങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നില്ല. സമൂഹത്തിന്‍റെ കീഴ്ത്തട്ടില്‍ കിടക്കുന്നവരെ കൈപിടിച്ചുയര്‍ത്തുക, ദാരിദ്ര്യമെന്ന ശാപം പാടെ അകറ്റുക. ഇത് ഭാരതത്തിന്‍റെ ദേശീയ ദൗത്യമായി മാറണം.” ഭാരതത്തിന്‍റെ പ്രഥമ പൗരന്‍, പ്രണാബ് മുഖര്‍ജി നടത്തിയ കന്നിപ്രഭാഷണം ഉപസംഹരിക്കപ്പെട്ടത് ഇങ്ങനെയാണ്. തികച്ചും ചിന്ത്യോദ്ദീപകവും ഒപ്പം ഹൃദയസ്പര്‍ശിയുമാണ് രാഷ്ട്രപ്രഥമന്‍റെ വാക്കുകള്‍ കാരണം അത്രത്തോളം ദാരിദ്ര്യം നമുക്കു ചുറ്റും നമ്മുടെ മാതൃരാജ്യത്തുമുണ്ട് എന്ന സത്യം മറന്ന് ജീവിക്കാനാവില്ല.

“നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍,” എന്ന ക്രിസ്തുവിന്‍റെ ആഹ്വാനമാണ് ഇന്നത്തെ സുവിശേഷ ഭാഗം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ക്രിസ്തു പുരുഷാരത്തെ ഊട്ടുന്ന സംഭവങ്ങള്‍ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. അത്തരം ഇടങ്ങളില്‍ പൊതുവായി സംഭവിക്കുന്ന ചില കാര്യങ്ങള്‍ ഇന്നത്തെ അന്നവിചാരങ്ങള്‍ക്ക് നല്ല അടയാളമായി മാറിയേക്കും.

1. മനുഷ്യര്‍ക്ക് വിശക്കുന്നു എന്ന അറിവാണ് അതില്‍ ആദ്യത്തേത്. വളരെ സാധാരണയായി ഇന്നു നാം പറയുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പേരുകള്‍ പോലും നമ്മുടെ അയല്‍പക്കത്തുള്ള പലര്‍ക്കും നിശ്ചയമില്ലാത്തതെന്തേ?

പ്ലസ് ടൂ അദ്ധ്യാപിക തന്‍റെ മകന്‍റെ ജന്മനാളില്‍ ക്ലാസ്സിലെ കുട്ടികള്‍ക്കുവേണ്ടി ‘പുഡ്ഡിംഗ്’ ഉണ്ടാക്കി കൊണ്ടുവന്ന് വിളമ്പിക്കൊടുത്തു. അതു കഴിച്ചിട്ട് കുട്ടികള്‍ ടീച്ചറോട് പറയുന്നു. “നല്ല രുചി, ഇതിന്‍റെ പേരെന്താ ടീച്ചറേ?” അവരുടെ കണ്ണുനനയാതെ എന്തു ചെയ്യും. അതേസമയത്തുതന്നെ വീട്ടിലെ ഊട്ടുമേശയില്‍ ഇരിക്കുമ്പോള്‍ കെ. ജിയില്‍ പഠിക്കുന്ന നിങ്ങളുടെ ചെറുമകള്‍ പറയുന്നു. “മമ്മീ, ഇന്ന് എനിക്ക് ന്യൂഡില്‍സ് വേണ്ടാ, സ്പഗേത്തി മതി.”

ഇന്നു ലോകത്ത് ഏതാണ്ട് ഒരു കോടിയിലേറെ മനുഷ്യര്‍ അത്താഴപ്പട്ടിണിക്കാരണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഓരോ ദിവസവും ഇരുപത്തി മൂന്നായിരും കുഞ്ഞുങ്ങള്‍ പോഷകാഹാരങ്ങളുടെ കുറവുകൊണ്ട് കളം കാലിയാക്കി മടങ്ങുന്നു. ഇതിന്‍റെ അര്‍ത്ഥം ഈ പ്രഭാഷണം കേട്ടു തീരുന്നതിന് മുന്‍പ് ഈ ലോകത്ത് ഒരാള്‍.... ദൈവമേ! കൂട്ടം കൂടിയിരുന്ന് കുഞ്ഞുങ്ങള്‍ മണ്ണുതിന്നുന്നൊരു ചിത്രം കണ്ട് കണ്ണു നിറഞ്ഞ സ്നേഹിതന്‍ പറഞ്ഞു, “ലോകത്തിനു വിശക്കുന്നു!”

