2012-07-02 13:54:21

നമ്മെ ദൈവോത്മുഖരാക്കുന്ന
സൗഖ്യദാനത്തിന്‍റെ സുവിശേഷ കഥകള്‍


2 ജൂലൈ 2012, വത്തിക്കാന്‍
സൗഖ്യദാനത്തിന്‍റെ രണ്ടു സുവിശേഷ സംഭവങ്ങളെ ആധാരമാക്കിയാണ് ജൂലൈ 1-ാം തിയതി ഞായറാഴ്ച ബനഡിക്ട് 16-ാമന്‍ പാപ്പ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം നല്കിയത്.
വിശുദ്ധ മാര്‍ക്കോസ് തന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തുന്ന ഈ ദൈവിക സൗഖ്യദാനത്തിന്‍റെ സ്വീകര്‍ത്താക്കള്‍ രണ്ടും സ്ത്രീകളാണ്. ഒന്നാമത്തേത്, പ്രാര്‍ത്ഥനാലയത്തിലെ പ്രധാനിയായ ജായിരൂസിന്‍റെ മകള്‍. രണ്ടാമത്തേത് രക്തസ്രാവത്താല്‍ വിഷമിച്ചിരുന്ന കാനാന്യ സ്ത്രീ (മാര്‍ക്ക് 5, 21-43). രണ്ടു ഭാഗങ്ങളായി സുവിശേഷകന്‍ വിവരിക്കുന്ന ഈ സംഭങ്ങള്‍ക്ക് രണ്ട് വ്യത്യസ്ത വ്യാഖ്യാനങ്ങളും ഉണ്ട്. ഒന്ന് അത്ഭുതകരമായി ലഭിക്കുന്ന ശാരീരിക സൗഖ്യത്തിന്‍റെ വിവരണം ആണെങ്കില്‍, രണ്ടാമത്തേത് ആത്മാവിന്‍റെ തലത്തില്‍ ആര്‍ജ്ജിച്ച ആന്തരിക വെളിച്ചത്തിന്‍റെ അനുഭവവുമാണ്. ഒരു വശത്ത് ക്രിസ്തു താഴ്മയില്‍ ഇറങ്ങിവന്ന് മനുഷ്യന്‍റെ ശാരീരിക ആലസ്യം സൗഖ്യപ്പെടുത്തുമ്പോള്‍, മറുഭാഗത്ത് അവിടുന്ന് അസ്വസ്തമായ മനുഷ്യഹൃദയങ്ങള്‍ക്ക് സാന്ത്വനമേകി രക്ഷപ്രദാനം ചെയ്യുകയും, തന്നിലുള്ള അവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

ആദ്യ സംഭവത്തില്‍ ദേവാലയത്തിലെ പ്രധാനിയായ ജായിരൂസിന്‍റെ പുത്രി മരിച്ചുവെന്ന് അറിയുമ്പോള്‍
ക്രിസ്തു പറയുന്നത്, “ഭയപ്പെടേണ്ട, വിശ്വസിക്കുക,” എന്നാണ്. ബാലികയുടെ വീട്ടിലേയ്ക്ക്
ക്രിസ്തു ഉടനെ പോവുകയും അവിടെ ചെന്ന്, “ബാലികേ, ഉണരൂ,” എന്ന് ആജ്ഞാപിക്കുകയും ചെയ്യുന്നു. ബാലിക തല്‍ക്ഷണം എഴുന്നേറ്റിരുന്നു. വിശുദ്ധ ജെറോം ക്രിസ്തുവിന്‍റെ രക്ഷാകര ശക്തിക്ക് ഊന്നല്‍ നല്കിക്കൊണ്ടാണ് ഈ വചന ഭാഗം വ്യാഖ്യാനിക്കുന്നത്. “മകളേ, എന്‍റെ കൃപയാല്‍ നീ എഴുന്നേല്‍ക്കുക. നിനക്ക് സൗഖ്യം ലഭിക്കുന്നത് നിന്‍റെ യോഗ്യതകളാലല്ല.” ക്രിസ്തു എപ്രകാരം മനുഷ്യന് സമഗ്ര വിമോചനം നല്കുവാന്‍ ആഗതനായി എന്ന സന്ദേശം ആവിഷ്ക്കരിക്കുന്ന സംഭവമാണ് കാനാന്‍കാരി സ്ത്രീയുടെ രക്തസ്രാവം മാറ്റി സുഖപ്പെടുത്തിയ സുവിശേഷ കഥയില്‍ നാം കാണുന്നത്. രണ്ടു ഘട്ടമായിട്ടാണ് ഈ അത്ഭുതം നടക്കുന്നത്. ആദ്യം ഘട്ടത്തില്‍ ശാരീരിക സൗഖ്യദാനമാണെങ്കില്‍, രണ്ടാം ഘട്ടത്തില്‍ തന്നെ വിശ്വാസപൂര്‍വ്വം സമീപിക്കുന്നവര്‍ക്ക് ദൈവം നല്കുന്ന കൃപാസ്പര്‍ശത്തിന്‍റെ ആത്മീയ ദാനമാണ്. അതുകൊണ്ടാണ് ക്രിസ്തു ആ സ്ത്രീയോടു “മകളേ, നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു. സമാധാനത്തില്‍ പോവുക. നീ രോഗ വിമുക്തയായിരിക്കുന്നു.” എന്നു പറയുന്നത്.

