2012-07-25 10:58:40

വത്തിലീക്സ് : വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ പരിശുദ്ധ സിംഹാസനത്തിന്‍റെ രൂക്ഷ വിമര്‍ശനം


24 ജൂലൈ 2012, വത്തിക്കാന്‍
വത്തിക്കാന്‍ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ പരിശുദ്ധ സിംഹാസനത്തിന്‍റെ രൂക്ഷ വിമര്‍ശനം. പരിശുദ്ധ സിംഹാസനം 23ാം തിയതി തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഒരു ജര്‍മ്മന്‍ പത്രവും ഇറ്റാലിയന്‍ പത്രവും പ്രസിദ്ധീകരിച്ച വാര്‍ത്തകളെ രൂക്ഷമായി വിമര്‍ശിച്ചത്. വത്തിക്കാന്‍ രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍, മാര്‍പാപ്പയ്ക്കുവേണ്ടി വര്‍ഷങ്ങളായി ആത്മാര്‍ത്ഥ സേവനമനുഷ്ഠിക്കുന്ന ആദരണീയരായ വ്യക്തികള്‍ക്ക് പങ്കുണ്ടെന്ന അടിസ്ഥാനരഹിതമായ വാര്‍ത്ത തീര്‍ത്തും അസ്വീകാര്യവും പ്രതിഷേധാര്‍ഹവുമാണെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

അതിനിടെ , ഒരു ജര്‍മ്മന്‍ പത്രവാര്‍ത്തയെ ഉദ്ധരിച്ചുകൊണ്ട് ഇറ്റലിയിലെ മുഖ്യ ദിനപത്രങ്ങളിലൊന്നായ “ലാ റിപ്പുബ്ലിക്ക” (La Repubblica) ചില വ്യക്തികള്‍ക്കെതിരേ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ലൊംബാര്‍ദി പ്രസ്താവിച്ചു. ജര്‍മ്മന്‍ മാധ്യമങ്ങള്‍ അവഗണിച്ച കഴമ്പില്ലാത്ത വാര്‍ത്തയാണ് ഇറ്റാലിയന്‍ പത്രം ഏതാണ്ട് പൂര്‍ണ്ണമായും പകര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വത്തിക്കാന്‍റെ രേഖകള്‍ ചോര്‍ന്ന സംഭവം അന്വേഷിക്കുന്ന സമിതിക്കു മുന്‍പില്‍ സാക്ഷൃം നല്‍കിയ ചില വ്യക്തികള്‍ക്ക് വത്തിക്കാന്‍ രേഖകള്‍ ചോര്‍ത്തിയതില്‍ പങ്കുണ്ടെന്നാണ് പത്രം ആരോപിച്ചത്. പ്രസ്തുത വ്യക്തികള്‍ അന്വേഷണ സമിതിക്കു സാക്ഷൃം നല്‍കിയെന്നത് ശരിയാണ്. എന്നാല്‍ വത്തിക്കാന്‍ രേഖകള്‍ ചോര്‍ത്തിയതില്‍ ഏതെങ്കിലും തരത്തില്‍ അവര്‍ക്കു പങ്കുണ്ടെന്ന് അത് അര്‍ത്ഥമാക്കുന്നില്ലെന്ന് ഫാ.ലൊംബാര്‍ദി വിശദീകരിച്ചു. ഗുരുതരമായ ഒരു സംഭവത്തെ വിവേകത്തോടും ഗൗരവത്തോടും കൂടിവേണം സമീപിക്കാന‍െന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ വിവരങ്ങളുമാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ഉദാഹരണസഹിതം അദ്ദേഹം തുറന്നടിച്ചു. മാര്‍പാപ്പയുടെ മുഖ്യ പരിചാരകന്‍റെ ഭാര്യയോടും പേരുവെളിപ്പെടുത്താത്ത ഒരു വത്തിക്കാന്‍ ഉദ്യോഗസ്ഥനോടും അഭിമുഖം നടത്തിയെന്ന പത്രത്തിന്‍റെ അവകാശവാദം വ്യാജമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പത്രവായനക്കാര്‍ക്കു നല്‍കേണ്ടത് സത്യസന്ധമായ വാര്‍ത്തകളാണെന്നും ഫാ.ലൊംബാര്‍ദി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.