2012-07-27 09:18:30

പോള്‍ പള്ളത്തിന്
വത്തിക്കാന്‍റെ നിയമനം


26 ജൂലൈ 2012, വത്തിക്കാന്‍
വത്തിക്കാന്‍റെ കോടതിയായ റോത്താ റൊമാനായില്‍ സേവനംചെയ്യുന്ന മോണ്‍സീഞ്ഞോര്‍ പോള്‍ പള്ളത്തിനെ ജൂലൈ 26-ാം തിയതി വ്യാഴാഴ്ച അതേ സ്ഥാപനത്തില്‍ വിവാഹമോചനം, പൗരോഹിത്യ പദവിയില്‍നിന്നുമുള്ള വിടുവിക്കല്‍ എന്നിവയ്ക്കായുള്ള പ്രത്യേക വിഭാഗത്തിന്‍റെ തലവനായി ബനഡിക്ട‍് 16-ാമന്‍ പാപ്പാ നിയോഗിച്ചു.

പൗരസ്ത്യ-ലത്തീന്‍ സഭാ കാനോനാ നിയമങ്ങളുടെ പഠനത്തില്‍ ഡോക്ടര്‍ ബിരുദധാരിയായ മോണ്‍സീഞ്ഞോര്‍ പള്ളത്ത് വത്തിക്കാന്‍റെ ആരാധനക്രമത്തിനും കൂദാശകള്‍ക്കുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും സേവനംചെയ്തിട്ടുണ്ട്. വത്തിക്കാന്‍റെ കീഴിലുള്ള റോമിലെ പൗരസ്ത്യ വിദ്യാപീഠത്തില്‍
സഭാ ചരിത്രം, പൗസ്ത്യസഭാ നിയമം എന്നീ വിഷയങ്ങളുടെ പ്രഫസര്‍ കൂടിയാണ് പാലാ രൂപതാംഗവും ഏഴാംച്ചേരി സ്വദേശിയുമായ മോണ്‍സീഞ്ഞോര്‍ പോള്‍ പള്ളത്ത്. കാനോന നിയമം, സഭാ ചരിത്രം, സീറോ മലബാര്‍ റീത്തിന്‍റെ ആരാധനക്രമം എന്നീ വിഷയങ്ങളെ അധികരിച്ച് മോണ്‍സീഞ്ഞോര്‍ പള്ളത്ത് ഇരുപതിലേറെ ഗ്രന്ഥങ്ങള്‍ മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയിലന്‍ എന്നീ ഭാഷകളില്‍ രചിച്ചിട്ടുണ്ട്.

ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണ നടപടിക്രമവുമായി ബന്ധപ്പെട്ട വത്തിക്കാനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കിയതും മോണ്‍സീഞ്ഞോര്‍ പോള്‍ പള്ളത്താണ്.









All the contents on this site are copyrighted ©.