2012-07-09 17:38:00

മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ സ്മരണയില്‍


09 ജൂലൈ 2012, നേമി

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദൈവവചന സഭയുടെ (SVD) നേമിയിലുള്ള ‘ആദ് ജേന്തസ്’ (Ad gentes) ഭവനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിലെ തന്‍റെ അനുഭവങ്ങള്‍ പങ്കുവച്ചു. കാസില്‍ ഗണ്‍ഡോള്‍ഫോയിലുള്ള വേനല്‍ക്കാല വസതിയില്‍ വിശ്രമിക്കുന്ന മാര്‍പാപ്പ തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് ആദ് ജേന്തസ് ഭവനത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയത്.
ദൈവവചന സഭയുടെ അന്താരാഷ്ട്ര കേന്ദ്രമെന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസ്തുത ഭവനം പ്രേഷിത പ്രവര്‍ത്തനത്തെ സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് കമ്മീഷന്‍റെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു. 1965 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 3ാം തിയതി വരെ ഇവിടെ നടന്ന പഠനയോഗങ്ങളില്‍ യുവ ദൈവശാസ്ത്രജ്ഞനായിരുന്ന ജോസഫ് റാറ്റ്സിങ്ങറും പങ്കെടുത്തിരുന്നു.

47 വര്‍ഷങ്ങള്‍ക്കു ശേഷം ദൈവവചന സഭയുടെ (SVD) നേമിയിലുള്ള ഭവനം ഒരിക്കല്‍ കൂടി സന്ദര്‍ശിക്കാന്‍ സാധിച്ചതിലുള്ള ആനന്ദം മാര്‍പാപ്പ ദൈവവചന സഭാംഗങ്ങള്‍ക്കു നല്‍കിയ ഹ്രസ്വ സന്ദേശത്തില്‍ പ്രകടമാക്കി.
റോമിലെ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ജീവിച്ചിരുന്ന തനിക്ക് നേമിയിലെ പ്രകൃതി ഭംഗിയും പ്രശാന്തതയും ഹൃദ്യമായിരുന്നു. കൂടാതെ പ്രേഷിതത്വത്തെ സംബന്ധിച്ച ഡിക്രി തയ്യാറാക്കുക എന്ന സുപ്രധാനവും മനോഹരവുമായ ദൗത്യം നിറവേറ്റാനെത്തിയ ശ്രേഷ്ഠരായ ദൈവശാസ്ത്ര പണ്ഡിതരുടെ സാന്നിദ്ധ്യവും അവിടെയുണ്ടായിരുന്നു. പ്രേഷിത പ്രവര്‍ത്തനത്തെ സംബന്ധിച്ച കമ്മീഷനില്‍ അംഗമായിരുന്ന ഫുള്‍ട്ടന്‍ ഷീന്‍, ഫാ.കോഗ്നര്‍ തുടങ്ങിയ വിഖ്യാത ദൈവശാസ്ത്ര പണ്ഡിതരെ മാര്‍പാപ്പ അനുസ്മരിച്ചു. ദൈവശാസ്ത്ര രംഗത്ത് അധികം പ്രശസ്തനല്ലായിരുന്ന, യുവാവായ താന്‍ ആ ദൗത്യത്തിനു ക്ഷണിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ല, എന്നാല്‍ ആത്മീയമായി വളരുവാന്‍ തനിക്കു ലഭിച്ച വലിയൊരു അവസരമായിരുന്നു അതെന്ന് മാര്‍പാപ്പ പറഞ്ഞു.
അങ്ങനെ പ്രേഷിത പ്രവര്‍ത്തനത്തെ സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് ഡിക്രി രൂപമെടുത്തു. ഈ ഡിക്രിയെ സംബന്ധിച്ച് വലിയ വിവാദങ്ങളൊന്നും ഉണ്ടായില്ല. സൂന്നഹദോസ് പിതാക്കന്‍മാര്‍ ഏകകണ്ഠമായാണ് ഡിക്രി അംഗീകരിച്ചത്. പ്രേഷിത പ്രവര്‍ത്തത്തെ സംബന്ധിച്ച ആദ് ജെന്തേസ് എന്ന ഡിക്രിക്കു പൂര്‍ണ്ണത നല്‍കുന്ന തിരുസ്സഭയെ സംബന്ധിച്ച (‘Lumen Gentium’) കോണ്‍സ്റ്റിറ്റൂഷന്‍റെ പ്രാധാന്യത്തെക്കുറിച്ചും മാര്‍പാപ്പ ലളിതമായി വിവരിച്ചു.

ദൈവവചന സഭയുടെ വളര്‍ച്ചയില്‍ ആനന്ദം രേഖപ്പെടുത്തിയ മാര്‍പാപ്പ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അവര്‍ നടത്തുന്ന പ്രേഷിത പ്രവര്‍ത്തങ്ങള്‍ കൃതജ്ഞതയോടെ അനുസ്മരിച്ചു.

ദൈവവചന സഭയുടെ പതിനേഴാമത് ജനറല്‍ ചാപ്റ്ററില്‍ പങ്കെടുക്കുന്ന ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള 150ഓളം മിഷനറിമാരോടും, റോമിലെ ജനറല്‍ കൂരിയായിലെ അംഗങ്ങളോടും മാര്‍പാപ്പ സൗഹൃദ കൂടിക്കാഴ്ച്ച നടത്തി. സന്ന്യസ്ത ഭവനത്തിലെ കപ്പേളയില്‍ ദിവ്യകാരുണ്യ നാഥനു മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചശേഷം ഏകദേശം പന്ത്രണ്ടര മണിയോടെ മാര്‍പാപ്പ കാസില്‍ ഗണ്‍ഡോള്‍ഫോയിലേക്കു മടങ്ങി.








All the contents on this site are copyrighted ©.