2012-06-28 18:59:46

ഐക്യത്തിന്‍റെ കാഹളവുമായി
വെസ്റ്റ്മിനിസ്റ്റര്‍ ഗായകസംഘം


28 ജൂണ്‍ 2012, വത്തിക്കാന്‍
ക്രൈസ്തവൈക്യത്തിന്‍റെ കാഹളവുമായി വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ ആംഗ്ലിക്കന്‍ ഗായക സംഘം വത്തിക്കാനില്‍ ഗാനശുശ്രൂഷ നടത്തും.
ജൂണ്‍ 29-ാം തിയതി വെള്ളിയാഴ്ച ബനഡിക്ട് 16-ാമന്‍ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷിക്കപ്പെട്ടുന്ന പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിവ്യബലിയിലും അതിനോടു ചേര്‍ന്നുള്ള മെത്രാപ്പോലീത്താമാരുടെ പാലിയം ഉത്തരീയ ദാന കര്‍മ്മിത്തിലും വത്തിക്കാനിലെ സിസ്റ്റൈന്‍ ഗായകസംഘത്തോടു ചേര്‍ന്നാണ്
വെസ്റ്റ് മിനിസ്റ്റര്‍ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കുന്നത്.

പാപ്പായുടെ വ്യക്തിപരമായ താല്പര്യവും ക്ഷണവുമാണ് ഈ സഭൈക്യ ഗായക സംഘത്തിന് രൂപം നല്കുന്നതെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

2010 സെപ്റ്റംമ്പറില്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ബനഡിക്ട് 16-ാമന്‍ പാപ്പ ബെസ്ററ്മിനിസ്റ്റര്‍ ആബിയിലെ സായാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കവേ,
ഈ ആംഗ്ലിക്കന്‍ ഗായകസംഘത്തിന്‍റെ നിലവാരം മനസ്സലാക്കിയതിന്‍റെ വെളിച്ചത്തിലാണ് വത്തിക്കാനിലേയ്ക്ക് അവരെ ക്ഷണിച്ചത്.

യൂറോപ്യന്‍ ആരാധനക്രമ സംഗീത ശൈലിയില്‍ ലത്തീനിലും ഗ്രിഗോരിയനിലും, ഇംഗ്ലിഷിലുമുള്ള പ്രശസ്തമായ ഗീതങ്ങളും ശൈലിയും ഉപയോഗിക്കുന്ന ബൈസ്റ്റ് മിനിസ്റ്റര്‍ ആബി ക്വയര്‍ ലോക പ്രശസ്തമാണ്.

പാപ്പയും കാന്‍റെര്‍ബറിയിലെ മെത്രാപ്പോലീത്തയും സ്വപ്നംകാണുന്ന സമ്പൂര്‍ണ്ണവും ദൃശ്യമായിത്തീരേണ്ടതുമായ സഭൈക്യ ചൈതന്യത്തിന്‍റെ പ്രകടമായ അടയാളമാണ് ഈ സംയുക്ത ഗായകസംഘമെന്ന്, വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ ഡീനും സന്ദേശത്തിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു.









All the contents on this site are copyrighted ©.