2012-07-11 19:48:35

വഷളാകുന്ന
വത്തിക്കാന്‍-ചൈന ബന്ധം


11 ജൂലൈ 2012, റോം
വത്തിക്കാന്‍ ചൈന ബന്ധം വീണ്ടും വഷളാകുന്നു
ചൈനയുടെ വടക്കു കിഴക്കന്‍ ഭാഗത്തുള്ള ഹാര്‍ബിന്‍ പ്രവിശ്യയ്ക്കുവേണ്ടി 48 കാരനായ ജോസഫ് യൂ ഫുഷേങ്ങ് എന്ന വൈദികനെ
ജൂണ്‍ 6-ാം തിയതി മെത്രാനായി സര്‍ക്കാര്‍ വാഴിച്ചതിനെ തുടര്‍ന്നാണ് വത്തിക്കാന്‍ ചൈനബന്ധം കൂടുതല്‍ വഷളായതെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ബനഡിക്ട് 16-ാമന്‍ പാപ്പയുടെ അനുമതിയില്ലാതെയാണ് ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രിത ദേശീയ സഭ പുതിയ മെത്രാനെ തിരഞ്ഞെടുക്കുകയും വാഴിക്കുകയും ചെയ്തത്.

വത്തിക്കാന്‍റെ വിശ്വാസ കാര്യങ്ങള്‍ക്കായുള്ള സംഘം രേഖാമൂലം നല്കിയ താക്കീതുകളെ അവഗണിച്ചാണ് സര്‍ക്കാരും, സര്‍ക്കാര്‍ നിയന്ത്രിത സഭയെ പിന്‍താങ്ങുന്ന ചില മെത്രാന്മാരും മെത്രാഭിഷേകത്തിനു തുനിഞ്ഞത്.
പാപ്പായുടെ നിയമനമില്ലാതെ മെത്രാഭിഷേകം നടത്തുന്നത്
സഭാ നിയമങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമാകയാല്‍
ജോസഫ് ഫുഷേങ്ങിന്‍റെ മെത്രാന്‍ സ്ഥാനം സ്വമേധയാ അസാധുവും
സഭാ നിയമ പ്രകാരം ശിക്ഷാര്‍ഹവുമാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ വാഴിച്ച ജോസഫ് ഫുഷേങ്ങിനെ കത്തോലിക്കാ സഭയില്‍നിന്നും പുറത്താക്കിയതു കൂടാതെ, സര്‍ക്കാരിന്‍റെ മെത്രാഭിഷേക കര്‍മ്മത്തില്‍ പങ്കെടുത്ത മെത്രാന്മാരോട് സഭയെ ധിക്കരിച്ചുകൊണ്ടു നടത്തിയ പ്രവൃത്തിക്ക് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വത്തിക്കാന്‍റെ വക്താവ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.