2012-06-07 16:06:09

കുര്‍ബ്ബാനയുടെ മനോഹാരിത
പ്രകടമാക്കുന്ന മഹോത്സവം CORPUS CHRISTI


7 ജൂണ്‍ 2012, റോം
പരിശുദ്ധ കുര്‍ബ്ബാനയുടെ മനോഹാരിത പ്രകടമാക്കുന്ന മഹോത്സവമാണ് ക്രിസ്തുവിന്‍റെ തിരുശരീരത്തിന്‍റെ (Corpus Christi) തിരുനാളെന്ന്,
വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി,
ബിഷപ്പ് ജോണ്‍ കെന്നഡി പ്രസ്താവിച്ചു. പരമ്പാരാഗതമായി ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞ് മൂന്നാം ദിവസം, (ഈ വര്‍ഷം ജൂണ്‍ 7-ാം തിയതി) വത്തിക്കാനില്‍ ആഘോഷിക്കുന്ന ദിവ്യകാരുണ്യ മഹോത്സവത്തെക്കുറിച്ച് നല്കിയ അഭിമുഖത്തിലാണ് ബിഷപ്പ് കെന്നഡി ഈ പ്രസ്താവന നടത്തിയത്.

അന്ത്യത്താഴ വിരുന്നിലായിരുന്നു ക്രിസ്തു സ്ഥാപിച്ച പ്രഥമ ദിവ്യബലിയെങ്കിലും വിശുദ്ധവാരത്തിന്‍റെ ശോകഭാവമായിരുന്നിരിക്കണം വ്യത്യസ്തമായ ദിവ്യാകാരുണ്യ മഹോത്സവത്തിന് ചരിത്രത്തില്‍ വഴിതെളിച്ചതെന്ന്, ബിഷപ്പ് കെന്നഡി അഭിപ്രായപ്പെട്ടു. 13-ാം നൂറ്റാണ്ടില്‍ ബെല്‍ജിയത്തുള്ള അഗസ്റ്റീനിയന്‍ സന്യാസിനിക്കാണ് ദിവ്യകാരുണ്യ തിരുനാളിന്‍റെ ദര്‍ശനമുണ്ടായത്. അവിടെ പ്രചാരം സിദ്ധിച്ച സാഘോഷമായ ദിവ്യബലിയും അതിനെ തുടര്‍ന്നുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും ആശിര്‍വ്വാദവും 1264-ല്‍ ഊര്‍ബന്‍ 4-ാമന്‍ പാപ്പ സാര്‍വ്വത്രിക സഭയുടെ മഹോത്സവമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് ബിഷപ്പ് കെന്നഡി വ്യക്തമാക്കി. റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററാന്‍ ബസിലിക്കയില്‍ ബനഡിക്ട് 16-ാമന്‍ പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ജൂണ്‍ 7-ാം തിയതി വൈകുന്നേരം 7 മണിക്കാണ് ദിവ്യകാരുണ്യ മഹോത്സവും ആഘോഷിക്കപ്പെടുന്നത്.

ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന മൂന്നാം ദിവസം എന്ന പാരമ്പര്യം അജപാലന കാരണങ്ങളാല്‍, തുടര്‍ന്നു വരുന്ന ഞായറാഴ്ചയാണ്
ഇന്ന് ഭാരതത്തിലും ഇതര രാജ്യങ്ങളിലും ആഘോഷിക്കുന്നത്.

അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്, വിശുദ്ധ തോമസ് അക്വീനസ് എന്നിവര്‍ ദിവ്യകാരുണ്യ ഭക്തിയുടെ പ്രായോജകരാണ്. ‘നിത്യതയുടെ ഔഷധ’മെന്ന് വിശുദ്ധ ഇഗ്നേഷ്യസ് ദിവ്യകാരുണ്യത്തെ വിശേഷിപ്പിക്കുമ്പോള്‍, ‘ഏറ്റവും മഹത്തായ കൂദാശ’യെന്ന് തോമസ് അക്വീനസും ദിവ്യകാരുണ്യത്തെ വിശേഷിപ്പിക്കുന്നു. ലത്തീന്‍ ഭാഷയില്‍ വി. തോമസ് അക്വീനാസ് രചിച്ചിട്ടുള്ള അഞ്ചു ദിവ്യകാരുണ്യഗീതികള്‍ പരിശുദ്ധ കര്‍ബ്ബാനയുടെ ദൈവശാസ്ത്രത്തിന്‍റെ സത്ത ഊറിയെത്തുന്നവയാണ്.
Pagne Lingue, Laudatione, Adore Te Devote, Sacris Solemnis, Verbum Supernum എന്നിവയാണ് ഇന്നും പ്രചാരത്തിലുള്ള വിഖ്യാതമായ ദിവ്യകാരുണ്യ ഗീതികള്‍.









All the contents on this site are copyrighted ©.