2012-07-16 17:42:19

ക്രിസ്തുവിനോടൊത്തായിരിക്കാന്‍ പ്രാര്‍ത്ഥനാനിരതമായ ജീവിതം നയിക്കുക : മാര്‍പാപ്പ


16 ജൂലൈ 2012, വത്തിക്കാന്‍
നിരന്തരമായ പ്രാര്‍ത്ഥനാ ജീവിതം നയിക്കുന്നവര്‍ക്കുമാത്രമേ ക്രിസ്തുവിനെ ശ്രവിക്കാനും ക്രിസ്തുവിനാല്‍ നയിക്കപ്പെടാനും സാധിക്കുകയുള്ളൂ എന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. കര്‍മ്മല സഭാ നവീകരണത്തിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് ആവിലാ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഹെസൂസ് ഗാര്‍സിയ ബുറുല്ലോയ്ക്ക് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. അമ്മ ത്രേസ്യാ എന്നറിയപ്പെടുന്ന ആവിലായിലെ വിശുദ്ധ തെരേസ ആവിലയില്‍ വിശുദ്ധ യൗസേപ്പിന്‍റെ നാമധേയത്തിലുള്ള സന്ന്യസ്ത മഠം സ്ഥാപിച്ചതിന്‍റേയും കര്‍മ്മല സഭയുടെ നവീകരണം ആരംഭിച്ചതിന്‍റേയും 450ാം വാര്‍ഷികം ആഘോഷിക്കുകയാണ് ആവില രൂപത. ക്രിസ്തുവുമായി കൂടുതല്‍ അനുരൂപപ്പെടാനുള്ള ശ്രമമാണ് വ്യക്തിപരവും സഭാപരവുമായ ഓരോ നവീകരണവും. സ്വന്തം കഴിവിനെ ആശ്രയിച്ച് വലിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നവരല്ല വിശുദ്ധര്‍, മറിച്ച് തങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്തുവിന്‍റെ കൃപ എളിമയോടെ തിരിച്ചറിഞ്ഞ് അവിടുത്തെ പദ്ധതികളോടു നിശബ്ദമായി സഹകരിക്കുന്നവരാണ് അവരെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. പ്രാര്‍ത്ഥനയില്‍ നിന്നാരംഭിച്ച കര്‍മ്മല സഭാനവീകരണം പ്രാര്‍ത്ഥനയിലേക്കു തന്നെയാണ് നയിക്കുന്നതും.
ഏകാന്തതയില്‍ ദൈവവുമായുള്ള സൗഹൃദം തേടാനാണ് വി.തെരേസ കര്‍മ്മല സന്ന്യാസിനികളെ പഠിപ്പിച്ചത്. മന്ദോഷ്ണത്തിനും അലസതയ്ക്കും വഴിപ്പെടാതെ വിശുദ്ധ തെരേസ, കെടാത്ത ദീപനാളം പോലെ ആവേശപൂര്‍വ്വം സുവിശേഷവല്‍ക്കരണം നടത്തി. ആത്മീയ മൂല്യങ്ങള്‍ അധഃപതിച്ചുകൊണ്ടിരുന്ന ഒരു ചരിത്രപശ്ചാത്തലത്തിലാണ് വി.തെരേസ നവീകരണ സംരംഭം തുടങ്ങിയത്. ഇക്കാലത്തെ സാഹചര്യങ്ങളും അതില്‍ നിന്നു ഭിന്നമല്ല. കത്തോലിക്കര്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയിലൂടെ ആന്തരിക നവീകരണം നടത്തേണ്ടത് ഈ കാലഘട്ടത്തിന്‍റ അടിയന്തരാവശ്യമാണെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.