2012-07-11 19:50:58

മനുഷ്യനെ മഥിക്കുന്ന
മതമൗലികവാദം


11 ജൂലൈ 2012, മുമ്പൈ
മതമൗലികവാദമാണ് ഇന്ത്യയുടെ സാമൂഹ്യ ഘടനയെ തകര്‍ക്കുന്നതെന്ന്, മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. സംസ്ക്കാരങ്ങളുടെയും മതങ്ങളുടേയും സങ്കരഭൂമിയായ ഭാരതത്തിന്‍റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് മതമൗലികവാദമാണെന്ന് ജൂലൈ 10-ാം തിയതി മുമ്പൈയില്‍ നടത്തിയ ടെലിവിഷന്‍ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു.
നാനാത്വത്തിലുള്ള ഏകത്വമാണ് ഭാരതത്തെ മറ്റു രാഷ്ട്രങ്ങളില്‍നിന്നും വ്യത്യസ്ഥമാക്കുന്നതും, അത് ഈ നാടിന്‍റെ തനിമയാര്‍ന്ന മനോഹാരിതയും സമ്പന്നതയുമാണെന്നും കര്‍ദ്ദിനാള്‍ വിശേഷിപ്പിച്ചു. മൗലികവാദം ഇന്ന് പൊതുവെ എല്ലാ മതങ്ങളിലും ഉണ്ടെങ്കിലും, അതിന്‍റെ തുടക്കം ഇസ്ലാമിക മൗലിക ചിന്തകളില്‍ നിന്നാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി.
ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ സത്ത അറിയാത്ത ക്രൈസ്തവ മതമൗലിക വാദികളും, രാഷ്ട്രീയ ലക്ഷൃവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഹിന്ദു മതമൗലിക ചിന്തകരും സമൂഹത്തിന്‍റെ സമാധാനാന്തരീക്ഷം തച്ചുടയ്ക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു.
ഇന്ത്യാപോലുള്ള മതാത്മക സമൂഹ്യാന്തരീക്ഷത്തില്‍ സുവിശേഷവത്ക്കരണം എന്നും വെല്ലുവിളിയായിരിക്കുമെന്നും, അത് ഒരു ഒഴിവു നിറയ്ക്കലല്ല, മറിച്ച് ജീവിതസാക്ഷൃംകൊണ്ട് മനുഷ്യര്‍ക്ക് ദൈവത്തെ കാണിച്ചുകൊടുക്കുന്ന പ്രക്രിയയാണെന്നും കര്‍ദ്ദിനാള്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.