2012-07-23 17:44:30

ഡെന്‍വര്‍: മരണമടഞ്ഞവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന


23 ജൂലൈ 2012, ഡെന്‍വര്‍
അമേരിക്കയിലെ സിനിമാ തിയേറ്ററില്‍ നടന്ന വെടിവെയ്പ്പില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി ഡെന്‍വറില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. കൊളറാഡോ സംസ്ഥാനത്തെ ഡെന്‍വര്‍ നഗരത്തിലുള്ള ഔറോറയിലെ സെഞ്ചുറി സിനിമാ ശാലയില്‍ ബാറ്റ്മാന്‍ ചിത്രമായ ‘ദി ഡാര്‍ക്ക് നൈറ്റ് റൈസസ്’ എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിനിടെ നടന്ന വെടിവെയ്പ്പില്‍ 12 പേര്‍ മരണമടയുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദര സൂചകമായി പൊതുപ്രവര്‍ത്തകരും മതനേതാക്കളും സംയുക്തമായി സംഘടിപ്പിച്ച പ്രാര്‍ത്ഥനായോഗത്തില്‍ അനേകര്‍ പങ്കെടുത്തു.
ഔറോറ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ബാരക്ക് ഒബാമ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരേയും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളേയും നേരില്‍ കണ്ട് അനുശോചനം രേഖപ്പെടുത്തി.
ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാ മധ്യേ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഔറോറയിലെ വെടിവെയ്പ്പു ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിരുന്നു. അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍മാരും സംഭവത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തി. ദുരന്തത്തില്‍ മാനസിക ആഘാതമേറ്റവരെ സഹായിക്കാന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങും സാന്ത്വന പദ്ധതിയും നടത്തുന്നുണ്ടെന്ന് ഡെന്‍വര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സാമുവേല്‍ അക്വില അറിയിച്ചു. ദുരന്തത്തിനിരയായവരെ സഹായിക്കാനും സാന്ത്വനമേകാനും സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് നിരവധിപേര്‍ മുന്നോട്ടു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.