2012-06-04 16:42:38

അന്താരാഷ്ട്ര കുടുംബസംഗമം 2015
ഫിലാഡെല്‍ഫിയായില്‍


4 ജൂണ്‍ 2012, മിലാന്‍
അന്താരാഷ്ട്ര കത്തോലിക്കാ കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ഇറ്റലിയിലെ മിലാനിലായിരുന്ന പാപ്പ ഞായറാഴ്ച പതിവുള്ള ത്രികാലപ്രാര്‍ത്ഥനാ സന്ദേശം അവിടെ വച്ചാണ് നല്കിയത്.
ഞായറാഴ്ച രാവിലെ മിലാനിലെ ബ്രേസ്സോ പാര്‍ക്ക് മൈതാനിയില്‍ കുടുംബങ്ങള്‍ക്കൊപ്പം പാപ്പ ദിവ്യബലി അര്‍പ്പിച്ചു. പതിനായിരത്തോളം കുടുംബങ്ങള്‍ പങ്കെടുത്ത ദിവ്യബലിയുടെ സമാപനത്തിലാണ് പാപ്പ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം നല്കിയത്.

ദിവ്യബലിയുടെ സമാപനപ്രാര്‍ത്ഥന ചൊല്ലിയശേഷം ത്രികാല പ്രാര്‍ത്ഥനയ്ക്കായി മനോഹരവും ദൈവികകൂടാര സമാനവുമായ താല്ക്കാലിക വേദിയുടെ പാര്‍ശ്വത്തില്‍ പാപ്പ സന്നിഹിതനായി.
പ്രിയ സഹോദരങ്ങളേ, കുടുംബങ്ങളുടെ 7-ാമത് ആഗോള സംഗമം ഇവിടെ ഈ ത്രികാലപ്രാര്‍ത്ഥനയോടെ സമാപിക്കുകയാണ്. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിനെ ഹൃദയത്തില്‍ വഹിക്കുന്ന നമുക്ക് ഈ ദൈവിക സംഗമത്തിനും ആഘോഷത്തിനും നന്ദിപറയുവാന്‍ വാക്കുകളില്ല. കാരണം ഇത്ര ബൃഹത്തായ കുടുംബങ്ങളുടെ സാന്നിദ്ധ്യവും സംഗമവും ദൈവികമാണ്. ഗാര്‍ഹിക സഭയുടെ വിപുലമായ അനുഭവം തന്ന ദൈവത്തിന് നമുക്ക് ആദ്യമായി നന്ദിയര്‍പ്പിക്കാം.

ഈ മഹാസംഗമത്തിന് നേതൃത്വം നല്കിയ കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഏനിയോ അന്തൊനേല്ലിക്കും, സംഗമത്തിന് ആതിഥേയത്വം വഹിച്ച മിലാന്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാല്‍ ആഞ്ചെലോ സ്ക്കോളയ്ക്കും പ്രത്യേകം കൃതജ്ഞതയര്‍പ്പിക്കുന്നു. സംഘാടക സമിതയംഗങ്ങള്‍ക്കും സന്നദ്ധ സേവകര്‍ക്കും ഹാര്‍ദ്ദവമായി നന്ദി. ബ്രേസ്സോ പാര്‍ക്കിലെ മനോഹരവും ദൈവികകൂടാര സമാനവുമായ ബലിവേദി നിര്‍മ്മിക്കുകയും ദാനംചെയ്യുകയും ചെയ്തവര്‍ക്കും കൃതജ്ഞതയര്‍പ്പിക്കുന്നു.