“നിങ്ങളുടെ വിരുന്നുകളോട് എനിക്ക് വെറുപ്പാണ്,” എന്ന പ്രവാചക സൂചനയുണ്ട്. അതിന് ക്രിസ്തുവിലൂടെയും ആവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭൂമിയുടെ മീതെ നിപതിച്ച ശാപങ്ങളില്‍ ഒന്നാണ് വിശപ്പ്, ദാരിദ്ര്യം. ധൂര്‍ത്തിന്‍റെ സമൃദ്ധിയില്‍ മദ്യപിക്കുകയും വിരുന്നുണ്ണുകയും ചെയ്യന്നവരേ, അയ്യോ കഷ്ടം! ഒത്തിരി വിരുന്നു മേശകളില്‍ കണ്ടുമുട്ടുന്ന ഒരാളാണ് നസ്രത്തിലെ യേശു. വിരുന്ന് അതില്‍ത്തന്നെ അപകടകരമായ ഒന്നല്ല. മറിച്ച് മനുഷ്യര്‍ കണക്കില്ലാതെ ഭക്ഷിക്കുന്ന, പുറത്തുള്ളവരുടെ വിശപ്പിനോട് കടപ്പാടോ കുറ്റബോധമോ ഇല്ലാത്ത, ആത്മാവില്ലാത്ത തീന്‍മേശയുടെ ഉത്സവങ്ങളെക്കുറിച്ചാണ് പ്രവാചകന്‍ പറഞ്ഞത്, “നിങ്ങളുടെ വിരുന്നുകളോട് എനിക്ക് വെറുപ്പാണ്.” ആമോസ് 6, 1.

താന്‍ ഒത്തിരി പട്ടിണി കിടന്നിട്ടുള്ളതു കൊണ്ടാവണം വിശക്കുന്ന മനുഷ്യരിലേയ്ക്ക് സദാ തുറന്നുവച്ച മിഴികള്‍ ക്രിസ്തുവിനുണ്ടായിരുന്നത്. ബതലഹേമെന്ന അപ്പത്തിന്‍റെ നാട്ടില്‍, കന്നുകാലികളുടെ തീന്‍മേശയില്‍ പിറന്നു വീണതാണ് അവിടുത്തെ ജീവിതം. അവസാനം മനുഷ്യര്‍ക്ക് സ്വയം അപ്പമായി മാറുന്ന തിരുവത്താഴ മേശവരെയുള്ള തന്‍റെ ജീവിതരേഖയുടെ പശ്ചാത്തലത്തില്‍ വിശപ്പിന്‍റെ നിലവിളികള്‍ക്ക് ക്രിസ്തു കാതോര്‍ത്തിട്ടുണ്ട്. സ്വയം അപ്പമെന്നു വിശേഷിപ്പിക്കുവാന്‍ ഇഷ്ടപ്പെട്ട, പുതിയ നിയമത്തിലെ മന്നയാണ് ക്രിസ്തു. രണ്ടും, മന്നയും ക്രിസ്തുവും ആകാശം മനുഷ്യര്‍ക്കായി പൊഴിച്ചു തന്നവയാണ്.

“സ്നേഹിതരേ, വല്ലതും കഴിച്ചോ?” (യോഹന്നാന്‍ 21, 5) എന്നതായിരുന്നു തിബേരിയൂസ് തിരത്തുവച്ച് തന്‍റെ ശിഷ്യന്മാരോടുള്ള അവിടുത്തെ കൂശലാന്വേഷണം. ജായിരൂസിന്‍റെ മകളെ ഉയര്‍പ്പിച്ചതിനുശേഷം അവളുടെ അമ്മയോട് പറയുന്നത്, “കുഞ്ഞിനു വല്ലതും കഴിക്കാന്‍ കൊടുക്കണേ,” (ലൂക്കാ 8, 52) എന്നാണ്. തന്‍റെ സുവിശേഷം അവസാനിക്കുമ്പോള്‍ കടലോരത്ത് പ്രാതല്‍ ഒരുക്കി
കാത്തുനില്‍ക്കുന്ന ഒരാളായിട്ടാണ് യോഹന്നാന്‍‍ ക്രിസ്തുവിനെ വരച്ചു കാട്ടുന്നത്. തീയില്‍ ചുട്ട അപ്പവും മീനുമായി കാത്തുനില്‍ക്കുന്ന ക്രിസ്തു അസാധാരണമായ സൗഹൃദത്തോടെ ഇങ്ങനെ ക്ഷണിക്കുന്നു,
“സ്നേഹിതരേ, വരൂ... വന്നു പ്രാതല്‍ കഴിക്കുവിന്‍.” (യോഹ. 21, 12).

