2012-07-25 20:00:44

സാഹോദര്യത്തിന്‍റെ കൂട്ടായ അനുഭവമാണ് ഒളിംപിക്സെന്ന്
ബനഡിക്ട് 16-ാമന്‍ പാപ്പ


25 ജൂലൈ 2012, ക്യാസില്‍ ഗണ്ടോള്‍ഫോ
തന്‍റെ വേനല്‍ക്കാല വസതിയായ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍വച്ച് കഴിഞ്ഞ വാരാന്ത്യത്തില്‍ നല്കിയ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് ജൂലൈ 27-ാം തിയതി വെള്ളിയാഴ്ച ലണ്ടണില്‍ തിരിതെളിയുന്ന ഒളിംപിക് മാമാങ്കത്തെ മനുഷ്യരാശിയുടെ ‘സാഹോദര്യത്തിന്‍റെ കൂട്ടായ അനുഭവ’മെന്ന് പാപ്പാ വിശേഷിപ്പിച്ചത്. മാനുഷിക മൂല്യങ്ങളുടെ ശക്തവും പ്രതീകാത്മകവുമായ ഈ കായിക മഹോത്സവത്തെ സഭ പ്രത്യേക താല്പര്യത്തോടും ശ്രദ്ധയോടുംകൂടെയാണ് വീക്ഷിക്കുന്നതെന്നും, അതിന്‍റെ വിജയത്തിനും സമാധാനപൂര്‍ണ്ണമായ നടത്തിപ്പിനുമായി ഏവരും പ്രാര്‍ത്ഥിക്കണമെന്നും വേനല്‍ക്കാല വസതിയുടെ അങ്കണത്തില്‍ തടിച്ചുകൂടിയ വന്‍ തീര്‍ത്ഥാടക സമൂഹത്തെ പാപ്പ ഉദ്ബോധിപ്പിച്ചു.

ഭൂമുഖത്ത് ദൈവം സമാധാനം വിതയ്ക്കുമ്പോള്‍ അശുദ്ധാത്മാവ് കലഹത്തിന്‍റെ കള വിതയ്ക്കുന്നുണ്ടെന്നും, ആകയാല്‍ ഗ്രീസിലെ ആദ്യ ഒളിംപിക് കളികള്‍ക്കു മുന്‍പ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായി സമാധാന ഉടമ്പടിയുണ്ടാക്കിയതുപോലെ, ഏവരും ശ്രദ്ധാപൂര്‍വ്വം സമാധാനത്തിന്‍റെ പ്രായോജകരാകണമെന്നും പാപ്പാ തന്‍റെ പ്രഭാഷണത്തിലൂടെ ആഹ്വാനംചെയ്തു.
ദൃശ്യ-ശ്രാവ്യ പ്രകടനങ്ങളുടെ മാസ്മരികതയുമായി ജൂലൈ 27-ന് ലണ്ടണിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ തുടക്കമിടുന്ന മാനവരാശിയുടെ കായിക മാമാങ്കം ആഗസ്റ്റ് 12-വരെ നീണ്ടുനില്ക്കും.









All the contents on this site are copyrighted ©.