2012-05-24 13:07:38

സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതികള്‍


23 മെയ് 2012, ജനീവ
എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതികള്‍ അനിവാര്യമാണെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി. ചികിത്സയ്ക്കുവേണ്ടി സാമ്പത്തിക ബാധ്യതകള്‍ക്കു വിധേയമാകേണ്ട ദുരവസ്ഥ ജനങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി അഭ്യര്‍ത്ഥിച്ചു. ജനീവയില്‍ നടക്കുന്ന 65ാം അന്താരാഷ്ട്ര ആരോഗ്യ സമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്തുകയായിരുന്നു അദ്ദേഹം. സമ്പന്ന രാജ്യങ്ങളെപ്പോലെ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളും പൊതു ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കുന്നത് സ്വാഗതാര്‍ഹമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ അനിവാര്യമാണ്.

ആരോഗ്യ സംരക്ഷണ രംഗത്ത് പൗര സമൂഹത്തിന്‍റേയും വിവിധ സമുദായങ്ങളുടേയും പിന്തുണ്ണ സുപ്രധാനമാണ്. കത്തോലിക്കാ സഭയും ആതുര ശുശ്രൂഷ രംഗത്തു വിലയേറിയ സംഭാവനകള്‍ നല്‍കുന്നുണ്ട്. 120,000 ആതുര ശുശ്രൂഷാ കേന്ദ്രങ്ങളുള്ള കത്തോലിക്കാ സഭ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന പല രാജ്യങ്ങളിലും സര്‍ക്കാരിന്‍റെ ആരോഗ്യ സുരക്ഷാ പദ്ധതികളിലെ മുഖ്യ പങ്കാളിയാണെന്നും ആര്‍ച്ചു ബിഷപ്പ് ചൂണ്ടിക്കാട്ടി. കത്തോലിക്കാ ആതുര ശുശ്രൂഷകരും ആതുരാലയങ്ങളും നല്‍കുന്ന സേവനങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയും പ്രോത്സാഹനവും നല്‍കാന്‍ സര്‍ക്കാരുകളും അന്താരാഷ്ട്ര സമൂഹവും തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവ ധാര്‍മ്മികതയക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കരുതെന്നും ആര്‍ച്ചു ബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി ആവശ്യപ്പെട്ടു.

മെയ് 21 ന് ജനീവയില്‍ ആരംഭിച്ച അന്താരാഷ്ട്ര ആരോഗ്യ സമ്മേളനം 26ന് സമാപിക്കും.








All the contents on this site are copyrighted ©.