മിലാന്‍ സംഗമത്തിനെത്തിയ ഫ്രഞ്ചുകാരായ കുടുംബങ്ങളെ പ്രത്യേകം അഭിവാദ്യംചെയ്യുന്നു. ദൈവിക സാന്നിദ്ധ്യത്തിന്‍റെ ഇടനിലമാകുവാനും ജീവന്‍ പരിപോഷിപ്പിക്കുന്ന ഗേഹങ്ങളാകുവാന്‍ ഈ ലോകത്തെ സകല കുടുംബങ്ങളെയും നസ്രത്തിലെ തിരുക്കുടുംബം അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുന്നു. തടവു പ്രേഷിതവൃത്തിയുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും പ്രേഷിതനായ ഫാദര്‍ ഷോണ്‍ മാരി ലത്താസ്തെയുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം ഫ്രാന്‍സിലെ ബെസാങ്കോണ്‍ അതിരൂപതിയില്‍ ഞായാറാഴ്ച നടന്ന വസ്തുതയും പാപ്പ അനുസ്മരിച്ചു. പരിശുദ്ധ കന്യകാ നാഥയുടെ മദ്ധ്യസ്ഥതയാല്‍ എല്ലാ കുടുബങ്ങളുടെയും ഹൃദയങ്ങളുടേയും കവാടങ്ങള്‍ ക്രിസ്തുവിനായി തുടക്കപ്പെടട്ടെയെന്നും ആശംസിച്ചു.

ജര്‍മ്മനിയില്‍നിന്നുമെത്തിയ എല്ലാ കുടുംബങ്ങള്‍ക്കും പാപ്പ നന്ദിപറഞ്ഞു. സമൂഹത്തിന്‍റെ ജീവനാഡിയാണ് കുടുംബമെന്നും, ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തിനുശേഷം ഈ ലോകത്ത് ജീവിക്കുവാനും മനുഷ്യാന്തസ്സില്‍ വളരാനുമുള്ള ഏറ്റവും ഉചിതമായ സ്ഥാനം കുടുംബമാണെന്നും സമൂഹത്തിന്‍റെ സമഗ്രവളര്‍ച്ചയില്‍ കുടുബങ്ങളുടെ സംഭാവന വലുതാണെന്നും പാപ്പ പ്രസ്താവിച്ചു. കുടുംബങ്ങളെ വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്ന അന്തരീക്ഷം വളര്‍ത്തണമെന്നും, കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.

ആവേശത്തോടെ കുടുംബ സംഗമത്തിനെത്തുകയും മാധ്യമങ്ങളിലൂടെ ഈ കൂട്ടായ്മയില്‍ പങ്കുചേരുകയും ചെയ്യുന്ന സ്പാനിഷ് കുടുംബങ്ങളെ പാപ്പ അഭിവാദ്യംചെയ്തു. പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന പരിശുദ്ധ ത്രിത്വം കുടുംബങ്ങളില്‍ ആന്തരികസ്നേഹം വളര്‍ത്തട്ടെ എന്ന് ആശംസിച്ചു. ഉത്തമ ഭാര്യയും അമ്മയും ദൈവപുത്രിയുമായ പരിശുദ്ധ കന്യകാ നാഥയുടെ സമൃദ്ധമായ പുണ്യങ്ങളാല്‍ കുടുബങ്ങളില്‍ വിശ്വസ്തതയും ഐക്യവും വളരട്ടെയുന്നും പാപ്പ പ്രാര്‍ത്ഥിച്ചു.

സമ്മേളനത്തിനെത്തിയ പോര്‍ച്ചുഗീസ് ഭാഷക്കാരായ കുടുംബങ്ങളെ പാപ്പ തുടര്‍ന്ന് പ്രത്യേകം അഭിവാദ്യം ചെയ്തു. ത്രിത്വത്തിന്‍റെ പ്രതീകമായ കുടുംബം സൃഷ്ടിയുടെ പുലരില്‍ത്തന്നെ നല്ലതാണെന്ന് ദൈവം കണ്ടു. കുടുബങ്ങള്‍ ദൈവിക സ്നേഹത്തിന്‍റെയും സമൃദ്ധിയുടേയും പ്രതീകമാണെന്നും പാപ്പ അനുസ്മരിപ്പിച്ചു. കുടുബങ്ങളുടെ കൂട്ടായ്മയില്‍നിന്നും ഉല്ലാസത്തില്‍നിന്നും ജീവന്‍ ഉയിര്‍ക്കൊള്ളുകയും മനുഷ്യകുലത്തിന്‍റെ വര്‍ത്തമാന-ഭാവി നന്മകള്‍ കതിരണിയുകയും ചെയ്യുമെന്നും പാപ്പ പ്രസ്താവിച്ചു.

