2012-06-30 15:27:52

സുവിശേഷപരിചിന്തനം
സീറോ മലബാര്‍ റീത്ത്
1 ജൂലൈ 2012


ലൂക്കാ 12, 57 – 13, 9 പശ്ചാത്തപിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു ദുരിതം
RealAudioMP3
ഇന്നത്തെ സുവിശേഷത്തിന്‍റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. ക്രിസ്തുവിന്‍റെ കാലത്ത് പലസ്തീനായിലെ റോമന്‍ ഗവര്‍ണ്ണറായിരുന്ന പീലാത്തോസ്. ജരൂസലേം നഗരത്തിനുവേണ്ടി ശീലോഹായില്‍ ബൃഹത്തായ ശുദ്ധജല സംഭരണി പണിയിക്കുവാന്‍ അയാള്‍ ഉത്തരവിട്ടു. പദ്ധതിയുടെ നടത്തിപ്പിന് ദേവാലയത്തിലെ നേര്‍ച്ചപ്പണെടുത്തു ചെലവഴിക്കുവാനും അദ്ദേഹം തീരുമാനിച്ചു. തങ്ങള്‍ക്ക് ഉപകാരപ്രദമായൊരു പദ്ധതിക്കു വേണ്ടിയാണെങ്കിലും, നേര്‍ച്ചപ്പണം വാരാധനയ്ക്കുള്ളതാണെന്നും അത് മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദൈവദോഷമാണെന്നും കരുതിയ യഹൂദര്‍ ഇതിനെതിരെ പ്രതിഷേധിച്ചു. എന്നാല്‍ റോമാക്കാരനും വിജാതിയനുമായ പീലാത്തോസിന്‍റെ മുമ്പില്‍ ഈ വാദമുഖങ്ങള്‍ വിലപ്പോയില്ല. പട്ടാളശക്തി ഉപയോഗിച്ച് അയാള്‍ നേര്‍ച്ചപ്പണം കൈവശപ്പെടുത്തി. പ്രതിരോധം സംഘടിപ്പിച്ചവരെ പീലാത്തോസ് വാളിനിരയാക്കി. ഇങ്ങനെ ഗലീലിയായില്‍ ബലയര്‍പ്പണം നടത്തിക്കൊണ്ടിരുന്ന മനുഷ്യരുടെയും മൃഗങ്ങളുടേയും രക്തം കൂടിക്കലര്‍ന്ന വാര്‍ത്ത കേട്ട്, പീലാത്തോസിന്‍റെ ശുദ്ധജല പദ്ധതിയെ യഹൂദര്‍ മനസ്സാ ശപിച്ചു. ഇതിനിടെ ശീലോഹായില്‍ ജലസംഭരണി പണിതുകൊണ്ടിരുന്ന പതിനെട്ടു ജോലിക്കാര്‍ ഗോപുരം ഇടിഞ്ഞു വീണു കൊല്ലപ്പെട്ടു. ദൈവാലയത്തിലെ നേര്‍ച്ചപ്പണം എടുത്തതിനു കിട്ടയ ദൈവശിക്ഷയാണിതെന്ന് യഹുദന്മാര്‍ വ്യാഖ്യാനിച്ചു.

