2012-05-31 17:25:08

ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ മാനവികതയുടെ അമൂല്യ സമ്പത്ത് :ദലൈ ലാമ


30 മെയ് 2012, വിയെന്ന
ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈ ലാമ ഓസ്ട്രിയായിലെ കത്തോലിക്കാ മെതാന്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഷോണ്‍ ബോണുമായി കൂടിക്കാഴ്ച്ച നടത്തി. 26ാം തിയതി ശനിയാഴ്ചയാണ് ദലൈ ലാമ കര്‍ദിനാളുമായി കൂടിക്കാഴ്ച്ച നടത്തിയത്. 1989ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവു കൂടിയായ ദലൈ ലാമയ്ക്കു സ്വാഗതമേകിയ കര്‍ദിനാള്‍ സമാധാനത്തെക്കുറിച്ചു മതങ്ങള്‍ നല്‍കുന്ന പ്രബോധനങ്ങള്‍ ജീവിതത്തിന്‍റെ എല്ലാ തുറകളിലും പ്രാവര്‍ത്തികമാക്കാന്‍ മതവിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് പ്രസ്താവിച്ചു. യേശു ക്രിസ്തുവിന്‍റെ പ്രബോധനങ്ങളില്‍ കോടിക്കണക്കിനു ജനങ്ങള്‍ ജീവിത സാഫല്യം കണ്ടെത്തി. മാനവികതയുടെ അമൂല്യ സമ്പത്താണതെന്ന് ദലൈ ലാമ പ്രസ്താവിച്ചു.
ലോകമെങ്ങും സമാധാനവും മതസൗഹാര്‍ദവും വളര്‍ത്തുമെന്ന് ദൃഢ പ്രതിജ്ഞ ചെയ്തിരിക്കുന്ന ദലൈ ലാമ താന്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങിലെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതു പതിവാണ്. ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ തന്നെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ലൂര്‍ദും ഫാത്തിമയും തനിക്ക് ആത്മീയ പ്രചോദനം പ്രദാനം ചെയ്തുവെന്നും ദലൈ ലാമ വെളിപ്പെടുത്തി.

ഡൊമെനിക്കന്‍ സന്ന്യസ്ത സഭാംഗമായ കര്‍ദിനാള്‍ ഷോണ്‍ബോണ്‍ ആത്മീയതയും ആശ്രമ ജീവിതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളെക്കുറിച്ചും ദലൈ ലാമയോടു സംസാരിച്ചു. പരസ്നേഹത്തിന്‍റേയും സഹാനുഭൂതിയുടേയും സന്ദേശം ലോകത്തിനു നല്‍കുന്ന മതങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് വൈരുധ്യാത്മകമാണെന്ന് ഇരുവരും വിലയിരുത്തി.








All the contents on this site are copyrighted ©.