2012-06-27 20:36:56

തകര്‍ച്ചയുടെ കൂനകളില്‍
മനം തളരാതെ


27 ജൂണ്‍ 2012, ബൊളോഞ്ഞാ
ഭൂകമ്പത്തിന്‍റെ കെടുതിയില്‍ വേദനിക്കുന്നവര്‍ക്ക് പ്രത്യാശ പകരുന്നതായിരുന്നു പാപ്പായുടെ സന്ദര്‍ശനമെന്ന്, ബൊളോഞ്ഞായുടെ മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ കാര്‍ളോ കഫാരെ പ്രസ്താവിച്ചു. മദ്ധ്യ ഇറ്റിലിയിലെ ഭൂകമ്പബാധിത പ്രദേശമായ എമീലിയാ റൊമാഞ്ഞ പ്രദേശത്തേയ്ക്ക് ജൂണ്‍ 26-ാം തിയതി ചൊവ്വാഴ്ച ബനഡിക്ട് 16-ാമന്‍ പാപ്പാ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ കഫാരെ ഇപ്രകാരം പ്രസ്താവിച്ചത്.
ദുരന്തങ്ങള്‍ക്കു മുന്നില്‍ നിഷ്പ്രഭനും നിരാലംബനുമായി മാറുന്ന മനുഷ്യന്‍ ദൈവത്തിന്‍റെ കരങ്ങളില്‍ സുരക്ഷിതനായിരിക്കുമെന്നും, പാറപോലെ ഉറച്ചതും അചഞ്ചലവുമായ ദൈവസ്നേഹത്തില്‍ ആശ്രയിച്ചുകൊണ്ട് ജീവിത സ്വപ്നങ്ങള്‍‍ ഇനിയും മെനഞ്ഞെടുക്കുകയും പുനഃരാവിഷ്ക്കരിക്കുകയും ചെയ്യാമെന്ന – പാപ്പായുടെ പ്രത്യാശ പകരുന്ന വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, കര്‍ദ്ദിനാള്‍ കഫാരാ വിവരിച്ചു.

മെയ് 29-ന് ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന എമീലിയ റൊമാഞ്ഞാ പ്രദേശത്തേയ്ക്ക് വത്തിക്കാനില്‍നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം എത്തിയ പാപ്പ, മിലിറ്ററി വാഹനത്തില്‍ യാത്രചെയ്തുകൊണ്ടാണ്, വേദിനിക്കുന്ന ജനങ്ങളെയും അവരുടെ തകര്‍ന്ന ഭവനങ്ങളും അവിടത്തെ സ്ഥാപനങ്ങളും ദേവാലയങ്ങളും സന്ദര്‍ശിക്കുകയും, അവര്‍ക്ക് പ്രത്യാശും ആത്മവിശ്വാസവും പകര്‍ന്നതെന്നും കര്‍ദ്ദിനാള്‍ കഫാരാ വ്യക്തമാക്കി.

പാപ്പായുടെ സാന്ത്വന സാന്നിദ്ധ്യത്തോടു പ്രതികരിച്ചുകൊണ്ട് പൊള്ളുന്ന വെയിലിനെ വെല്ലുവിളിച്ചും ആയിരങ്ങള്‍ കാര്‍പിയായിലെ സ്പേര്‍ട്സ് മൈതാനിയില്‍ എത്തിയിരുന്നു. രണ്ടു ദിവസം തുടര്‍ച്ചയായിട്ടുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നു കിടക്കുന്ന ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും, അവയ്ക്കുമേലെ വേദനിക്കുന്ന മുഖവുമായി എത്തിയ ജനങ്ങളെ കണ്ട് പാപ്പ വികാര നിര്‍ഭരനായെന്നും കര്‍ദ്ദിനാള്‍ കഫാരെ വെളിപ്പെടുത്തി.

തകര്‍ന്ന കെട്ടിട കൂമ്പാരങ്ങളില്‍‍ മനസ്സുകള്‍ തളരാതെ ദൈവത്തില്‍ ആശ്രയിച്ചു മുന്നേറണമെന്നും, അവരുടെ വേദന പങ്കിടാന്‍ പാപ്പ എപ്പോഴും കൂടെയുണ്ടാകുമെന്നും അവര്‍ക്ക് ഉറപ്പുനല്കിയ ശേഷം, ഉച്ചയ്ക്ക് 1 മണിയോടെയാണ് പാപ്പ വത്തിക്കാനിലേയ്ക്കു മടങ്ങിയതെന്നും കര്‍ദ്ദിനാള്‍ കഫാരെ മാധ്യമങ്ങളെ അറിയിച്ചു.










All the contents on this site are copyrighted ©.