2012-06-25 15:19:14

സ്നാപക യോഹന്നാന്‍റെ സാക്ഷൃം


(ജൂണ്‍ 24ാം തിയതി ഞായറാഴ്ച മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാസന്ദേശം)
കത്തോലിക്കാ സഭ ജൂണ്‍ 24ാം തിയതി വിശുദ്ധ സ്നാപക യോഹന്നാന്‍റ‍െ ജനനതിരുന്നാള്‍ ആഘോഷിക്കുന്നു. പരിശുദ്ധ കന്യകാ മറിയത്തിന്‍റെ ജനനതിരുന്നാള്‍ കൂടാതെ തിരുസഭ ആഘോഷിക്കുന്ന ജനനതിരുന്നാള്‍ വി.സ്നാപക യോഹന്നാന്‍റേതു മാത്രമാണ്. ദൈവപുത്രന്‍റെ മനുഷ്യാവതാര രഹസ്യവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാണ് സാര്‍വ്വത്രിക സഭ വി. യോഹന്നാന്‍റെ ജനനതിരുന്നാള്‍ ആഘോഷിക്കുന്നത്. വി.സ്നാപക യോഹന്നാന്‍റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പും എലിസബത്ത് അത്ഭുതകരമായി ഗര്‍ഭംധരിച്ചതും ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിനു മുന്നോടിയാണ്. ദൈവദൂതന്‍ പ.കന്യകാമറിയത്തെ മംഗലവാര്‍ത്ത അറിയിച്ചപ്പോള്‍ “ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല” എന്നതിന്‍റെ അടയാളമായി വി.സ്നാപക യോഹന്നാന്‍റെ ജനന രഹസ്യവും വെളിപ്പടുത്തി. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ ദൈവം മനുഷ്യനോട് ഒന്നാകുന്ന രക്ഷാകര മഹാരഹസ്യത്തിന് ആറുമാസം മുന്‍പാണ് എലിസബത്ത് യോഹന്നാനെ ഗര്‍ഭം ധരിക്കുന്നത്. കര്‍ത്താവിന്‍റെ അഭിക്ഷിക്തനായ ക്രിസ്തുവാണ് മിശിഹാ എന്നു ലോകത്തിനു വെളിപ്പെടുത്തുന്ന വി.സ്നാപകയോഹന്നാന്‍ പഴയ നിയമത്തിന്‍റെ‍ സമാപനവും പുതിയ നിയമത്തിന്‍റെ ആരംഭവുമാണ്. നാലു സുവിശേഷകന്‍മാരും വി.സ്നാപക യോഹന്നാന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. യേശു ക്രിസ്തു വി.സ്നാപക യോഹന്നാനെക്കുറിച്ചു പറയുന്നതിപ്രകാരമാണ്. “ ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതപ്പ‍െട്ടിരിക്കുന്നത്. ഇതാ! നിനക്കു മുന്‍പേ എന്‍റെ ദൂതനെ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്‍റെ മുന്‍പേ പോയി നിനക്കു വഴി ഒരുക്കും. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്നാപക യോഹന്നാനേക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനേക്കാള്‍ വലിയവനാണ്. ” (മത്താ: 11, 10-11)
