2012-05-24 11:20:04

സ്നേഹത്തിന്‍റെ സംസ്ക്കാരം കെട്ടിപ്പടുക്കാന്‍ യുവജനങ്ങള്‍


23 മെയ് 2012, കൊച്ചി
സ്നേഹത്തിന്‍റെ സംസ്ക്കാരം കെട്ടുപ്പടുക്കാന്‍ യുവജനങ്ങളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) ആഹ്വാനം ചെയ്യുന്നു. ഇക്കൊല്ലത്തെ യുവജന ദിനത്തോടനുബന്ധിച്ച് കെ.സി.ബി.സി യുവജന കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഈ ആഹ്വാനം ഉള്ളത്. എപ്പോഴും നമ്മുടെ കര്‍ത്താവിന്‍ ആനന്ദിക്കുവിന്‍ (ഫിലി. 4:4) എന്ന ബൈബിള്‍ വചനമാണ് ഇക്കൊല്ലം യുവജനദിന ആചരണത്തിന്‍റെ പ്രമേയം. നമ്മുടെ ഹൃദയങ്ങള്‍ സന്തോഷത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. നമ്മുടെ അനുദിന ജീവിതത്തില്‍ കര്‍ത്താവു നല്‍കുന്ന സന്തോഷത്തെ അനുഭവിച്ചറിയുവാനും സ്വായത്തമാക്കാനും നമുക്കു സാധിക്കണം. സന്തോഷം വിശ്വാസത്തിന്‍റെ ഫലമാണെന്നും അത് സ്നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും മെത്രാന്‍ സമിതി സന്ദേശത്തില്‍ വിശദീകരിച്ചു. സുഹൃദ് ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും സമൂഹ ബന്ധങ്ങളിലും സ്നേഹത്തിന്‍റെ ഒരു സംസ്ക്കാരം കെട്ടിപ്പടുക്കാന്‍ നമുക്കു സാധിക്കണം. സന്തോഷത്തിന്‍റെ മിഷനറിമാരായിരിക്കണം യുവജനങ്ങള്‍ എന്ന് മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മെത്രാന്‍ സമിതി പ്രബോധിപ്പിച്ചു. വിശ്വാസ പരീശീലനം നേടാനും സഭാ പ്രവര്‍ത്തനങ്ങളില്‍ ഉത്സാഹത്തോടെ പങ്കുചേരാനും യുവജനങ്ങളെ മെത്രാന്‍ സമിതി ക്ഷണിച്ചു. സാമൂഹ്യ തിന്‍മകള്‍ക്കെതിരേ പ്രതികരിച്ചുകൊണ്ട് ക്രിസ്തീയത ആവശ്യപ്പെടുന്ന പരിപൂര്‍ണ്ണതയുടെ പാതയിലേക്കു കടന്നു വരാന്‍ യുവജനങ്ങള്‍ക്കു സാധിക്കട്ടെയെന്ന് കെ.സി.ബി.സി ആശംസിച്ചു.








All the contents on this site are copyrighted ©.