2012-07-10 16:41:30

കര്‍ണ്ണാടക: ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കത്തോലിക്കര്‍


10 ജൂലൈ 2012, കര്‍ണ്ണാടക
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവിയെ സംബന്ധിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ണ്ണാടകയിലെ കത്തോലിക്കര്‍. വിദ്യാലയത്തിലെ 75 ശതമാനം വിദ്യാര്‍ത്ഥികള്‍ ന്യൂനപക്ഷ സമുദായ അംഗങ്ങളാണെങ്കില്‍ മാത്രമേ വിദ്യാലയത്തിന് ന്യൂനപക്ഷ പദവി നല്‍കൂ എന്ന മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൌഡയുടെ നിലപാടിനെതിരേയാണ് കത്തോലിക്കര്‍ രംഗത്തു വന്നിരിക്കുന്നത്. 75% അഹൈന്ദവ വിദ്യാര്‍ത്ഥികള്‍ വേണമെന്ന ആവശ്യം കത്തോലിക്കാ വിദ്യാലയങ്ങളില്‍, പ്രത്യേകിച്ച് ഉള്‍നാടന്‍ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ പ്രായോഗികമല്ലെന്ന് കര്‍ണ്ണാടകയിലെ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും ബാഗ്ലൂര്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ബെര്‍നാര്‍ഡ് മോറാസ് ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. വിദ്യാര്‍ത്ഥി സമൂഹത്തെ കേന്ദ്രീകരിച്ചല്ല ന്യൂനപക്ഷ പദവി നിര്‍ണ്ണയിക്കേണ്ടതെന്നും, വിദ്യാലയം ആരു നടത്തുന്നു എന്നതായിരിക്കണം ന്യൂനപക്ഷ പദവിയുടെ മാനദണ്ഡമെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ക്കെതിരേ കര്‍ണ്ണാടകയിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ആര്‍ച്ചുബിഷപ്പ് അറിയിച്ചു.








All the contents on this site are copyrighted ©.