2. ഇന്നത്തെ സുവിശേഷ ഭാഗത്തേയ്ക്ക് തിരിച്ചു വരുമ്പോള്‍, ദീര്‍ഘമായ പ്രഭാഷണത്തിനുശേഷം മടങ്ങിപ്പോകുന്ന, തന്നെ കേള്‍ക്കുവാന്‍ വന്ന പാവങ്ങള്‍, വഴിയില്‍ ക്ലേശിക്കുമല്ലോ എന്ന് ക്രിസ്തു ഭാരപ്പെടുന്നുണ്ട്. വിശക്കുന്നവര്‍ക്ക് ജീവിത വഴികളില്‍ എന്തും സംഭവിക്കാം.
വിശന്ന ദാവീദാണ് ദേവാലയത്തില്‍ കയറി പുരോഹിതന്മാര്‍ക്കു മാത്രം അവകാശപ്പെട്ട കാഴ്ചയപ്പം എടുത്ത് ഭക്ഷിച്ചത്. വിശന്ന ശിഷ്യന്മാരാണ് പോകും വഴിക്ക് വയലിലെ കതിര്‍മണികള്‍ കവര്‍ന്നെടുത്തത്. വിശക്കുന്ന ഒരു പെണ്‍കുട്ടി ഗണികത്തെരുവിലേയ്ക്ക് വഴിതെറ്റി പോയേക്കാം. വിശപ്പാണ് മനുഷ്യജീവിതത്തിന്‍റെ നിലനില്‍പ്പുകളെ നല്ലൊരളവില്‍ പാളിക്കുന്നത്. ‘അവര്‍ക്കെന്തു സംഭവിക്കു’മെന്ന്, വിശന്നു വേദനിക്കുന്നവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് വ്യാകുലപ്പെടാത്തവരുടെ സാരോപദേശങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും കാല്‍ക്കാശിന് വിലയില്ല എന്നോര്‍ക്കുക.

ഭൂമിയുടെ വിശപ്പിനെ ശമിപ്പിക്കുവാന്‍ നമുക്ക് ഇനിയെന്താവും? ഈ അന്വേഷണമാണ് രണ്ടാമത്തെ ചുവട്. “ഇത്രയും വലിയ പുരുഷാരത്തെ ഊട്ടാന്‍ ഇരുന്നൂറു ദനാറാ വേണ്ടിവരു”മെന്നാണ് പീലിപ്പോസിന്‍റെ കണ്ടെത്തല്‍ (യോഹന്നാന്‍ 6, 7). എത്ര കൂട്ടിയാലും കൂടാത്ത കണക്കാണത്. വിശക്കുന്ന ജനകോടികളോട് നമ്മുടെ നിസ്സഹായതകള്‍ പേര്‍ത്ത് പറയുകയല്ല വേണ്ടത്. ഒരു ബാലന്‍ ക്രിസ്തുവിന്‍റെ സന്നിധിയില്‍ ചെയ്തതുപോലെ, തന്‍റെ കൈയ്യിലുണ്ടായിരുന്നത്, അക്ഷരാര്‍ത്ഥത്തില്‍ ‘എണ്ണിച്ചുട്ട അപ്പം’ അടുത്തിരിക്കുന്നവര്‍ക്കുവേണ്ടി വച്ചു നീട്ടുകയാണ് പ്രധാനം. മറ്റൊരു വാക്കില്‍ think globally and act locally practically. തനിക്കുള്ളത് ക്രിസ്തുവിനെ ഏല്പിച്ചത് ആ ചെറു ബാലനായിരുന്നു, പ്രൗഢിയോ പ്രതാപിയോ ആയ സമ്പന്നനായിരുന്നില്ല. അവന് കഴിക്കാന്‍വേണ്ടി മാത്രം അവന്‍റെ ഉറ്റവരാരോ പൊതിഞ്ഞു കെട്ടിക്കൊടുത്ത അപ്പം പങ്കിടാന്‍ കാട്ടിയ സുമനസ്സ് ഓര്‍ക്കുമ്പോള്‍, അതായിരുന്നു അവിടെ തിബേരിയസ്സില്‍ നടന്ന പങ്കുവയ്ക്കലിന്‍റെ അത്ഭുതം.