ദൈവശിക്ഷ എന്ന ഈ വ്യാഖ്യാനത്തിന് കൂടുതല്‍ പിന്‍ബലവും അംഗീകാരവും കിട്ടുമെന്നുള്ള ഉറപ്പോടെ ആയിരുന്നിരിക്കണം, ആയിടെയുണ്ടായ പ്രസ്തുത രണ്ടു ഭയാനകാനുഭവങ്ങളിലേയ്ക്ക് യഹൂദപ്രമാണികള്‍ ക്രിസ്തുവിന്‍റെ ശ്രദ്ധ ക്ഷണിച്ചത്.
എന്നാല്‍ യഹൂദരുടെയിടയില്‍ അന്നുവരെ കേട്ടിട്ടില്ലാത്ത വിധത്തിലാണ് ക്രിസ്തു മറുപടി നല്കിയത്. ശക്തമായ ഭാഷയിലും അസന്നിഗ്ദ്ധമായും ക്രിസ്തു പ്രസ്താവിച്ചു.
“ബലിയര്‍പ്പണ സമയത്ത് പീലാത്തോസ് ഗലീലിയരെ വധിച്ചത്, അവര്‍ മറ്റെല്ലാ ഗലീലിയരെക്കാളും പാപികളായിരുന്നതുകൊണ്ടല്ല. അതുപോലെതന്നെ, ശീലോഹായില്‍ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടുപേര്‍ മരണമടഞ്ഞത്, അവര്‍ അന്നു ജരൂസലത്തു വസിച്ചിരുന്ന എല്ലാവരെയുംകാള്‍ പാപികള്‍ ആയിരുന്നതുകൊണ്ടുമല്ല. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും ഇതുപോലെ നശിക്കും.” അനുദിന ജീവിതത്തില്‍ ഏവരെയും മാനസാന്തരത്തിന്‍റെ വഴികളിലേയ്ക്ക് ക്രിസ്തു ക്ഷണിക്കുന്നു.
........................
ഇംഗ്ലിഷ് ഭാഷയില്‍ ഏറ്റവും ഉപയോഗിക്കുന്ന പദങ്ങളാണ് Thank you നന്ദി, എന്നും, I am sorry ഞാന്‍ ഖേദിക്കുന്നു എന്നൊക്കെ...

ഈ രാത്രിയില്‍ ഞാന്‍ ഖേദിക്കുന്നൂ സര്‍, പലതിനെയും ഓര്‍ത്ത്. ഏറ്റവും ഓടുവില്‍, കഴിഞ്ഞ രാത്രിയില്‍ എന്‍റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച അപരിചതനെ നിസംഗമായൊരു നോട്ടം നോക്കി ഒഴിവാക്കി വീട്ടിലേയ്ക്കു പോയതുള്‍പ്പെടെ! എനിക്കറിയാം ഈ വഴിയിലൂടെ ഒടുവിലത്തെ ബസ്സും പോയിക്കഴിഞ്ഞുവെന്ന്. ആരുടെയോ വളരെ പ്രിയപ്പെട്ടൊരാള്‍, ആരോ അയാള്‍ക്കുവേണ്ടി അത്താഴമൂട്ടി വഴിക്കണ്ണുമായി കാത്തിരിക്കുന്നുണ്ടാവും. രാത്രിയില്‍ ഇനിയും പെയ്തിറങ്ങുന്ന ഇടവപ്പാതി മഴയെ ഭയന്നു നില്ക്കുന്ന ആ മനുഷ്യന്‍ എന്തു ചെയ്തിട്ടുണ്ടാവണം. വിധിയെ പഴിക്കുന്നതോടൊപ്പം അയാള്‍ എന്നെയും ശപിച്ചിട്ടുണ്ടാകും. ഓര്‍ത്താല്‍ ചെറുതെങ്കിലും ഒക്കെ ഖേദിക്കേണ്ട കാര്യങ്ങളാണ്.

സുവിശേഷത്തില്‍ ഇന്ന് നാം ധ്യാനിക്കുന്ന പശ്ചാത്താപം എന്ന ചിന്തയില്‍ അനുദിന ജീവിതത്തില്‍ സഹോദരങ്ങളുമായുള്ള അനുരഞ്ജനത്തെക്കുറിച്ചാണ് ക്രിസ്തു പ്രതിപാദിക്കുന്നത്. ദേവാലയത്തില്‍വച്ച് ദൈവവുമായി രമ്യതപ്പെടുന്നതിനു മുന്‍പ്, സഹോദരങ്ങളുമായി നിന്‍റെ ജീവിത വഴികളില്‍ രമ്യത പ്രാപിക്കാതെ പോവുകയാണെങ്കില്‍ അത് നിങ്ങളുടെ തന്നെ ദുരന്തങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് ക്രിസ്തു താക്കീതു നല്കുന്നത്..

