2012-06-22 20:30:39

നവമായ ഉത്തരവാദിത്വബോധം
പ്രതിസന്ധികള്‍ക്ക് പരിഹാരമെന്ന്


22 ജൂണ്‍ 2012, വത്തിക്കാന്‍
‘കുടുംബങ്ങളുടെ കൂട്ടുകൃഷി’പ്രസ്ഥാനം coldireti സുസ്ഥിര വികസനത്തിന് ഉത്തമ മാതൃകയാണെന്ന്, ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു. ഇറ്റലിയുടെ ഗ്രാമപ്രദേശങ്ങളില്‍ കൃഷിചെയ്തും മീന്‍പിടിച്ചും ജീവിക്കുന്ന കുടുംബങ്ങളുടെ ദേശീയ സംഘടന, ‘ദേശീയ കര്‍ഷക കൂട്ടായ്മ’യുടെ പ്രതിനിധകളെ വത്തിക്കാനില്‍ ജൂണ്‍ 22-ാം തിയതി വെള്ളിയാഴ്ച രാവിലെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധികളുടെ ഇക്കാലയളവില്‍ പങ്കുവയ്ക്കലിന്‍റെയും സഹാനുഭാവത്തിന്‍റെയും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്, നവമായ ഉത്തരവാദിത്വ ബോധത്തോടെ ജീവിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ചുറ്റും കാണുന്ന സാമ്പത്തിക മാന്ദ്യത്തോടൊപ്പം ധാര്‍മ്മിക മാന്ദ്യവും സമൂഹത്തെ ദുര്‍ബലമാക്കുന്നുണ്ടെന്നും പാപ്പ സംഘടന പ്രതിനിധി ചൂണ്ടിക്കാട്ടി.

യാഥാര്‍ത്ഥ്യ ബോധത്തോടും ആത്മവിശ്വാസത്തോടും പ്രത്യാശയോടുംകൂടെ നന്മയുടെ അടിസ്ഥാന മൂല്യങ്ങളെ സമൂഹത്തില്‍ പുനര്‍പ്രതിഷ്ഠിച്ചുകൊണ്ടും ജീവിത ക്രമങ്ങളെ നവീകരിച്ചുകൊണ്ടും പുതിയ ലോകം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. സംഘടന ചെയ്യുന്ന വിവിധ സന്നദ്ധ സേവനങ്ങളെയും സാമൂഹ്യ നവീകരണ പദ്ധതികളെയും പാപ്പാ തന്‍റെ സന്ദേശത്തില്‍ എടുത്തു പറയുകയും അഭിനന്ദിക്കുകയും ചെയ്തു. ഇറ്റിലിയിലും യൂറോപ്പില്‍തന്നെ ഏറ്റവും വലുതും ശക്തവുമായ കര്‍ഷകരുടെ സംഘടനയാണ് ‘കോള്‍ദിരേത്തി’ coldiretti. പോള്‍ ബൊനോമി എന്ന ആദര്‍ശധീരനും അദ്ധ്വാനശീലനുമായ കര്‍ഷകന്‍ 1944-ല്‍ സ്ഥാപിച്ചതാണ് ഈ സംഘടന.








All the contents on this site are copyrighted ©.