2012-07-27 09:08:36

യൂറോപ്യന്‍ സംസ്ക്കാരത്തിന്
വിശ്വാസം ജന്മമേകിയെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി


26 ജൂലൈ 2012, റോം
വിഭാഗീതയ്ക്കപ്പുറം സാംസ്കാരികവും സാമ്പത്തികവുമായ കൂട്ടായ്മ വളര്‍ത്തണമെന്ന് പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രി പ്രസ്താവിച്ചു. ജൂലൈ മാസാരംഭത്തില്‍ റോമില്‍ ചേര്‍ന്ന വത്തിക്കാനിലേയ്ക്കുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ അമ്പാസിഡര്‍മാരുടെ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ സാന്ദ്രി ഇപ്രകാരം പ്രസ്താവിച്ചത്.
ഭൂമിശാസ്ത്രപരമായും ചരിത്രപരമായും രാഷ്ട്രീയമായും സാമ്പത്തികമായും, അതിലേറെ ആത്മീയമായും യൂറോപ്പിനുള്ള പൊതുവായ സ്വഭാവ വൈശിഷ്ട്യങ്ങള്‍ കര്‍ദ്ദിനാള്‍ സാന്ദ്രി തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. ധീരരായ നിരവധി സ്ത്രീ പുരുഷന്മാര്‍ സഞ്ചരിച്ചിട്ടുള്ള സാംസ്ക്കാരികവും സാമൂഹ്യവും ആത്മീയവുമായ പ്രതിബദ്ധതയുടെ പതറാത്ത പാതയാണ് ജനതകളെ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ഒന്നിപ്പിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി പ്രസ്താവിച്ചു.

ഇസ്രായേലിന്‍റെ ദൈവവിശ്വാസവും, ഗ്രീക്കിന്‍റെ താത്വിക ദാര്‍ശനികതയും, റോമിന്‍റെ നൈയ്യാമിക പ്രാഭവവുമാണ് യൂറോപ്യന്‍ സംസ്ക്കാരത്തിന് ജന്മമേകിയതെന്നും, വത്തിക്കാനിലേയ്ക്കുള്ള സൈപ്രസ്സിന്‍റെ അമ്പാസിഡര്‍, ജോര്‍ജ്ജ് പൊല്യൂഡെസ് അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍, കര്‍ദ്ദിനാള്‍ സാന്ദ്രി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.