2012-06-21 09:24:25

സാന്ത്വനവുമായി പാപ്പാ
ഭൂകമ്പബാധിത പ്രദേശങ്ങളിലേയ്ക്ക്


20 ജൂണ്‍ 2012, വത്തിക്കാന്‍
ഇറ്റലിയിലെ എമീല്യോ-റൊമാഞ്ഞാ ഭൂകമ്പബാധിത പ്രദേശങ്ങള്‍ ബനഡിക്ട് 16-ാമന്‍ പാപ്പ സന്ദര്‍ശിക്കും. മദ്ധ്യ ഇറ്റലിയിലെ വേദനിക്കുന്ന ജനങ്ങള്‍ക്ക് സാന്ത്വനവുമായി ജൂണ്‍ 26-ാം തിയതി ചൊവ്വാഴ്ചയാണ് പാപ്പ എത്തുന്നത്. വത്തിക്കാനില്‍നിന്നും രാവിലെ 9 മണിക്ക് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം പുറപ്പെടുന്ന പാപ്പ, കാപ്രിയിലെ സ്പോര്‍ട്സ് മൈതാനിയില്‍ ഇറങ്ങും. സ്ഥലത്തെ സുരക്ഷാസേനയുടെ പ്രത്യേക വാഹനത്തില്‍ ഭൂകമ്പ ബാധിത പ്രദേശങ്ങളും അവിടത്തെ ജനങ്ങളെയും സന്ദര്‍ശിക്കുന്ന പാപ്പ
ഉച്ചയ്ക്ക് 12 മണിയോടെ വത്തിക്കാനിലേയ്ക്കു മടങ്ങുമെന്നും, വത്തിക്കാന്‍ പ്രസ്സ് ഓഫിസ് അറിയിച്ചു.
മെയ് 29-ാം തിയതി രാത്രിയിലാണ് മദ്ധ്യഇറ്റലിയുടെ ഏമീല്യോ-റൊമാഞ്ഞാ പ്രദേശത്ത് 6 റിക്കര്‍ സ്കെയില്‍ ശക്തിയില്‍ ആഞ്ഞുലച്ച ഭൂകമ്പം 20 പേരുടെ ജീവന്‍ അപഹരിക്കുകയും ആയിരങ്ങളെ മുറിപ്പെടുത്തുകയും പതിനായിരങ്ങളെ ഭവന രഹിതരാക്കുകയും ചെയ്തത്. മൂന്നു ദിവസത്തോളം തുടര്‍ന്ന ഭൂചലനം ആയിരക്കണക്കിന് ഭവനങ്ങളെയും ധാരാളം പുരാതന ദേവാലയങ്ങളെയും തകര്‍ക്കുകയുണ്ടായി. ഭൂകമ്പത്തെ തുടര്‍ന്ന് അന്തര്‍ദേശിയ കുടുംബ സംഗമത്തിനായി മിലാനിലെത്തിയ പാപ്പ സാന്ത്വന സന്ദേശം അയക്കുക മാത്രമല്ല, അഞ്ചു ലക്ഷം യൂറോ സാഹായധനം എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.









All the contents on this site are copyrighted ©.