സ്വര്‍ണ്ണ മാര്‍ക്കറ്റും, സ്റ്റോക്ക് മാര്‍ക്കറ്റും, വെളിച്ചെണ്ണ മാര്‍ക്കറ്റും
റബ്ബര്‍ മാര്‍ക്കറ്റും, നിരീക്ഷിക്കാന്‍ നമുക്കറിയാം. എന്നാല്‍ ആത്മീയമായ അച്ചടക്കത്തെ അവഗണിക്കുകയാണ് മനുഷ്യന്‍. സാമാന്യ ജീവിതത്തിന്‍റെ ആവശ്യങ്ങള്‍ തിരിച്ചറിയുന്ന നാം ദൈവത്തിന്‍റെ ദിവസം തിരിച്ചറിയാത്തതും ദൈവത്തിന്‍റെ സന്നിധിയില്‍ നില്‍ക്കുവാനുള്ള വ്യവ്യസ്ഥയായ സഹോദങ്ങളുമായുള്ള രമ്യത കൈവരിക്കാത്തതു് എന്തുകൊണ്ട്? അനുരഞ്ജനമാണ് metanoia മെത്തനോയിയാ, ഹൃദയത്തിലുള്ള മാറ്റം അഥവാ ജീവിതത്തില്‍ എടുക്കേണ്ട ‘യൂ-ടേണ്‍’. ഇതുവരെ സഞ്ചരിച്ച ദിശയില്‍നിന്നുമുള്ള പിന്‍തിരിയലാണ് ഇത്. ഇതുവരെ സഞ്ചരിച്ച ദിശയോടു വിടചൊല്ലി ഒരു പിന്‍മടക്കത്തിനു തയ്യാറാവുകയാണ് മെത്തനോയിയ അഥവാ പശ്ചാത്താപം.
.......................
ഒരു വ്യക്തി ചെയ്യുന്ന പാപകര്‍മ്മത്തിന്‍റെ ഫലമാണ് അവനു നേരിടുന്ന ദുരിതങ്ങളും കഷ്ടതകളും യാതനകളും എന്ന വിശ്വാസം യഹുദരുടെയിടയില്‍ നിലവിലിരുന്നു. എന്നാല്‍ ഈശോ അവരുടെ ചിന്താഗതിയെ അപ്പാടെ തളളിക്കളഞ്ഞു. ജന്മനാ കുരുടനായിരുന്ന മനുഷ്യനെക്കണ്ട് ശ്ലീഹന്മാര്‍ ചോദിച്ചു. “കര്‍ത്താവേ, ഇവന്‍ കുരുടനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്‍റയോ, ഇവന്‍റെ മാതാപിതാക്കളുടയോ?”
ക്രിസ്തു പറഞ്ഞു. “ഒരുവന്‍റെ ദുരിതങ്ങളും വേദനകളും അയാളുടെയോ അയാളുടെ മാതാപിതാക്കളുടെയോ പാപത്തിന്‍റെ ഫലമായല്ല, പ്രത്യുത ദൈവത്തിന്‍റെ ശക്തി അയാളിലൂടെ വെളിപ്പെടാന്‍ വേണ്ടിയാണ്.”

ക്രിസ്തുവിനു മുന്‍പു രൂപംകൊണ്ട ബുദ്ധമതവും കര്‍മ്മഫലത്തിലാണ് മനുഷ്യദുരിതങ്ങള്‍ക്ക് കാരണം കണ്ടിരുന്നത്. എന്നാല്‍ നിരപാരാധികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍, നിഷ്ക്കളങ്കരായ പിഞ്ചോമനകള്‍ ശ്വാസംമുട്ടി മരിക്കുമ്പോള്‍, കര്‍മ്മഫലത്തിന് അമ്പരന്നു നില്ക്കേണ്ടിവരും. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഭൂകമ്പവും ഇടിമിന്നലും അഗ്നിബാധയും റോഡപകടവും വിമാനാപകടവും കര്‍മ്മഫലമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കുന്നില്ലല്ലോ.