ക്രിസ്തു പ്രവര്‍ത്തിച്ച രണ്ട് സൗഖ്യദാനത്തിന്‍റെ ഈ സുവിശേഷ സംഭവങ്ങളും നമ്മോടു പറയുന്നത്, ജീവിതത്തോടുള്ള വളരെ ഭൗമികവും തിരശ്ചീനവും മാത്രമായ സമീപനം മാറ്റി, ദൈവോത്മുഖമായി അവ ക്രമകരിക്കുവാനുള്ള ക്ഷണം നല്കുന്നു. ജീവിത പ്രതിസന്ധികളുടെ പച്ചയായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് “രക്ഷിക്കണമേ,” എന്ന് നാം ദൈവത്തോട് എപ്പോഴും പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.
നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവിക പരിപാലനയില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് നമ്മുടെ ജീവിതങ്ങളെ നവീകരിക്കുകയും വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യണമേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാം.

രോഗികളുടെ ജീവിത കുരിശുകള്‍ ചുമക്കുവാന്‍ സഹായിക്കുന്നവരെ, വിശിഷ്യാ ഡോക്ടര്‍മാരെയും ആരോഗ്യ പരിപരിപാലനയുടെ മേഖലയില്‍ ഉള്ളവരെയും, ആതുരാലയങ്ങളില്‍ നിശ്ശബ്ദമായി അജപാലന ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്നവരെയും എന്നും അനുസ്മരിക്കണമെന്ന്, മനുഷ്യയാതനകളുടെ സ്പന്ദനമറിയുന്ന ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നു. വേദനിക്കുന്നവര്‍ക്ക് സാന്ത്വന ലേപനം പകര്‍ന്നുകൊടുക്കുന്ന അവര്‍ സ്നേഹത്തിന്‍റെ നിറകുടങ്ങളാണ്. ഈ സേവന മേഖലയിലുള്ളവര്‍ക്ക് ഉചിതമായ സാങ്കേതിക വൈദഗ്ദ്ധ്യവും വൈദ്യശാസ്ത്ര വിജ്ഞാനവും ആവശ്യമാണ്. എന്നാല്‍
അതിലും ഉപരിയായി രോഗികളോടു കാണിക്കേണ്ട ഹൃദയപൂര്‍വ്വകമായ ശ്രദ്ധയും മനുഷ്യത്വവുമാണ് ഇവര്‍ക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ കഴിവ്. അതുകൊണ്ടുതന്നെ ശാസ്ത്രീയ പഠനത്തോടും പരിശീലനത്തോടുമൊപ്പം ആതുരശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാന്ത്വനം പകരാനുള്ള ഹൃദയത്തിന്‍റെ പരിശീലനം അനിവാര്യമാണെന്ന് അനുസ്മരിപ്പിക്കുന്നു. നമ്മുടെ ഈ വിശ്വാസ യാത്രയെയും ആത്മീയയും ശാരീരികവുമായ നിരവധി വ്യഥകള്‍ അനുഭവിക്കുന്നവര്‍ക്കായുള്ള
നമ്മുടെ സ്നേഹ സമര്‍പ്പണത്തെയും “തുണയ്ക്കണമേ,” എന്ന് കന്യകാ നാഥയോട് പ്രാര്‍ത്ഥിക്കാം.








All the contents on this site are copyrighted ©.