2012-07-12 20:07:27

ആഴിയില്‍ ഒടുങ്ങിയ
അഭയാര്‍ത്ഥി സ്വപ്നങ്ങള്‍


12 ജൂലൈ 2012, നേപ്പിള്‍സ്
യൂറോപ്പിന്‍റെ സ്വപ്നഭൂമിയില്‍ എത്തും മുന്‍പെ 54 ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ മദ്ധ്യധരണി ആഴിയില്‍ മുങ്ങി മറഞ്ഞു.
ലീബിയായുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്നും യൂറോപ്യന്‍ തീരങ്ങള്‍ ലക്ഷൃമാക്കി ജൂണ്‍ അവസാനത്തില്‍ റബ്ബര്‍ ബോട്ടിലാണ് 55 അഭയാര്‍ത്ഥികള്‍ പുറപ്പെട്ടത്. 55-ല്‍ 54-പേരും മദ്ധ്യധരണ ആഴിയില്‍വച്ച് ഭക്ഷണവും കുടിവെള്ളവുമില്ലാതെ മരണമടഞ്ഞതായി ദുരന്തത്തില്‍നിന്നും അത്ഭുതകരമായ രക്ഷപ്പെട്ട മനുഷ്യന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഇറ്റലിയുടെ തീരങ്ങളില്‍ എത്തിയ ബോട്ട് കാറ്റില്‍പ്പെട്ട് വീണ്ടും ആഴക്കടലില്‍ വീണതാണ് ദുരന്ത കാരണമായതെന്ന് രക്ഷപ്പെട്ട ഏകവ്യക്തി, എരിത്രിയാ സ്വദേശി വിവരിച്ചു. 15 ദിവസത്തോളം ആഴക്കടലില്‍പ്പെട്ട ബോട്ടില്‍ ഭക്ഷണമോ കുടിവെള്ളമോ ഇല്ലായിരുന്നു. കടല്‍ജലം കുടിച്ചും അസുഖം ബാധിച്ചും ചിലര്‍ മരണമടഞ്ഞപ്പോള്‍, അന്ത്യഘട്ടത്തില്‍ റബ്ബര്‍ ബോട്ടിലുണ്ടായ ചോര്‍ച്ചയും ദുരന്തത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്ന് അവശിഷ്ടങ്ങള്‍ പരിശോധിച്ച വിദഗ്ദ്ധര്‍ വിലയിരുത്തി.

നിരന്തരമായ ജലഗതാഗതവും വിവിധ രാജ്യങ്ങളുടെ നാവിക സേനയുടെ സുരക്ഷാബോട്ടുകളും കപ്പലുകളും നിരീക്ഷണ സാറ്റലൈറ്റുകളുമുള്ള മദ്ധ്യധരണി ആഴിയില്‍ 15-ദിവസങ്ങള്‍ തള്ളിനീക്കിയ അഭയാര്‍ത്ഥികളുടെ ബോട്ട് നിരീക്ഷിണ വിധേയമാകാതെ പോയത് വലിയ പിഴവായിപ്പോയെന്ന്, യൂറോപ്പിലെ സുരക്ഷാ സംഘടന JRS-ന്‍റെ വക്താവ് സ്റ്റീഫന്‍ കെസ്ലര്‍ ആരോപിച്ചു. യുദ്ധത്തിന്‍റെയും അഭ്യന്തകലാപത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കലാവസ്ഥാ വ്യതിയാനത്തിന്‍റെയും കെടുതികളില്‍പ്പെട്ട ആഫ്രിക്കന്‍ രാജ്യങ്ങളിലെ നിരവധിയായ അഭയാര്‍ത്ഥികളെ സുരക്ഷിതമായി യൂറോപ്പിലെ അഭയാര്‍ത്ഥീ കേന്ദ്രങ്ങളില്‍ എത്തിക്കുവാനുള്ള രാജ്യന്തരസംവിധാനങ്ങള്‍ എത്രയും വേഗം കൈക്കൊള്ളേണ്ടതാണെന്ന്, സംഭവസ്ഥലത്തെത്തിയ ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ത്ഥി കാര്യങ്ങള്‍ക്കായുള്ള വിഭാഗത്തിന്‍റെ മേധാവി അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.