2012-06-06 16:41:33

വിവാഹമോചനം നേടിയവര്‍ സഭയ്ക്കു പുറത്തല്ലെന്ന്
ബനഡിക്ട് 16-ാമന്‍ പാപ്പ


06 ജൂണ്‍ 2012, മിലാന്‍
വിവാഹമോചനം നേടിയവര്‍ സഭയ്ക്കു പുറത്തല്ലെന്ന്, ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു.
ജൂണ്‍ 3-ാം തിയതി ഇറ്റലിയിലെ മിലാനില്‍ സമാപിച്ച ഏഴാമത് അന്താരാഷ്ട്രാ കത്തോലിക്കാ കുടുബങ്ങളുടെ സംഗമത്തില്‍ ദമ്പതികളുമായി നടത്തിയ അഭിമുഖത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വിവാഹ മോചനം നേടിയ ശേഷം വീണ്ടും വിവാഹിതരായവരുടെ അവസ്ഥയെക്കുറിച്ച് ബ്രസീലില്‍നിന്നുമെത്തിയ ദമ്പതികള്‍ ഉയര്‍ത്തിയ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാപ്പ.
വിവാഹമോചനം നേടിയവര്‍ക്ക് കൂദാകളിലുള്ള സജീവ പങ്കാളിത്തം നിഷേധിക്കുമ്പോഴും അവര്‍ സഭയുടെ അജപാല സ്നേഹത്തിനു പുറത്തല്ലെന്നും, സഭയുടെ ആത്മീയ കൂട്ടായ്മയുടെ എല്ലാ മേഖലകളിലും അവരെ പങ്കുകാരാക്കേണ്ടതാണെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.
വിവാഹ മോചനം നേടിയശേഷം വീണ്ടും വിവാഹിതരായി ജീവിക്കുന്നവര്‍ക്ക് കൂദാശകള്‍ നേരിട്ടു പരികര്‍മ്മം ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുമ്പോഴും, കൂദാശകളില്‍ ആത്മീയമായി പങ്കുചേര്‍ന്നുകൊണ്ട് ക്രിസ്തും അവിടുത്തെ സഭയുമായുമുള്ള ഐക്യം നിലനിര്‍ത്തുവാന്‍ അവരെ സഹായിക്കേണ്ടതാണെന്നും പാപ്പ അഭിമുഖത്തില്‍ വ്യക്തമാക്കി.

വിവാഹമോചനം ഒഴിവാക്കാന്‍ ഉപരിപ്ലവമായ സ്നേഹ ബന്ധങ്ങളെ ആഴവും പക്വവുമായ കുടുംബബന്ധമാക്കി ഉറപ്പിക്കുകയും, കുടുംബങ്ങളുടെ ജീവിതയാത്രയില്‍ സഭയും സമൂഹവും എപ്പോഴും അവര്‍ക്ക് പ്രചോദനവും തുണയുമായിരിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.