2012-07-02 16:11:04

ജറുസലേമിലെ തിരുപ്പിറവി ദേവാലയം ലോകപൈതൃകം


02 ജൂലൈ 2012, സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്
ബെത്‌ലഹേമിലെ തിരുപ്പിറവിയുടെ ദേവാലയവും പുരാതന ബെത്‌ലഹേം പട്ടണവും ലോക പൈതൃകമായി 'യുനെസ്‌കോ' അംഗീകരിച്ചു. റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ലോക പൈതൃക സമിതി യോഗത്തില്‍ ആറിനെതിരെ 13 വോട്ടുകള്‍ നേടിയാണ് തിരുപ്പിറവി ദേവാലയം ലോക പൈതൃക പട്ടികയില്‍ ഇടം നേടിയത്. യേശുക്രിസ്തുവിന്റെ ജന്മസ്ഥാനമായി വിശ്വസിക്കപ്പെടുന്ന തിരുപ്പിറവി ദേവാലയം ഇസ്രായേല്‍ അധിനിവേശത്തിന്‍കീഴിലുള്ള പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിലാണ് സ്ഥിതി ചെയ്യുന്നത്. ഇസ്രയേല്‍ അധിനിവേശം, വിഭജനമതില്‍ നിര്‍മ്മാണം, ഉപരോധം തുടങ്ങിയ കാരണങ്ങളാല്‍ തിരുപ്പിറവി ദേവാലയമുള്‍പ്പെടുന്ന മേഖല നാശത്തിന്‍റെ വക്കിലാണെന്ന് പലസ്തീന്‍ പ്രതിനിധികള്‍ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ യുനെസക്കോയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ഇസ്രായേല്‍ ആരോപിച്ചു. 2001 ഒക്ടോബര്‍ മാസത്തിലാണ് ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനയായ യുനെസ്ക്കോയില്‍ പലസ്തീന് അംഗത്വം ലഭിച്ചത്.

ലോക പൈതൃക പദവി ബെത്‌ലഹേമിലെ തിരുപ്പിറവിയുടെ ദേവാലയത്തിന് ലഭിച്ച അന്തര്‍ദേശീയ അംഗീകാരമാണെന്ന് വിശുദ്ധ നാടുകളുടെ സംരക്ഷണ ചുമതലയുള്ള ഫാ, പിയര്‍ ബാത്തിസ്ത പിസ്സബാല്ല വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. തീര്‍ത്ഥാടന കേന്ദ്രങ്ങളെ സംബന്ധിച്ച് ക്രൈസ്തവ സഭയ്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പലസ്തീന്‍ പ്രസിഡന്‍റ് അബു മാസെന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഫാ, പിസ്സബാല്ല വെളിപ്പെടുത്തി. ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ച് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍, കത്തോലിക്കാ സഭാ സമൂഹങ്ങള്‍ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അന്താരാഷ്ട്ര തലത്തില്‍ പലസ്തീന്‍ ഭരണകൂടത്തിന്‍റെ പ്രഥമ നേട്ടങ്ങളിലൊന്നാണ് തിരുപ്പിറവി ദേവാലയത്തിന്‍റെ ലോക പൈതൃക നേട്ടമെന്ന് അംഗീകരിച്ച ഫാ.പിസ്സബാല്ല, അതേസമയം, അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തവും ആദരിക്കപ്പെടുന്നതുമായ ഒരു തീര്‍ത്ഥാടന കേന്ദ്രത്തിനു ലഭിച്ച അംഗീകാരമാണിതെന്നും വ്യക്തമാക്കി. ദേവാലയത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അടിയന്തര പ്രധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.