2012-07-09 16:48:51

സമാധാന ശ്രമത്തിന്‍റെ സഭൈക്യ മാനം


09 ജൂലൈ 2012, ഖാര്‍ത്തൂം
സുഡാനിലെ സമാധാന ശ്രമങ്ങള്‍ക്കും വികസ പദ്ധതികള്‍ക്കും പ്രോത്സാഹനം പകര്‍ന്നുകൊണ്ട് കത്തോലിക്കാ സഭയുടേയും ആഗ്ലിക്കന്‍ സഭയുടേയും സംയുക്ത ലേഖനം. ദക്ഷിണ സുഡാന്‍ സ്വതന്ത്രമാക്കപ്പെട്ടതിന്‍റെ പ്രഥമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ദക്ഷിണ സുഡാനിലെ ജൂബ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് പൗളീനോ ലുക്കുഡു ലോറയും ഉത്തര സുഡാനിലെ ആംഗ്ലിക്കന്‍ പ്രൈമേറ്റ് റവ. ഡാനിയേല്‍ ഡെങ്ങ് ബുലുവും സംയുക്തമായി സന്ദേശം പുറത്തിറക്കിയത്. 2011 ജൂലൈ 9ാം തിയതിയാണ് ദക്ഷിണ സുഡാന്‍ സ്വതന്ത്ര രാഷ്ട്രമായത്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദക്ഷിണ സുഡാന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കൃതജ്ഞതയോടെ‍ അനുസ്മരിച്ച ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ ജനങ്ങള്‍ക്കിടയില്‍ ദേശീയ ബോധം ശക്തിപ്പെടുന്നുണ്ടെന്നും നിരീക്ഷിച്ചു. അഴിമതി, വംശീയ സംഘര്‍ഷങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, തുടങ്ങിയ നിരവധി വെല്ലുവിളികളും രാജ്യം നേരിടുന്നുണ്ട്. സുഡാനും ദക്ഷിണ സുഡാനും തമ്മില്‍ സംഘര്‍ഷം തുടരുന്നതും ആശങ്കാജനകമാണ്. സുഡാന്‍ മേഖലയില്‍ ദൈവം നല്‍കിയിരിക്കുന്ന പ്രകൃതി വിഭവങ്ങള്‍ ഇരു രാഷ്ട്രങ്ങളിലേയും ജനങ്ങളുടെ നന്മയ്ക്കുവേണ്ടി വിനിയോഗിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് പൗളീനോ ലുക്കുഡു ലോറയും റവ. ഡാനിയേല്‍ ഡെങ്ങ് ബുലുവും രാഷ്ട്ര നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ദക്ഷിണ സുഡാന്‍ പൗരന്‍മാരേ ഉത്തര സുഡാനില്‍ നിന്ന് പുറത്താക്കുന്നതും, ജുബായിലെ ജനങ്ങളെ അക്രമികള്‍ തട്ടിക്കൊണ്ടു പോകുന്നതും അവസാനിപ്പിക്കണം. ജാതി മതഭേദമന്യേ എല്ലാവരുടേയും അടിസ്ഥാന മാനുഷികാവകാശങ്ങള്‍ ആദരിച്ചുകൊണ്ട് സൗഹാര്‍ദത്തിലും ഐക്യത്തിലും മുന്നോട്ടു പോകണമെന്നും ഇരു രാഷ്ട്രങ്ങളോടും ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.