2012-07-09 11:37:59

ദൈവസ്നേഹം പ്രസരിക്കുന്ന
മനുഷ്യന്‍റെ മുഖച്ഛായയാണ് ക്രിസ്തുവെന്ന് പാപ്പ


8 ജൂലൈ 2012, വത്തിക്കാന്‍
റോമിനു പുറത്തുള്ള വേനല്‍ക്കാല വസതിയായ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍നിന്നും ഞായറാഴ്ച ബനഡിക്‍ട് 16-ാമന്‍ പാപ്പ നല്കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശത്തിന്‍റെ പ്രസക്ത ഭാഗങ്ങളാണ് താഴെ :
‘പ്രവാചകന്‍ സ്വന്തം നാട്ടില്‍ സ്വീകൃതനല്ല’ എന്ന സൂക്തം വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷത്തെ
ആധാരമാക്കിയാണ് പ്രയോഗത്തില്‍ വന്നിട്ടുള്ളത് (മാര്‍ക്ക് 6, 4). “സ്വദേശത്തും ബന്ധുജനങ്ങളുടെ ഇടയിലും സ്വഭവനത്തിലും അല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല,”(മാര്‍ക്ക് 6, 4). ക്രിസ്തു നസ്രത്തുകാരനാണെങ്കിലും സ്വന്തം ജനത്താല്‍ അവിടുന്ന് പരിത്യക്തനാകുന്നതായിട്ടാണ്
ഈ സുവിശേഷ സംഭവം വ്യക്തമാക്കുന്നത്. മുപ്പതു വര്‍ഷക്കാലം ആ ഗ്രാമത്തില്‍ ജീവിച്ചവനാണ് ക്രിസ്തു. അവിടുന്ന് ദൈവരാജ്യം പ്രഘോഷിച്ചും രോഗികളെ സുഖപ്പെടുത്തിയും ഏതാനും നാളുകള്‍ ഗലീലിയായില്‍ ചെലവഴിച്ചശേഷം തിരികെ വന്ന് ഒരുനാള്‍ നസ്രത്തിലെ സിനഗോഗില്‍ പ്രസംഗിച്ചു. ക്രിസ്തു പങ്കുവച്ച വിജ്ഞാനം കേട്ട് നസ്രത്തുകാര്‍ ആശ്ചര്യപ്പെട്ടുപോയി. കാരണം അവര്‍ ക്രിസ്തുവിനെ അറിഞ്ഞിട്ടുള്ളത് മറിയത്തിന്‍റെ മകനായിട്ടും ആ നാട്ടിലെ മരപ്പണിക്കാരനുമായിട്ടാണ്. വിശ്വാസപൂര്‍വ്വം അവിടുത്തെ സ്വീകരിക്കുന്നതിനു പകരം അവര്‍ ക്രിസ്തുവിനെ തിരസ്ക്കരിക്കുയാണ് ചെയ്തത്. ചുറ്റുമുള്ള മാനുഷികതയെ മറികടന്ന് ദൈവിക മാനങ്ങളിലേയ്ക്ക് ഉയരുവാനുള്ള വളരെ സ്വാഭാവികമായ വൈമുഖ്യമാണ് ഇവിടെ നമുക്ക് ദൃശ്യമാകുന്നത്. ഒരു സാധാരണ മരപ്പണിക്കാരനായ ക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിക്കുവാനുള്ള മാനുഷ്യന്‍റെ വൈഷമ്യമാണ് ഇതിന് അടിസ്ഥാന കാരണം. സ്വന്തം ജനത്താല്‍ പരിത്യക്തനായ ഇസ്രായേലിലെ പ്രവാചകന്മാരുടെ ഉദാഹരണം ക്രിസ്തു ജനങ്ങളോടു പറയുകയും തന്നെത്തന്നെ ആ പ്രവാചകന്മാരോട് താദാത്മ്യപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ വിശ്വാസ രാഹിത്യം കണ്ട് ക്രിസ്തു വിസ്മയിക്കുന്നു.

