2012-05-29 16:49:47

ഹൗള കൂട്ടക്കൊല : പരിശുദ്ധ സിംഹാസനം അപലപിച്ചു


29 മെയ് 2012, വത്തിക്കാന്‍
സിറിയയിലെ ഹൗളയില്‍ കഴിഞ്ഞ വെള്ളിയാഴ്ച കുട്ടികളടക്കം നൂറിലധികം പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തെ പരിശുദ്ധ സിംഹാസനം ശക്തമായി അപലപിച്ചു. സംഭവത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും കത്തോലിക്കാ സഭ മുഴുവനും വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തിയെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംമ്പാര്‍ദി 29ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പ്രസ്താവിച്ചു.
അക്രമം അവസാനിപ്പിക്കണെന്ന് പരിശുദ്ധ സിംഹാസനം ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. സംവാദത്തിന്‍റേയും അനുരഞ്ജനത്തിന്‍റേയും പാതയിലൂടെ അക്രമത്തിന് അറുതിവരുത്താന്‍ ഇരു വിഭാഗവും അന്താരാഷ്ട്ര സമൂഹവും എല്ലാ മാര്‍ഗ്ഗവും അവലംബിക്കണം. സിറിയന്‍ ജനതയുടെ നന്‍മയ്ക്കുവേണ്ടി വിവിധ മതനേതാക്കളും വിശ്വാസികളും പ്രാര്‍ത്ഥനയും പരസ്പര സഹകരണവും വഴിയായി രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ പരിശ്രമിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ ഫാ.ലൊംബാര്‍ദി അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ , ഹൗള പട്ടണത്തില്‍ നടന്ന കൂട്ടക്കൊലയ്ക്കു പിന്നാലെ ഹമായില്‍ നടന്ന ആക്രമണങ്ങളില്‍ നാല്‍പ്പതിലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഹൗളയിലെ കൂട്ടക്കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സിറിയന്‍ ഭരണകൂടത്തിനാണെന്ന് യു.എന്‍ നിരീക്ഷക സംഘം ആരോപിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനായി സിറിയിലെത്തിയ യു.എന്‍ - അറബ് ലീഗ് സമാധാന ദൂതന്‍ കോഫി അന്നന്‍ ‘ഗുരുതരമായ പ്രത്യാഘാതമുണ്ടായേക്കാവുന്ന ദുരന്തം’ എന്നാണ് സിറിയയിലെ കൂട്ടക്കൊലയെക്കുറിച്ചു പ്രതികരിച്ചത്. രാജ്യത്ത് അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദുമായി കോഫി അന്നന്‍ കൂടിക്കാഴ്ച്ച നടത്തി.








All the contents on this site are copyrighted ©.