2012-07-23 17:43:56

ഒരുമിച്ചിരിക്കൂ, ഒരു വാക്കു സംസാരിക്കൂ!


23 ജൂലൈ 2012, വത്തിക്കാന്‍
ദമ്പതികള്‍ പരസ്പരം ശ്രവിക്കാനും സംസാരിക്കാനും സമയം കണ്ടെത്തുന്നത് അവരുടെ ദാമ്പത്യ ജീവിതം ഊഷ്മളമാക്കുമെന്ന് മാര്‍പാപ്പ. നോട്ടര്‍ ഡാം എക്വിപെസിന്‍റെ (Equipes Notre Dame) പതിനൊന്നാമത് അന്താരാഷ്ട്ര സംഗമത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ദമ്പതികള്‍ക്കുവേണ്ടിയുള്ള ആത്മീയ മുന്നേറ്റമാണ് നോട്ടര്‍ ഡാം എക്വിപെസ്. ഫ്രഞ്ച് വൈദികന്‍ ഹ‍െന്‍ററി കഫാറെല്‍ 1939ല്‍ ആരംഭിച്ച ഈ ആത്മീയ മുന്നേറ്റത്തിന്‍റെ അനിവാര്യതയും പ്രസക്തിയും വര്‍ദ്ധിച്ചുവരുകയാണെന്ന് സന്ദേശത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. മതനിരപേക്ഷകത വര്‍ദ്ധിച്ചുവരുന്ന സമൂഹത്തില്‍ നോട്ടര്‍ ഡാം എക്വിപെസ് വിവാഹവും കുടുംബജീവിതവുമായി ബന്ധപ്പെട്ട ഏറെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
നോട്ടര്‍ ഡാം എക്വിപെസിലെ ദമ്പതികള്‍ സുവിശേഷ പ്രഘോഷണം നടത്തുന്നത് വെറും വാക്കുകള്‍ കൊണ്ടല്ല, തങ്ങളുടെ ജീവിത മാതൃകയിലൂടെയാണ്. ‘പരസ്പരം സ്നേഹിക്കുന്ന ദമ്പതികളും പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളും കുടുംബ സമാധാനവും’ വാക്കുകള്‍ കൂടാതെയുള്ള പ്രഭാഷണമാണ‍െന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വാക്കുകളം തദവസരത്തില്‍ പാപ്പ അനുസ്മരിച്ചു. ക്രൈസ്തവ ദമ്പതികളുടെ ആത്മീയതയും അനുദിന ജീവിത സാക്ഷൃവും പരിപോഷിപ്പിക്കുന്ന പല നിര്‍ദേശങ്ങളും പ്രായോഗിക പദ്ധതികളും നോട്ടര്‍ ഡാം എക്വിപെസിനുണ്ട്. അതില്‍, “ഒന്നിരിക്കൂ” (the Sit Down) എന്ന പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് മാര്‍പാപ്പ സന്ദേശത്തില്‍ പരാമര്‍ശിച്ചു. ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്, ദമ്പതികള്‍ ഒന്നിച്ച് സമയം ചിലവഴിക്കുകയും തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുന്ന ശീലമാണ്. സ്വാര്‍ത്ഥതയും ജീവിത വ്യഗ്രതയും ഏറിവരുന്ന ഇക്കാലത്ത് ദാമ്പത്യബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന തെറ്റിധാരണകളും മറ്റും ഒഴിവാക്കാന്‍ ദമ്പതികള്‍ തമ്മിലുള്ള ആത്മാര്‍ത്ഥവും നിരന്തരവുമായ ആശയവിനിമയം സഹായകമാകും. ഒരുമിച്ചിരുന്ന് സംസാരിക്കുകയും ശ്രവിക്കുകയും ചെയ്യുന്ന ശീലം വളര്‍ത്തിയെടുത്തുകൊണ്ട് പരസ്പരം മനസിലാക്കി, ജീവിത വൈതരണികളെ ഒരുമിച്ചു നേരിടുവാന്‍ മാര്‍പാപ്പ ദമ്പതികളെ ആഹ്വാനം ചെയ്തു. സഭയുടെ പുഞ്ചിരിക്കുന്ന മുഖമാകാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നവരാണ് ക്രൈസ്തവ ദമ്പതികളെന്നും പാപ്പ അവരെ ഓര്‍മ്മിപ്പിച്ചു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് സംഗമത്തിന് ആതിഥ്യം വഹിക്കുന്ന ബ്രസീലിലെ അപരെസിദാ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ റെയ്മണ്ട് ഡമാസെയാനോ അസ്സീസിന് മാര്‍പാപ്പയുടെ സന്ദേശമയച്ചത്.








All the contents on this site are copyrighted ©.