2012-07-16 17:41:56

ദൈവസ്വരം ശ്രവിക്കുക, സ്വീകരിക്കുക, പ്രത്യുത്തരിക്കുക: മാര്‍പാപ്പ


16 ജൂലൈ 2012, ഫ്രസ്ക്കാത്തി
ക്രൈസ്തവ സമൂഹങ്ങള്‍ ഐക്യത്തിലും കൂട്ടായ്മയിലും ക്രിസ്തുവിനു സാക്ഷൃം നല്‍കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ജൂലൈ 15ാം തിയതി ഞായറാഴ്ച ഇറ്റലിയിലെ ഫ്രസ്ക്കാത്തി രൂപത സന്ദര്‍ശിച്ച മാര്‍പാപ്പ രൂപതയുടെ ഭദ്രാസന ദേവാലയാങ്കണത്തില്‍ അര്‍പ്പിച്ച സാഘോഷദിവ്യബലി മധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. എണ്ണായിരത്തോളം പേര്‍ ദിവ്യബലിയില്‍ പങ്കുകൊണ്ടു. ദിവ്യബലിയില്‍ പ്രാരംഭ പ്രഭാഷണം നടത്തിയ ഫ്രസ്ക്കാത്തി രൂപതാധ്യക്ഷന്‍ ബിഷപ്പ് റാഫായേല്‍ മാര്‍ത്തിനെല്ലി മാര്‍പാപ്പയ്ക്കു സ്വാഗതമേകി. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തില്‍ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ബിഷപ്പ് മാര്‍ത്തിനെല്ലി കര്‍ദിനാള്‍ റാറ്റ്സിങ്ങറുടെ ആത്മാര്‍ത്ഥ സേവനവും ശുഷ്കാന്തിയും തദവസരത്തില്‍ അനുസ്മരിച്ചു.

വചനപ്രഘോഷണത്തില്‍ മാര്‍പാപ്പ കത്തോലിക്കരുടെ പ്രേഷിത ദൗത്യത്തിനു ഊന്നല്‍ നല്‍കി. സുവിശേഷ സാക്ഷികളാകുക എന്ന വെല്ലുവിളിയേറിയ ദൗത്യത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടതായി വരുമെന്ന് ക്രിസ്തുവിന്‍റെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ പ്രസ്താവിച്ചു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നത് മാനുഷിക ശക്തിക്കും അംഗീകാരത്തിനും അതീതമാണ്. ദൈവ വചന പ്രഘോഷണം മാത്രമല്ല, സ്നേഹത്തിന്‍റേയും സേവനത്തിന്‍റേയും സമര്‍പ്പണത്തിന്‍റേയും പാതയിലൂടെ അനന്തമായ ദൈവിക സ്നേഹത്തിന് സാക്ഷൃം നല്‍കുന്നതും അപ്പസ്തോലിക ദൗത്യത്തിന്‍റെ ഭാഗമാണ്. സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തില്‍ എല്ലാ സഭാംഗങ്ങളും പങ്കുചേരണം.
പൗരോഹിത്യവും സമര്‍പ്പണ ജീവിതവും വിവാഹവും സഭയ്ക്കും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാനായി ദൈവം നല്‍കിയിക്കുന്ന ദാനങ്ങളാണ്. നാം തിരഞ്ഞെടുക്കുന്ന ജീവിതാന്തസ്സ് അതിന്‍റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊണ്ടുകൊണ്ട് ദൈവവിളിയോടു ആനന്ദത്തോടെ പ്രത്യുത്തരിക്കണമെന്ന് മാര്‍പാപ്പ വിശ്വാസികളെ, പ്രത്യേകിച്ച് യുവജനങ്ങളെ, ഉത്ബോധിപ്പിച്ചു. ദൈവം നമ്മെ വിളിക്കുമ്പോള്‍ പരിശുദ്ധ മറിയത്തേപ്പോലെ നാമും അവിടുത്തെ സ്വരം ശ്രവിക്കുകയും, സ്വീകരിക്കുകയും, അവിടുത്തോട് പ്രത്യുത്തരിക്കുകയും വേണം.








All the contents on this site are copyrighted ©.