2012-05-31 17:25:57

73 വര്‍ഷം ഇന്ത്യയില്‍ സേവനമനുഷ്ഠിച്ച ഈശോ സഭാ വൈദികന്‍ നിര്യാതനായി


30 മെയ് 2012, ചെന്നൈ
പ്രേഷിത തീക്ഷണതയോടെ ഏഴു പതിറ്റാണ്ടുകാലം ദക്ഷിണേന്ത്യയില്‍ സേവനമനുഷ്ഠിച്ച ഈശോ സഭാ വൈദികന്‍ ഫാ. സെറാക്ക് പിയെര്‍(98) അന്തരിച്ചു. മെയ് 30ാം തിയതി ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ വച്ചായിരുന്നു മരണം. ഫ്രഞ്ചു സ്വദേശിയായ അദേഹം 1936 ലാണ് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെത്തിയത്. തമിഴ്, സംസ്കൃത ഭാഷാ പണ്ഡിതനായിരുന്ന ഫാ.പിയെര്‍ ഉന്നത വിദ്യാഭ്യാസ രംഗത്തു അവിസ്മരണീയമായ സേവനങ്ങള്‍ നല്‍കി. അഖില ഭാരത കത്തോലിക്കാ സര്‍വ്വകലാശാലയുടെ (All India Catholic University Federation – AICUF) സ്ഥാപക ഡയറക്ടറാണ് ഫാ.പിയെര്‍. വിദ്യാഭ്യാസ രംഗത്തു മാത്രമല്ല ദക്ഷിണേന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലേക്കും അദേഹത്തിന്‍റെ സേവന മേഖല വ്യാപിച്ചിരുന്നു. യുദ്ധകെടുതികള്‍ അനുഭവിക്കുന്ന കമ്പോഡിയായിലേക്കും സ്നേഹത്തിന്‍റെ സന്ദേശവുമായി അദ്ദേഹം കടന്നുചെന്നു. കമ്പോഡിയായില്‍ നിന്നു ഇന്ത്യയില്‍ തിരിച്ചെത്തിയ ഫാ.പിയര്‍ ശിശു ക്ഷേമ പദ്ധതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഫ്രഞ്ചു സര്‍ക്കാരിന്‍റെ ഉന്നത ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ക്ക് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഫാ. സെറാക്ക് പിയെറിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ ജൂണ്‍ രണ്ടാം തിയതി ചെന്നൈയില്‍ നടക്കും.








All the contents on this site are copyrighted ©.