ക്രിസ്തു പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ ശക്തിപ്രകടനമല്ല, മറിച്ച് മനുഷ്യന്‍റെ വിശ്വാസത്തോട് പ്രത്യുത്തരിക്കുന്ന ദൈവസ്നേഹത്തിന്‍റെ പ്രകടമായ അടയാളങ്ങളാണ്. “കാന്തം ഇരുമ്പിനോടെന്നപോലെ ഭൗതിക വസ്തുക്കള്‍ പരസ്പരം ആകര്‍ഷിക്കുന്നു. അതുപോലെ മാനുഷിക വിശ്വാസം ദൈവിക ശക്തിക്കും ആകര്‍ഷണ വിധേയമാകുന്നു,” എന്നാണ് സഭാ പിതാവായ ഒറിജെന്‍ പഠിപ്പിക്കുന്നത്.
തന്‍റെ നാട്ടില്‍ വളരെ മോശമായ ഒരു സ്വീകരണം ക്രിസ്തുവിനു ലഭിച്ചതിനുള്ള കാരണം അവരുടെ വിശ്വാസമില്ലായ്മയാണ്. അവരുടെ അവിശ്വാസത്തില്‍ ക്രിസ്തു ആശ്ചര്യപ്പെട്ടു എന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് (മാര്‍ക്ക് 6, 6). സ്വന്തം നാട്ടുകാരുടെ അവഗണനയിലുള്ള ആശ്ചര്യം
ഒരു ഭാഗത്തും, മറുഭാഗത്ത് അതില്‍നിന്നുളവാകുന്ന മനോവേദനയും ഒരുപോലെ ക്രിസ്തു അനുഭവിച്ചിരിക്കണം. പ്രവാചകന്‍ സ്വന്തം നാട്ടില്‍ തിരസ്കൃതനാകുന്ന പ്രക്രിയയ്ക്കു പിന്നില്‍ സത്യത്തിന്‍റെ വെളിച്ചം അംഗീകരിക്കാത്ത ഒരു ജനത്തിന്‍റെ ഹൃദയകാഠിന്യവും ആത്മീയ അന്ധതയുമാണ് നാം കാണേണ്ടത്.

നസ്രായനായ യേശു ദൈവികതയുടെ സ്വച്ഛതയാണ്. മനുഷ്യര്‍ക്ക് ദൈവത്തെ പൂര്‍ണ്ണമായും വെളിപ്പെട്ടു കിട്ടുന്നത് യേശുവിലാണ്. മാംസംധരിച്ച ദൈവമാണ് ക്രിസ്തു എന്ന തിരിച്ചറിവില്ലാതെ പോകുന്നതുകൊണ്ടാണ് മനുഷ്യന്‍ മറ്റ് അടയാളങ്ങളും അത്ഭുതങ്ങളും തേടിപ്പോകുന്നത്.
ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ അത്ഭുതമാണ് ക്രിസ്തു. ദൈവസ്നേഹം ഒളിഞ്ഞിരിക്കുന്ന മനുഷ്യഹൃദയവും അതു പ്രസരിക്കുന്ന മനുഷ്യന്‍റെ മുഖച്ഛായയുമാണ് ക്രിസ്തു.
ഈ ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ ശരിയായി തിരിച്ചറിഞ്ഞവളാണ് പരിശുദ്ധ കന്യകാ മറിയം.
കാരണം, കര്‍ത്താവ് അരുള്‍ചെയ്ത കാര്യങ്ങള്‍ നിറവേറും എന്ന് അവള്‍ വിശ്വസിച്ചു (ലൂക്കാ 1, 45).
തന്‍റെ മകന്‍റെ ചെയ്തികളില്‍ മറിയം ആശ്ചര്യഭിരതയാകുന്നില്ല, കാരണം അവളുടെ ആശ്ചര്യം വിശ്വാസ നിര്‍ഭരമായിരുന്നു. മാത്രമല്ല തന്‍റെ മകനെ പൂര്‍ണ്ണ മനുഷ്യനും പൂ‍ര്‍ണ്ണ ദൈവവുമായി കാണുന്നതിലുള്ള അതിയായ സന്തോഷവും സ്നേഹവും മറിയത്തിനുണ്ടായിരുന്നു.
ദൈവിക വെളിപാടിന്‍റെ നിറവായ ക്രിസ്തുവിന്‍റെ മാനുഷികത അംഗീകരിക്കാനുള്ള അറിവും അവബോധവും തരണമേ എന്ന് വിശ്വാസത്തിന്‍റെ അമ്മയായ കന്യകാ നാഥയോടു നമുക്കു യാചിക്കാം.








All the contents on this site are copyrighted ©.