2012-07-25 20:08:37

ക്യൂബയുടെ വിമതനായകന്
പാപ്പായുടെ ആദരാഞ്ജലി


25 ജൂലൈ 2012, ക്യാസില്‍ ഗണ്ടോള്‍ഫോ
ക്യൂബയുടെ ക്രൈസ്തവ വിമതനായകന് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രാര്‍ത്ഥനാഞ്ജലി അര്‍പ്പിച്ചു. ആധുനിക ക്യൂബയുടെ രാഷ്ട്രീയ പ്രതിപക്ഷ നേതാവും മനുഷ്യാവകാശ സംരക്ഷകനുമായ ഓസ്വാള്‍ഡ് പാജാ സര്‍ദീനസ്സിന്‍റെ അകാല നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് അയച്ച സന്ദേശത്തിലൂടെയാണ് പാപ്പാ ആദരാഞ്ജലി അര്‍പ്പിച്ചത്. ഹവാനാ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജെയിംസ് ഒര്‍ത്തേഗാ വഴിയാണ് വേനല്‍ക്കാല അവധിയിലായിരിക്കുന്ന പാപ്പാ തന്‍റെ അനുശോചനം രേഖപ്പെടുത്തിയത്.
ജൂലൈ 22-ാം തിയതി ഞായറാഴ്ച ക്യൂബയുടെ കിഴക്കന്‍ പ്രവിശ്യയില്‍വച്ചുണ്ടായ വാഹനാപകടത്തിലാണ് ക്യൂബയുടെ വിമതനായകന്‍, സര്‍ദീനസ്സ് കൊല്ലപ്പെട്ടത്.

കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ മനുഷ്യാവകാശത്തിന്‍റെയും സാമൂഹ്യ നീതിയുടെയും ശബ്ദമുയര്‍ത്തിയ ഓസ്വാള്‍ഡ് സര്‍ദീനസ്സിന്‍റെ വ്യക്തിത്വം പകരംവയ്ക്കാനാവാത്താണെന്ന് പാപ്പാ സന്ദേശത്തില്‍ വിശേഷിപ്പിച്ചു. സര്‍ദീനസ്സിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥന നേരുന്ന പാപ്പ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും തന്‍റെ അനുശോചനവും അറിയിച്ചു. ക്യൂബയുടെ മദ്ധ്യസ്ഥയായ കോബ്രേയിലെ കന്യകാ നാഥയുടെ സഹായം യാചിച്ചുകൊണ്ട് ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും പ്രതീകമായി പാപ്പാ തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദവും സന്ദേശത്തിലൂടെ നല്കി.

1987-ല്‍ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തുവാന്‍ സ്വതന്ത്ര ക്രൈസ്തവ പ്രസ്താനത്തിന് സര്‍ദീനസ്സ് രൂപംനല്കി. ജനങ്ങള്‍ക്ക് സമ്മേളിക്കുവാനും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുവാനുമുള്ള അടിസ്ഥാന അവകാശത്തിനായി ആഗോളതലത്തില്‍ ആദ്യമായി ഒപ്പുശേഖരം നടത്തിയ വ്യക്തിയാണ് സര്‍ദീനസ്സ്. ‘വരേലാ പദ്ധതി’ എന്നപേരില്‍ പ്രശസ്തമായ അദ്ദഹത്തിന്‍റെ 1989-ലെ ഒപ്പുശേഖരണത്തില്‍ 25,000 സാമൂഹ്യ പ്രബുദ്ധര്‍ അന്തര്‍ദേശീയ തലത്തില്‍ പങ്കെടുത്തു. സര്‍ദീനസ്സിന്‍റെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ഹോമോ ഹോമിനി, ഷാക്കരോവ് എന്നീ അന്തര്‍ദേശിയ പുരസ്ക്കാരങ്ങള്‍ക്കും സര്‍ദീനസ്സ് അര്‍ഹനായി. 2005-ല്‍ നോബല്‍ സമ്മാനത്തിനും സര്‍ദീനസ്സ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.








All the contents on this site are copyrighted ©.