സമ്മേളനത്തില്‍ ധാരാളമായെത്തിയ പോളണ്ടില്‍നിന്നുമുള്ള കുടുംബങ്ങളെയും പാപ്പ അഭിസംബോധനചെയ്തു. കുടുംബവും തൊഴിലും ഉല്ലാസവും നിങ്ങളെ സ്നേഹത്തിലും ദാമ്പത്യ വിശ്വസ്തതയിലും ശക്തിപ്പെടുത്തട്ടെയെന്നു പ്രസ്താവിച്ചു പാപ്പ, നേടുന്നതിനെക്കാള്‍, ആയിരിക്കുന്നതിലാണ് ശ്രേഷ്ഠതയെന്ന് മനസ്സിലാക്കുവാന്‍ യുവജനങ്ങള്‍ക്കു സാധിക്കട്ടെയെന്നും ആശംസിച്ചു. ഞായറാഴ്ചകളിലെ കുടുംബാഘോഷങ്ങളുടെ സന്തോഷത്തില്‍ എപ്പോഴും ക്രിസ്തുവിനെ കണ്ടെത്താന്‍ ഇടയാകണമെന്നും പാപ്പ അനുസ്മരിപ്പിച്ചു.

അവസാനമായി ഇംഗ്ലിഷ് സംസാരിക്കുന്ന ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നുമെത്തിയ കുടുംബങ്ങളെയും മാധ്യമങ്ങളിലൂടെ മിലാനിലെ അന്താരാഷ്ട്ര കുടുംബ സംഗമവുമായി ബന്ധപ്പെട്ടിരിക്കുന്ന സകലരേയും പാപ്പ അഭിസംബോധനചെയ്തു. പ്രിയ സഹോദരങ്ങളേ, പരിശുദ്ധ കന്യകാനാഥയുടെ സാഹായം തേടിക്കൊണ്ട് ഈ കുടുംബ സംഗമത്തിന് സമാപനം കുറിക്കാം. ഈ സംഗമത്തെ കൃപാസ്പര്‍ശത്തിന്‍റെ അനുഭവമാക്കാന്‍ അദ്ധ്വാനിക്കുകയും സഹകരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത ഏവര്‍ക്കും നന്ദി.
അടുത്ത അന്താരാഷ്ട്ര കുടുംബസംഗമം അമേരിക്കയിലെ ഫിലാഡേല്‍ഫിയ നഗരത്തില്‍ 2015-ല്‍ അരങ്ങേറും. സംഗമത്തിന്‍റെ ആതിഥ്യം ഏറ്റെടുത്തതിന് ഫിലാഡേല്‍ഫിയ അതിരൂപതയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ചാള്‍സ് ഷെപ്പൂവിന് പാപ്പാ മുന്‍കൂറായി തന്‍റെ നന്ദി രേഖപ്പെടുത്തി.

മിലാനില്‍നിന്നും ലൊമ്പാര്‍ഡിയില്‍നിന്നും ഇറ്റലിയില്‍നിന്നും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നുമെത്തിയ പ്രിയ കുടുംബങ്ങളേ, നിങ്ങളുടെ സ്നേഹസാന്നിദ്ധ്യത്തെ അഭിനന്ദിക്കുകയും നിങ്ങള്‍ക്ക് നന്ദിപറയുകയും ചെയ്യുന്നു. ജീവിത ക്ലേശങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും മുഴുകയിരിക്കുന്ന കുടുംബങ്ങളെ സഹാനുഭാവത്തോടെ അനുസ്മരിക്കുകയും, നിങ്ങള്‍ നിരാശരാവാതെ മുന്നേറണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഇറ്റലിയിലെ എമീലിയോ റൊമാഞ്ഞാ പ്രവിശ്യയില്‍ ഉണ്ടായ ഭൂമികുലുക്കത്തിന്‍റെ കെടുതിയില്‍ പെട്ട കുടുംബങ്ങളെയും പ്രത്യേകമായി അനുസ്മരിക്കുന്നു. നിങ്ങളെ ഏവരെയും പരിശുദ്ധ കന്യകാ മറിയം എപ്പോഴും തുണയ്ക്കട്ടെ, കാത്തുപാലിക്കട്ടെ.

തുടര്‍ന്ന്, പാപ്പ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലുകയും അപ്പസ്തോലിക ആശിര്‍വ്വാദം നല്കുകയും ചെയ്തു.









All the contents on this site are copyrighted ©.