റോമില്‍ ഒരാള്‍ പട്ടിണി കിടന്നു മരിച്ചു. തന്‍റെ നോക്കെത്താവുന്ന ദൂരത്തില്‍ ഒരാള്‍ വിശന്നു മരിച്ചല്ലോ, എന്നോര്‍ത്ത് അന്നത്തെ പാപ്പാ ഒരാഴ്ച കുര്‍ബ്ബാന അര്‍പ്പിച്ചില്ല. മാത്രമല്ല നീണ്ടനാള്‍ വത്തിക്കാനില്‍ ഉപവസ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. പോപ്പ് ഗ്രിഗരിയായിരുന്നു അത്.

3. ഘടനാപരമായ ചില പുനര്‍ക്രമീകരണങ്ങളുടെ സൂചന നല്കുന്നതാണ് അടുത്ത ചിന്ത: മനുഷ്യന്‍റെ ആവശ്യങ്ങള്‍ക്കുള്ള വിഭവങ്ങളൊക്കെ ദൈവം ഈ ഭൂമിയില്‍ സമൃദ്ധമായി തന്നിട്ടുണ്ട്. കുറെക്കൂടി നീതിപൂര്‍വ്വമായ ഒരു വിതരണ സംവിധാനം ഉണ്ടാവണമെന്നു മാത്രം. ഡീക്കന്മാര്‍, ശുശ്രൂഷകര്‍ എന്നൊരു രീതി ആദിമ ക്രൈസ്തവ സമൂഹത്തില്‍ ഉണ്ടായത് ഇങ്ങനെയാണെന്ന് നിരീക്ഷിക്കേണ്ടതാണ്. ഉള്ളതില്‍നിന്നും പങ്കിടുവാനും പാവങ്ങളെ പരിചരിക്കുവാനുമുള്ള ഈ സന്നദ്ധത, ആദിമ ക്രൈസ്തവരുടെ നമുക്ക് അനുകരിണീയമായ മുഖമുദ്രയായിരുന്നു.

അത്ഭുതകരമായി അപ്പം പങ്കുവച്ചശേഷം ബാക്കി വരുന്നതൊക്കെ ഏറ്റവും ശ്രദ്ധയോടെ ശേഖരിക്കാനായി ക്രിസ്തു പറയുന്നുണ്ട്. വന്നവര്‍ക്കു വേണ്ടി മാത്രമല്ല, ഇനി വരുവാനിരിക്കുന്നവര്‍ക്കും വേണ്ടിക്കൂടെ എന്നുള്ള സൂചനയാണത്. മറുവശത്ത്, ധാന്യവില നിലനിര്‍ത്താന്‍ കൂടുതല്‍ ഉത്പാദനങ്ങളുള്ള വര്‍ഷങ്ങളില്‍ ടണ്‍ കണക്കിന് ഗോതമ്പ് കടലില്‍ കൊണ്ടുപോയി തള്ളിക്കളയുന്ന വന‍കിട രാഷ്ടങ്ങള്‍ ഇന്നും കഥയല്ല, എന്നോര്‍ക്കണം. ഒരു വറ്റ് ചോറ്, കുഞ്ഞിന്‍റെ ഒരു നേരത്തെ ഭക്ഷണമാണെന്ന് ഓര്‍ക്കുക. വിശക്കുന്ന ഒരാള്‍ ഏതു യാമത്തിലും ഇനിയും വന്നേക്കാം. “വിശക്കുന്ന ഒരാളെ ഊട്ടിയപ്പോഴൊക്കെ നിങ്ങള്‍ എന്നെയാണ് ഊട്ടിച്ചത് എന്ന്,” ക്രിസ്തു പറഞ്ഞിട്ടുള്ളത് ഓര്‍മ്മയില്ലേ. (മത്തായി 25, 35).

ദൈവം ഈ ഭൂമിയില്‍ മനുഷ്യന് ആവശ്യത്തിനുള്ള അന്നം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ നാം ദൈവവചനത്തിനും മനസ്സാക്ഷിയുടെ സ്വരത്തിന് ചെവി കൊടുക്കാതിരുന്നാല്‍ ലോകത്തിന്‍റെ അടിസ്ഥാന പ്രശ്നമായ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാവില്ല. സമ്പത്ത് എങ്ങനെയാണ് വിതരണം ചെയ്യേണ്ടത് എന്ന പ്രശ്നത്തിനുത്തരം, സ്നേഹത്തിന്‍റെ അവതാരത്തിലാണ്, പങ്കുവയ്ക്കലിലാണ്. ഭക്ഷണമായും പാര്‍പ്പിടമായും ജോലിയായും സ്നേഹം അവതാരം ചെയ്യണം.









All the contents on this site are copyrighted ©.