2012-06-26 16:47:57

മാര്‍പാപ്പ ഭൂകമ്പബാധിത മേഖല സന്ദര്‍ശിച്ചു


26 ജൂണ്‍ 2012, എമിലിയ റൊമാഞ്ഞ്യ
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇറ്റലിയിലെ ഭൂകമ്പ ബാധിത പ്രദേശമായ എമില്യ റൊമാഞ്ഞ സന്ദര്‍ശിച്ചു. സാന്ത്വന സന്ദേശവുമായി ഭൂകമ്പ ബാധിതരുടെ പക്കലെത്തിയ പാപ്പ ഭൂകമ്പ ദുരന്തത്തിന്‍റെ ആദ്യ നാളുകളില്‍ തന്നെ ആത്മീയമായി താന്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നെന്നും അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിരുന്നെന്നും വെളിപ്പെടുത്തി. ദുരിതബാധിതരെ ആശ്വസിപ്പിച്ച മാര്‍പാപ്പ ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ കുടുംബാഗങ്ങളെ അനുശോചനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട ഇടവക വികാരി ഫാ. ഇവാന്‍ മര്‍ത്തീനിയെ പാപ്പ പ്രഭാഷണത്തില്‍ പ്രത്യേകം അനുസ്മരിച്ചു.
എമില്യ റൊമാഞ്ഞ പ്രദേശത്തെ നിരവധി ഭവനങ്ങളും സാംസ്ക്കാരിക കേന്ദ്രങ്ങളും ആരാധാനാലയങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നിരുന്നു. സ്വഭവനങ്ങള്‍ നഷ്ടപ്പെട്ടതും സാംസ്ക്കാരിക പൈതൃകങ്ങള്‍ തകര്‍ന്നടിഞ്ഞതും ജനങ്ങളെ ശാരീരികവും മാനസികവുമായി പിടിച്ചുലച്ചു. എന്നാല്‍ ഏതു പ്രതികൂല സാഹചര്യത്തിലും വിശ്വാസത്തില്‍ നിന്നുല്‍ഭവിക്കുന്ന സുരക്ഷാബോധം കൈവെടിയരുതെന്ന് പാപ്പ അവരോട് അഭ്യര്‍ത്ഥിച്ചു.
“ദൈവമാണ് നമ്മുടെ അഭയവും ശക്തിയും. കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകി ആടിയാലും പര്‍വ്വതങ്ങള്‍ സമുദ്ര മധ്യത്തില്‍ ‍അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല” (സങ്കീര്‍ത്തനം 46 1-2) എന്ന സങ്കീര്‍ത്തന വചനം യാമപ്രാര്‍ത്ഥനയില്‍ എത്രയോ തവണ നാം ആവര്‍ത്തിച്ചിട്ടുണ്ട്. ഭൂചലനത്തെക്കുറിച്ച് സങ്കീര്‍ത്തകന്‍ പരാമര്‍ശിക്കുന്നത് ആശ്ചര്യകരമാണ്. ഏതു പ്രതികൂല സാഹചര്യത്തിലും നമുക്കുണ്ടായിരിക്കേണ്ട ആന്തരീക സുരക്ഷാബോധത്തെക്കുറിച്ചാണ് സങ്കീര്‍ത്തനം നമ്മെ ഉത്ബോധിപ്പിക്കുന്നതെന്ന് പാപ്പ വിശദീകരിച്ചു.

സുരക്ഷാബോധമെന്നാല്‍ ഭയാശങ്ക ഇല്ലാത്ത അവസ്ഥയല്ല. ജീവിതത്തില്‍ പരീക്ഷണങ്ങള്‍ ഉണ്ടാകും. യേശു ക്രിസ്തുപോലും പരീക്ഷിക്കപ്പെട്ടിണ്ട്. എന്നാല്‍ ഏതു പ്രതിസന്ധിയിലും ദൈവം നമ്മോടൊപ്പമുണ്ടെന്ന ബോധ്യമാണ് യഥാര്‍ത്ഥമായ സുരക്ഷാബോധം. ഈ സ്നേഹത്തിന്‍റെ പരമായ പ്രകടനമാണ് ക്രിസ്തുവിന്‍റെ കുരിശു മരണം.
യുദ്ധാനന്തരം ഇറ്റലിയെ പുനരുദ്ധരിച്ച ഇറ്റാലിയന്‍ ജനതയുടെ വിശ്വാസത്തേയും ഐക്യദാര്‍ഡ്യത്തേയും പ്രകീര്‍ത്തിച്ച മാര്‍പാപ്പ സ്വാതന്ത്ര്യവും സമാധാനവുമുള്ള ഒരു ഭാവി കെട്ടിപ്പടുക്കാനാണ് അവര്‍ കഠിനാദ്ധ്വാനം നടത്തിയതെന്നു അനുസ്മരിച്ചു. തങ്ങളുടെ പൂര്‍വ്വികരുടെ മാതൃക പിന്തുടര്‍ന്ന് വിശ്വാസത്തിലും പ്രത്യാശയിലും അടിയുറച്ചു നിന്നുകൊണ്ട് തങ്ങളുടെ ജീവിതം പുനരാരംഭിക്കാന്‍ ഭൂകമ്പബാധിതര്‍ക്കു പാപ്പ പ്രോത്സാഹനമേകി. നഷ്ടധൈര്യരാകാനുള്ള പ്രലോഭനങ്ങള്‍ക്കു വശംവദരാകാതെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ക്ഷമയോടും ദൃഢചിത്തതയോടും കൂടി ഈ പ്രതിസന്ധി നേരിടണമെന്നും പാപ്പ അവരെ ആഹ്വാനം ചെയ്തു. അവര്‍ ഒരിക്കലും ഏകരല്ലെന്നു പ്രസ്താവിച്ച മാര്‍പാപ്പ അവര്‍ക്ക് സ്നേഹത്തിന്‍റേയും പ്രത്യാശയുടേയും സന്ദേശം നല്‍കാനാണ് താന്‍ അവരുടെ മധ്യേ വന്നിരിക്കുന്നതെന്നും വ്യക്തമാക്കി.

ദുരന്ത ബാധിതര്‍ക്കു സഹായമേകാന്‍ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്നും തദവസരത്തില്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.