2012-05-29 16:49:57

ദര്‍ശനങ്ങളുടെ ആധികാരികത നിര്‍ണ്ണയിക്കുന്ന നടപടിക്രമത്തിന്‍റെ ഔദ്യോഗിക പരിഭാഷ


29 മെയ് 2012, വത്തിക്കാന്‍
ദര്‍ശനങ്ങളുടേയും വെളിപാടുകളുടേയും ആധികാരികത നിര്‍ണ്ണയിക്കുന്നതിന് സഭാ മേലധികാരികള്‍ പിന്തുടരേണ്ട നടപടിക്രമത്തെ സംബന്ധിച്ച നിയമാവലിയുടെ ഔദ്യോഗിക തര്‍ജ്ജിമകള്‍ വിശ്വാസ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ സംഘം പുറപ്പെടുവിച്ചു. അനിതരസാധാരണമായ പ്രതിഭാസങ്ങളെ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്താന്‍ മെത്രാന്‍മാരെ സഹായിക്കുന്നതാണ് ഈ നിയമാവലിയെന്ന് വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ വില്ലൃം ജോസഫ് ലെവാദ പ്രസ്താവിച്ചു.
ദൈവദാസന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ 1978ല്‍ രൂപീകരിക്കപ്പെട്ട നിയമാവലി ലത്തീന്‍ ഭാഷയിലായിരുന്നു. വൈദീക മേലധ്യക്ഷന്‍മാരുടെ ഉപയോഗത്തിനായി രൂപീകരിക്കപ്പെട്ട ഈ രേഖയുടെ വിവിധ ഭാഗങ്ങള്‍ ലോകത്തിന്‍റെ പലഭാഗത്തും അനൗദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിശ്വാസ കാര്യങ്ങള്‍ക്കുള്ള വത്തിക്കാന്‍ സംഘം പ്രസ്തുത രേഖയുടെ ഔദ്യോഗിക പരിഭാഷകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ് എന്നീ ഭാഷകളിലുളള പരിഭാഷ വത്തിക്കാന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.vatican.va) ലഭ്യമാണ്.









All the contents on this site are copyrighted ©.