2012-07-06 09:05:47

ദൈവദാസി ഏലീശ്വാമ്മയുടെ
ചരമശതാബ്ദി


5 ജൂലൈ 2012, കൊച്ചി
കേരളത്തിലെ ആദ്യ സന്യാസിനി, ദൈവദാസി മദര്‍ ഏലീശ്വായുടെ ചരമശതാബ്ദി ആഘോഷിക്കുന്നു. കേരളത്തിലെ പ്രഥമ തദ്ദേശിയ സന്യാസിനീ സമൂഹമായ, കര്‍മ്മലീത്താ നിഷ്പാദുക മൂന്നാം സഭ (TOCD)-യുടെ സ്ഥാപകയാണ് മദര്‍ ഏലീശ്വാ. കൊച്ചിക്കടുത്തുള്ള കൂനമ്മാവിലെ പനമ്പു മഠത്തില്‍ 1866-ലാണ് മദര്‍ ഏലീശ്വ റ്റി.ഒ.സി.ഡി. (the third order of Carmelites discalceated) സന്ന്യാസിനീ സഭ സ്ഥാപിച്ചത്. പരിത്യാഗിനിയും ധ്യാനനിര്‍ലീനയുമായിരുന്ന ഏലീശ്വമ്മയുടെ ജീവിതത്തില്‍ ആകൃഷ്ടരായ സ്വന്തം മകളും സഹോദരിയുമായിരുന്നു സഭയിലെ പ്രഥമ അംഗങ്ങള്‍. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സമഗ്രരൂപീകരണവും നല്കണമെന്ന ലക്ഷൃവുമായിട്ടാണ് ദൈവദാസി ഏലീശ്വാമ്മ സഭ സ്ഥാപിച്ചത്.
ഇന്ന് കേരളത്തില്‍ വളര്‍ന്നു വലുതായി നില്ക്കുന്ന സി.റ്റി.സി.- Congregation of the Teresian Carmelites-ഉം സി.എം.സി. Congregation of Mother of Carmel എന്നീ സഭകള്‍ ഏലീശ്വാമ്മയുടെ മാതൃസ്ഥാപനത്തില്‍നിന്നും ഉരുത്തിരിഞ്ഞ രണ്ടു മക്കളാണ്, ശാഖകളാണ്.
മാതൃസ്ഥാപനത്തില്‍നിന്നും ലത്തീന്‍ സുറിയാനി റീത്ത് അടിസ്ഥാനത്തില്‍ സഭ വിഭജിക്കപ്പെട്ടത് 1890-ല്‍ ഏലീശ്വാമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ്.
ദൈവദാസി ഏലീശ്വാമ്മയുടെ വരാപ്പുഴയിലുള്ള കബറിടത്തില്‍
ജൂലൈ 18-ാം തിയതി വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയര്‍പ്പണത്തോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭംകുറിക്കുമെന്ന്, സിറ്റിസി സഭയുടെ മദര്‍ ജനറല്‍ സിസ്റ്റര്‍ ലൈസാ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.










All the contents on this site are copyrighted ©.