2012-07-12 19:41:19

സൗഹൃദത്തിന്‍റെ തീരങ്ങള്‍ തേടുന്ന
സംഗീത സാന്ദ്രലയം


12 ജൂലൈ 2012, ക്യസില്‍ ഗണ്ടോള്‍ഫോ
സംഗീതത്തിന്‍റെ ആഗോള ഭാഷ മനുഷ്യമനസ്സുകള്‍ക്ക് സമാധാനം പകരുമെന്ന്
ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു. ജൂലൈ 11-ാം തിയതി വൈകുന്നേരം ക്യാസില്‍ ഗണ്ടോള്‍ഫോയിലുള്ള വേനല്‍ക്കാല വസതിയില്‍ നടത്തിയ സംഗീത വിരുന്നിന്‍റെ സമാപനത്തില്‍ നന്ദിപറയുകയായിരുന്നു പാപ്പ. തന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ബനഡിക്ടിന്‍റെ തിരുനാള്‍ ദിനത്തിലാണ് പ്രശസ്തമായ West-Eastern Divan Orchestra വേനല്‍ക്കാല വസതിയുടെ അങ്കണത്തില്‍ സംഗീതവിരുന്ന് ഒരുക്കിയത്.
ബിത്തോവന്‍റെ 5-ഉം 6-ഉം സിംഫണികള്‍ അവതരിപ്പിച്ച സംഗീത വിരുന്ന് രണ്ടു മണിക്കൂര്‍ നേരംകൊണട് മനുഷ്യജീവിതത്തിന്‍റെ ദുരന്ത മേഖലയില്‍നിന്നും സമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഇടയതീരങ്ങളിലേയ്ക്ക് ഏവരെയും ആനയിച്ച സാന്ദ്രലയമായിരുന്നുവെന്ന്, പരിപാടിയെ വിലയിരുത്തിക്കൊണ്ട് സംഗീതജ്ഞനായ പാപ്പാ വിവരിച്ചു. സംഗീതത്തിന് മതങ്ങളുടെയും സംസ്ക്കാരങ്ങളുടെയും രാഷ്ട്രങ്ങളുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് സാഹോദര്യത്തിന്‍റെ കൂട്ടായ്മ വളര്‍ത്താനാകുമെന്ന് West Eastern Divan Orchestra പഠിപ്പിക്കുന്നുണ്ടെന്ന് പാപ്പ തന്‍റെ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് നെപ്പോളിത്താനോ, വത്തിക്കാന്‍റെ സാംസ്കാരിക കാര്യങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സി എന്നിവരും മറ്റു വിശിഷ്ടാഥിതികളും പാപ്പായ്ക്കൊപ്പം സന്നിഹിതരായിരുന്നു.
മദ്ധ്യപൂര്‍വ്വദേശത്തെ യുദ്ധഭൂമിയില്‍ അനുരഞ്ജനത്തിന്‍റെ സന്ദേശവുമായി

ഇസ്രായേല്‍–പലസ്തീന്‍ രാജ്യങ്ങളിലെ കലാകാരന്മാരെ കോര്‍ത്തിണക്കിക്കൊണ്ട് സംഗീത സംവിധായകര്‍, ഡാനിയേല്‍ ബാരെന്‍ബോയിമും ഏഡ്വേര്‍ഡ് സെഡ്ഡു ചേര്‍ന്നു രൂപകല്പന ചെയ്തതാണ് ലോക പ്രശസ്തമായ West-Eastern Divan Orchestra.
സംഗീത സംഘത്തിലെ ഇസ്ലാം-യഹൂദ-ക്രൈസ്തവ മതങ്ങളില്‍പ്പെട്ട യുവകലാകാരന്മാരുടെ കൂട്ടായ്മയുടെ സാന്നിദ്ധ്യം ഇന്ന് ലോകം സ്വപ്നംകാണുന്ന സ്നേഹത്തിന്‍റെയും സഹോദര്യത്തിന്‍റെയും ജീവിക്കുന്ന സാക്ഷൃമാണെന്ന് സംഗീത വിരുന്നിന് സ്വാഗതം ആശംസിച്ച, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സി പ്രസ്താവിച്ചു.









All the contents on this site are copyrighted ©.