ദൈവേഷ്ടം അനുസരിച്ചു ജീവിക്കുവാന്‍ ശ്രമിക്കുന്ന ഏതു വ്യക്തിക്കും ക്ലേശങ്ങളും ദുരിതങ്ങളും അനുഭവപ്പെടാറുണ്ട് എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ദുരന്തങ്ങള്‍ ജീവിതത്തില്‍ ആര്‍ക്കും സംഭവിക്കാം. അവയ്ക്കിരയാകുന്നവര്‍ ഹതഭാഗ്യരാകണമെന്നില്ല. ജീവിച്ചിരിക്കുന്ന മറ്റാളുകളെക്കാള്‍ നിര്‍ഭാഗ്യവാന്മാരോ, ദുഷ്ടരോ, പാപികളോ ആയതിനാലുമല്ല അവര്‍ക്ക് ദുരന്തങ്ങള്‍ സംഭവിക്കുന്നത്. കാലത്തിന്‍റെ ഇത്തരത്തിലുള്ള സൂചനകള്‍ സ്വന്തംജീവിതം നവീകരിക്കുവാന്‍ സഹായിക്കണം, എന്ന് ക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ അനുസ്മരിപ്പിക്കുന്നു.

പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വാക്കുകളില്‍ പാപബോധമില്ലായ്മയാണ് ഇന്നത്തെ പ്രതിസന്ധികള്‍ക്കു കാരണമെന്നാണ്. അകത്ത് ഒരു ജീവിതം പുറത്ത് മറ്റൊരു ജീവിതം. ക്രിസ്തു പറയുന്നു, ശരീരത്തെ മാത്രം കൊല്ലുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, എന്നാല്‍ ശരീരത്തെയും ആത്മാവിനെയും നിത്യനരകത്തില്‍ നശിപ്പിക്കുന്നവരെ ഭയപ്പെടുവിന്‍! ഭൂകമ്പവും അഗ്നിബാധയും ഇടിവാളും സാംക്രമിക രോഗങ്ങളുമെല്ലാം നമ്മുടെ ശരീരത്തെ മാത്രമേ ബാധിക്കുകയുള്ളൂ. എന്നാല്‍ പാപമാകട്ടെ, ശരീരത്തെയും ആത്മാവിനെയും നിത്യമായി നശിപ്പിക്കും.

ഭൂമിയില്‍ പാപം ബന്ധിക്കുവാനും അഴിക്കുവാനുമുള്ള അധികാരം, അതായത് പാപം പിടിക്കുവാനും പൊറുക്കുവാനുമുള്ള അധികാരമാണ് ക്രിസ്തു അപ്പസ്തോലന്മാര്‍ക്കു നല്കിയത്. സഭയില്‍ പാപമോചനത്തിനുള്ള ക്ലിപ്തമായ അധികാരമാണ് ഇത് സൂചിപ്പിക്കുന്നത്. സഭയുടെ അജപാലന ശുശ്രൂഷയുടെ കേന്ദ്രസ്ഥായി പാപമോചനവും അനുരഞ്ജനവുമാണ്. സഭ പരിപൂര്‍ണ്ണരുടെ കൂട്ടായ്മയല്ല, മറിച്ച് പാപികളുടെ സമൂഹമാണ്. ദൈവസ്നേഹത്തെ എന്നും എവിടെയും അംഗീകരിച്ചും ഏറ്റു പറഞ്ഞുകൊണ്ടും, ക്രിസ്തുവിന്‍റെ കുരിശിനാല്‍ അനുദിനം അനുരഞ്ജിതമാവുകയും നവീകരിക്കപ്പെടുകയും ചെയ്യേണ്ട സമൂഹമാണ് സഭ. ദൈവികശക്തി സ്നേഹമാണ്. ക്രിസ്തുവിന്‍റെ കുരിശില്‍നിന്നും പ്രസരിച്ച സ്നേഹമാണത്. ക്രിസ്തുവിന്‍റെ കലവറയില്ലാത്ത കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും നിര്‍ത്ധരിയാണത്, മനുഷ്യകുലത്തിന്‍റെ പാപങ്ങള്‍ ഇന്നും കഴുകിക്കളയുന്ന സ്നേഹ നിര്‍ത്ധരി!