സ്നാപയോഹന്നാന്‍റെ പിതാവ് സഖറിയ - മറിയത്തിന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന്‍റെ ഭര്‍ത്താവ്- പഴയനിയമ കാലത്ത‍െ ആരാധാനാക്രമ പ്രകാരമുള്ള പുരോഹിതനായിരുന്നു. തനിക്ക് ഒരു കുഞ്ഞുണ്ടാകുമ‍െന്ന പ്രതീക്ഷ നഷ്ടപ്പ‍െട്ടിരുന്ന സഖറിയയ്ക്ക് ദൈവദൂതന്‍ സ്നാപക യോഹന്നാന്‍റെ ജനനത്തെക്കുറിച്ചു നല്‍കിയ അറിയിപ്പ് പെട്ടന്നു വിശ്വസിക്കാന്‍ സാധിച്ചില്ല. തന്‍മൂലം കുഞ്ഞിന്‍റെ പരിച്ഛേദനംവരെ അദ്ദേഹം മൂകനായിത്തീര്‍ന്നു. പരിച്ഛേദന സമയത്ത് ശിശുവിന് യോഹന്നാന്‍ എന്നു പേരുനല്‍കാന്‍ സഖറിയായും പത്നി എലിസബത്തും ആവശ്യപ്പ‍െട്ടു. യോഹന്നാന്‍ എന്ന പേരിന്‍റെ അര്‍ത്ഥം ദൈവകൃപ എന്നാണ്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ സഖറിയാ തന്‍റ‍െ പുത്രന്‍റെ ദൗത്യത്തെക്കുറിച്ച് ഇപ്രകാരം പ്രവചിക്കുന്നു. “നീയോ കുഞ്ഞേ, അത്യുന്നതന്‍റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിനു വഴിയൊരുക്കുവാന്‍ അവിടുത്തെമുമ്പേ നീ പോകും. അത് അവിടുത്തെ ജനത്തിന് പാപമോചനം വഴിയുള്ള രക്ഷയെക്കുറിച്ച് അറിവുകൊടുക്കും. ”(ലൂക്കാ: 1, 76-77) . മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നത്. യൂദായിലെ മരുഭൂമിയില്‍ വച്ച് യോഹന്നാന് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി. പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ ജ്ഞാനസ്നാനം സ്വീകരിച്ചുകൊണ്ട് മിശിഹായുടെ ആസന്നമായ വരവിന് ഒരുങ്ങാന്‍ വി.യോഹന്നാന്‍ ദൈവജനത്തെ ആഹ്വാനം ചെയ്തു. ജോര്‍ദാന്‍ നദിയില്‍ അദ്ദേഹം അവര്‍ക്കു ജ്ഞാനസ്നാനം നല്‍കി. സ്നാനം നല്‍കുന്നവന്‍ എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹത്തിനു സ്നാപക യോഹന്നാന്‍ എന്ന പേരു ലഭിച്ചത്. യേശു യോഹന്നാനില്‍ നിന്നു സ്നാനം സ്വീകരിക്കാന്‍ നസ്രത്തില്‍ നിന്നു ജോര്‍ദാനിലേക്കു വന്നു. യേശുവിന് സ്നാനം നല്‍കാന്‍ യോഹന്നാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. സ്നാനം കഴിഞ്ഞയുടന്‍ പരിശുദ്ധാത്മാവ് യേശുവിന്‍റെ മേല്‍ ഇറങ്ങിവരുന്നതു അദ്ദേഹം കണ്ടു. “ഇവന്‍ എന്‍റെ പ്രിയ പുത്രന്‍” എന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ വാക്കുകളും ശ്രവിച്ചു. വി. സ്നാപക യോഹന്നാന്‍റെ ദൗത്യം അവിടെ അവസാനിക്കുന്നില്ല. ഏതാനും നാളുകള്‍ക്കു ശേഷം യേശുവിന്‍റെ വേദനാജനകമായ മരണത്തിനു മുന്നോടിയെന്ന വിധം സ്നാപകയോഹന്നാന്‍ ക്രൂരമായി വധിക്കപ്പെട്ടു. ഹേറോദോസിന്‍റെ കാരഗൃഹത്തില്‍ വച്ച് വി.യോഹന്നാന്‍ ശിരച്ഛേദം ചെയ്യപ്പെടുകയായിരുന്നു. ദൈവത്തിന്‍റെ കുഞ്ഞാടിന‍െ ലോകത്തിനു വെളിപ്പെടുത്തിയ വി.യോഹന്നാന്‍ അങ്ങനെ തന്‍റെ സാക്ഷൃം പൂര്‍ത്തിയാക്കി.








All the contents on this site are copyrighted ©.