2012-07-18 18:25:33

സഭയുടെ നിലയ്ക്കാത്ത വസന്തമാണ്
രണ്ടാം വത്തിക്കാന്‍ സൂനഹദോസെന്ന് മാര്‍ താഴത്ത്


18 ജൂലൈ 2012, കൊച്ചി
സഭയുടെ നിലയ്ക്കാത്ത വസന്തമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലെന്ന്, കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവിച്ചു. 2012 ഒക്ടോബര്‍ 11-മുതല്‍ 2013 നവംമ്പര്‍ 24-വരെ സാര്‍വ്വത്രിക സഭ കൊണ്ടാടുന്ന വിശ്വാസവര്‍ഷം തീക്ഷ്ണതയോടെ ആചരിക്കുവാന്‍ ജനങ്ങളെ സഹായിക്കുന്ന ചെറുഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ട് സഭാ ആസ്ഥാനമായ പിഒസിയില്‍ നടത്തപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തൃശൂര്‍ അതിരൂപതാ അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് താഴത്ത്.

സഭയെ ആധുനിക യുഗത്തിലേയ്ക്കു നയിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സുവര്‍ണ്ണജൂബിലി, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്‍റെ ഇരുപതാം വാര്‍ഷികം, 2012 ഒക്ടോബര്‍ 7 മുതല്‍ 28-വരെ തിയതികളില്‍ റോമില്‍ നടക്കുന്ന നവസുവിശേഷ വത്ക്കരണത്തെക്കുറിച്ചുള്ള മെത്രാന്മാരുടെ 13-ാമത് സിനഡ് സമ്മേളനം എന്നിവയുടെ പശ്ചാത്തലത്തിലാണ് സാര്‍വ്വത്രിക സഭ
വിശ്വാസവര്‍ഷം ആചരിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് താഴത്ത് ഉദ്ബോധിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിന്‍റെ പ്രമാണരേഖകളുടെയും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്‍റെയും ആഴമാര്‍ന്ന പഠനമാണ് വിശ്വാസവര്‍ഷത്തില്‍ സഭ ലക്ഷൃമിടുന്നത്. രൂപത, ഇടവക, സന്ന്യാസ സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, അല്മായ സംഘടനകള്‍ എന്നിവയിലൂടെ വിശ്വാസവര്‍ഷം സമുചിതമായി ആചരിക്കാന്‍ ഈ ചെറുഗ്രന്ഥം സഹായകമാകട്ടെയെന്നും ആര്‍ച്ചുബിഷപ്പ് താഴത്ത് ആശംസിച്ചു.

ഇടവകകളില്‍ വിശ്വാസവര്‍ഷം ആചരിക്കുവാനുള്ള പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ 24 പേജുകളുള്ള ചെറുഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.‘വിശ്വാസവര്‍ഷം’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ചെറുഗ്രന്ഥം രൂപതകള്‍വഴി ഇടവകകളിലും സ്ഥാപനങ്ങളിലും, അങ്ങനെ കേരളത്തിലെ എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും എത്തിക്കുമെന്ന് കെസിബിസിയുടെ ഡെപ്യൂട്ടി സെക്രട്ടിറി, ഫാദര്‍ സ്റ്റീഫന്‍ അലത്തറ അറിയിച്ചു.









All the contents on this site are copyrighted ©.