2012-07-19 17:31:29

സാമ്പത്തിക ക്രമക്കേടുകളില്‍
വത്തിക്കാന്‍ വീണിട്ടില്ലെന്ന് മോണ്‍സീഞ്ഞോര്‍ ബലസ്ത്രേരോ


19 ജൂലൈ 2012, വത്തിക്കാന്‍
സാമ്പത്തിക ക്രയവിക്രയങ്ങളുടെ ധാര്‍മ്മികതയ്ക്കാണ് അവയുടെ സാങ്കേതികതയെക്കാള്‍ പ്രാധാന്യമെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള ഉപകാര്യ ദര്‍ശി, മോണ്‍സീഞ്ഞോര്‍ എത്തോരെ ബലസ്ത്രേരോ പ്രസ്താവിച്ചു. വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനങ്ങളെക്കുറിച്ച് പഠനം നടത്തിയ യൂറോപ്പ്യന്‍ യൂണിയന്‍റെ സമിതി, മണിവാല്‍, ജൂലൈ 18-ാം തിയതി പുറത്തിറക്കിയ റിപ്പോര്‍ട്ടിനോട് പത്രസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു വത്തിക്കാന്‍റെ വക്താവ്, മോണ്‍സീഞ്ഞോര്‍ ബലസ്ത്രേരോ.

കള്ളപ്പണം വെളുപ്പിക്കല്‍, അധോലോക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകള്‍, കുഴല്‍പ്പണം മുതലായ സാമ്പത്തിക ക്രമകേടുകളില്‍ വത്തിക്കാന്‍ വീണിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍റെ റിപ്പോര്‍ട്ട് തെളിയിക്കുന്നതായി ആര്‍ച്ചുബിഷപ്പ് ബലസ്ത്രേരോ ചൂണ്ടിക്കാട്ടി. വത്തിക്കാന്‍റെ ഭരണക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പരത്തിയ ആരോപണങ്ങളെ തുടര്‍ന്ന്, 2011 ഫെബ്രുവരിയില്‍ പരിശുദ്ധ സിംഹാസനം അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് യൂറോപ്യന്‍ യൂണിയന്‍റെ സാമ്പത്തിക സമിതി വത്തിക്കാന്‍റെ സാമ്പത് വ്യവസ്ഥിതിയെക്കുറിച്ച് പരിശോധന നടത്തിയത്. അതിനുശേഷം പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം സാമ്പത്തിക ന്യൂനതകള്‍ പരിഹരിക്കാന്‍ വത്തിക്കാന് സാധിച്ചിട്ടുണ്ടെന്നും,
പൂര്‍ണ്ണ കാര്യക്ഷമതയുള്ള സംവിധാനം ഉടനെ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും റപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നതായി മോണ്‍സീഞ്ഞോര്‍ ബലസ്ത്രേരോ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.

യൂറോപ്യന്‍ യൂണിയനോടു ചേര്‍ന്നു മാത്രമല്ല, എല്ലാ അന്തര്‍ദേശിയ സാമ്പത്തിക സംവിധാനങ്ങളോടും തോളുരുമ്മിനിന്ന് സുതാര്യതയോടെ പ്രവര്‍ത്തിക്കാനാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നതെന്നും
മോണ്‍സീഞ്ഞോര്‍ ബലസ്ത്രേരോ വര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.