2012-07-10 16:40:48

കര്‍ദിനാള്‍ സാലെസിന് മാര്‍പാപ്പയുടെ ആദരാജ്ഞലി


10 ജൂലൈ 2012, വത്തിക്കാന്‍
ബ്രസീലിയന്‍ കര്‍ദിനാള്‍ എവുജെനിയോ ദെ അറുഷോ സാലെസിന്‍റെ നിര്യാണത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തി. മൂന്നു പതിറ്റാണ്ടു കാലം കര്‍ദിനാള്‍ സേവനമനുഷ്ഠിച്ച റിയോ ദി ജനേറോയിലെ സെന്‍റ് സെബാസ്റ്റൃന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജ്വാവോ തെംപസ്തയ്ക്കയച്ച അനുശോചന സന്ദശേത്തില്‍, കര്‍ദിനാള്‍ സാലെസ് സഭയ്ക്കും സമൂഹത്തിനും നല്‍കിയ സേവനങ്ങള്‍ മാര്‍പാപ്പ അനുസ്മരിച്ചു. സത്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ അജപാലന ശുശ്രൂഷയുടെ മഹത്തായ മാതൃകയാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. 70 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ 58 വര്‍ഷവും മെത്രാന്‍സ്ഥാനത്തു ശുശ്രൂഷ ചെയ്ത അദ്ദേഹം വിശ്വസ്തനായ അജപാലകനായിരുന്നു. ഏകദേശം മൂന്നു പതിറ്റാണ്ടു കാലം റിയോ ദെ ജനേറോ അതിരൂപതാപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. അശരണര്‍ക്കും നിരാലംബര്‍ക്കും സാന്ത്വനമായി നിലകൊണ്ട അജപാലകനായിരുന്നു കര്‍ദിനാള്‍ സാലെസെന്ന് മാര്‍പാപ്പ അനുസ്മരിച്ചു. കര്‍ദിനാളിന്‍റെ വേര്‍പാടില്‍ വേദനിക്കുന്നരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന പാപ്പ അവര്‍ക്കു തന്‍റെ അപ്പസ്തോലികാശീര്‍വാദവും നല്‍കി.

കര്‍ദിനാള്‍ എവുജെനിയോ ദെ അറുഷോ സാലെസ് (91) ജൂലൈ പത്താം തിയതി ചൊവ്വാഴ്ചയാണ് നിര്യാതനായത്. 1969 ഏപ്രില്‍ 28ാം തിയതി പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയത്. റിയോ ദി ജനേറോ അതിരൂപതാധ്യക്ഷനായി 30 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച അദ്ദേഹം 2001 മുതല്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

കര്‍ദിനാള്‍ എവുജെനിയോ ദെ അറുഷോ സാലെസിന്‍റെ മരണത്തോടെ കത്തോലിക്കാ സഭയിലെ കര്‍ദിനാള്‍മാരുടെ എണ്ണം 208 ആയി. അതില്‍ 121 പേര്‍ക്കാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്. പ്രസ്തുത വോട്ടവകാശമില്ലാത്ത, 80 വയസ്സു പിന്നിട്ട, 87 കര്‍ദിനാള്‍മാരും ഉള്‍പ്പെടുന്നതാണ് ഇപ്പോഴത്തെ കര്‍ദിനാള്‍ സംഘം.








All the contents on this site are copyrighted ©.