2012-07-02 16:10:54

കെനിയയിലെ ഭീകരാക്രമണം ഭയാനകം : ഫാ.ലൊംബാര്‍ദി


02 ജൂലൈ 2012, റോം
കെനിയയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളെ വത്തിക്കാന്‍ വക്താവ് ഫാ. ഫെദറിക്കോ ലൊംബാര്‍ദി അപലിച്ചു. ആരാധനാലയങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങള്‍ ഭയാനകവും ഭീതജനകവുമാണ്. പ്രാര്‍ത്ഥിക്കുവാനായി സമ്മേളിച്ച നിരായുധര്‍ക്കെതിരേ ആക്രമണം നടത്തിയത് കൊടും ക്രൂരതയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്രൈസ്തവരുടെ ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. മത സമൂഹങ്ങള്‍ക്കിടയില്‍ വിഭജനവും വിദ്വേഷവും ആളിക്കത്തിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കേണ്ടതാണെന്നും ഫാ.ലൊംബാര്‍ദി വ്യക്തമാക്കി. സൊമാലിയായിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഭീകരവാദികള്‍ രണ്ട് ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ നടത്തിയ വെടിവെപ്പിലും ഗ്രനേഡ് ആക്രമണത്തിലുമായി രണ്ടു പോലീസുകാരുള്‍പ്പെടെ 17 പേരാണ് കൊല്ലപ്പെട്ടത്. 45-ലധികം പേര്‍ക്ക് പരിക്കേറ്റു. മുഖംമൂടി അണിഞ്ഞെത്തിയ ഏഴംഗ സംഘമാണ് സ്‌ഫോടനം നടത്തിയതെന്ന് മേഖലാപോലീസ് ഉപമേധാവി ഫിലിപ്പ് ഡോലോ പറഞ്ഞു. സൊമാലിയയിലെ അല്‍ഖ്വെയ്ദ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന് പ്രധാന താവളമായി ഉപയോഗിക്കുന്ന ഗരീസ്സ നഗരത്തിലാണ് ആക്രമണം നടന്നത്








All the contents on this site are copyrighted ©.