2012-06-30 14:58:59

ശ്ലീഹന്മാരുടെ തിരുനാള്‍ ഐക്യത്തിന്‍റെ അടയാളം : ഫാ.ലൊംബാര്‍ദി


30 ജൂണ്‍ 2012, വത്തിക്കാന്‍
വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ആഘോഷത്തില്‍ പ്രകടമായത് ക്രൈസ്തവ സമൂഹത്തിന്‍റെ കൂട്ടായ്മയ‍െന്ന് ഫാ.ഫെദറിക്കോ ലൊംബാര്‍ദി. വത്തിക്കാന്‍ ടെലിവിഷന്‍റെ വാരാന്ത്യപരിപാടിയായ ഒക്താവ ദിയെസിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. ഇക്കൊല്ലം തിരുനാളിനോടനുബന്ധിച്ച് ലോക പ്രശസ്തമായ വെസ്റ്റ്മിനിസ്റ്റര്‍ ആബി ഗായക സംഘം വത്തിക്കാനില്‍ ഗാനാലാപനം നടത്തി. കോണ്‍സ്റ്റാന്‍റിനോപ്പിളില്‍നിന്നും എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് പ്രതിനിധി സംഘം പതിവുപോലെ ഇക്കൊല്ലവും വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ പങ്കെടുക്കാന്‍ റോമിലെത്തി. സമ്പൂര്‍ണ്ണ സഭൈക്യത്തിനായുള്ള അഭിവാജ്ഞ വര്‍ദ്ധിക്കുന്നതിനു തെളിവാണ് ആഗ്ലിക്കന്‍ ഗായക സംഘത്തിന്‍റേയും എക്യുമെനിക്കല്‍ പ്രതിനിധി സംഘത്തിന്‍റേയും വത്തിക്കാനിലെ സാന്നിദ്ധ്യം. കൂടാതെ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാല്‍പതിലധികം മെത്രാപ്പോലിത്താമാര്‍ മാര്‍പാപ്പയില്‍ നിന്നു പാലിയം ഉത്തരീയം സ്വീകരിക്കാനെത്തി. അപ്പസ്തോല പ്രമുഖനായ വി.പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയായ മാര്‍പാപ്പയോടുള്ള ഐക്യത്തിന്‍റേയും കൂട്ടായ്മയുടേയും അടയാളമായി പാലിയം ധരിച്ചുകൊണ്ട് വിശുദ്ധ പൗലോസ് ശ്ലീഹായെപ്പോലെ ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെ സുവിശേഷ സന്ദേശമെത്തിക്കുകയാണ് അവരുടെ ദൗത്യം. ജറുസലേമില്‍ നിന്നു റോമിലേക്കും ലോകമെങ്ങും സുവിശേഷ സന്ദേശമെത്തിച്ച വിശുദ്ധ പത്രോസും അന്ത്രയോസും പൗലോസും സഭാകൂട്ടായ്മ ശക്തിപ്പെടുത്താനും സ്വജീവന്‍ ബലികഴിച്ചും സുവിശേഷ പ്രഘോഷണം നടത്താനുമുള്ള ആഹ്വാനമാണ് നല്‍കുന്നതെന്ന് ഫാ.ലൊംബാര്‍ദി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.