സ്വന്തം പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് ദൈവത്തിങ്കലേയ്ക്ക് നമ്മള്‍ തിരിയണം. പശ്ചാത്താപത്തിന്‍റെ വഴിയിലൂടെ ക്രിസ്തു നമ്മില്‍ ഓരോരുത്തരിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ദൈവത്തിങ്കലേയ്ക്കു തിരിയുന്ന ഓരോ വ്യക്തിയും ദൈവോന്മുഖമായ ജീവിതം നയിക്കുകയും സ്നേഹത്തില്‍ വളര്‍ന്ന് നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും. സമയോചിതമായ മാനസാന്തരത്തിനു മാത്രമേ നിത്യനാശത്തില്‍നിന്ന് നമ്മെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. മറ്റുള്ളവരുടെ ദുരന്തങ്ങള്‍ കാണുമ്പോള്‍ നാം നമ്മിലേയ്ക്കു തന്നെ തിരയണം. നമ്മുടെ സ്ഥിതി മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്തമാണോ എന്ന് ചിന്തിക്കുന്നതും ഉചിതമായിരിക്കും. നഷ്ടപ്പെട്ട നാളുകള്‍ ഓര്‍ത്ത് നാം നിരാശരാകേണ്ടതില്ല. ദൈവം ക്ഷമാപൂര്‍വ്വം പാപിയുടെ മാനസാന്തരത്തിനായി കാത്തിരിക്കുന്നു.
ആകയാല്‍ രോഗമോ ദുരിതമോ കഷ്ടപ്പാടോ വരുമ്പോള്‍ അവയുടെ അര്‍ത്ഥം ക്രിസ്തുവിന്‍റെ കുരിശില്‍നിന്നു പഠിക്കുവാന്‍ പരിശ്രമിക്കാം.

ക്രിസ്തു തിന്മയെ കീഴടക്കാന്‍‍ വേണ്ടി സഹിച്ചെങ്കില്‍ അവിടുന്നില്‍ നമുക്ക് പ്രത്യാശവയ്ക്കാം (ഫിലപ്പിയര്‍ 2, 10). കാലത്തിന്‍റെ സൂചനകള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച് പുതിയ മനുഷ്യരായിത്തീരാം. ദൈവത്തിന് നാം പ്രിയപ്പെട്ടവരാണ്. കാരണം എന്നെ ഞാനാക്കിയ ശില്പിയും എന്‍റെ ജീവിതത്തിന്‍റെ ഭാഗധേയവും അവിടുന്നാണ്. അവിടുത്തെ മുന്നില്‍ നാം തുലോം നിസ്സാരരാണ് എന്ന കാര്യം വിസ്മരിക്കരുത്. എളമയോടും പശ്ചാത്താപത്തിന്‍റെ മനോഭാത്തോടും കൂടെ അനുദിന ജീവിതത്തില്‍ വ്യാപിരിക്കുവാനും സഹോദരങ്ങളോട് സ്നേഹത്തോടെ പെരുമാറാനും
നമ്മെ സഹായിക്കും.









All the contents on this site are copyrighted ©.